നാല് വര്‍ഷം നീണ്ട ഉപരോധത്തിന് അവസാനം; ഖത്തര്‍ സന്ദര്‍ശിച്ച് മുഹമ്മദ് ബിന്‍ സല്‍മാന്‍

0
260

റിയാദ്: സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എം.ബി.എസ്) ഖത്തര്‍ സന്ദര്‍ശിച്ചു. ഖത്തറിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന നാല് വര്‍ഷത്തോളം നീണ്ട ഉപരോധം അവസാനിപ്പിച്ചതിന് ശേഷമുള്ള സൗദി കിരീടാവകാശിയുടെ ആദ്യ സന്ദര്‍ശനമാണിത്.

ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായാണ് എം.ബി.എസ് ഖത്തര്‍ സന്ദര്‍ശനം നടത്തിയത്. ദോഹയിലെത്തിയ എം.ബി.എസിനെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ താനി സ്വീകരിച്ചു.

പിന്നീട് ഇരു നേതാക്കളും ബുധനാഴ്ച രാത്രി ചര്‍ച്ച നടത്തിയതായുമാണ് റിപ്പോര്‍ട്ട്.

ഖത്തറിന്റെ വിദേശനയങ്ങളിലും ഭീകരവാദപ്രവര്‍ത്തനങ്ങളിലെടുത്ത നിലപാടിലും പ്രതിഷേധിച്ച് 2017 ജൂണിലായിരുന്നു സൗദിയും ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും ഖത്തറിന് മേല്‍ ഉപരോധമേര്‍പ്പെടുത്തിയിരുന്നത്. നയതന്ത്ര ബന്ധങ്ങളും അതിന്റെ ഭാഗമായി അവസാനിപ്പിച്ചിരുന്നു.

ഈ വര്‍ഷം ജനുവരിയിലാണ് സൗദിയടക്കമുള്ള രാജ്യങ്ങള്‍ ഉപരോധം പിന്‍വലിച്ച് നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിച്ചത്. അതിന് ശേഷം സൗദിയും ഈജിപ്തും ഖത്തറില്‍ തങ്ങളുടെ പുതിയ അംബാസിഡര്‍മാരെ നിയമിക്കുകയും ചെയ്തിരുന്നു.

ബഹ്‌റൈന്‍ ഒഴികെയുള്ള രാജ്യങ്ങളുമായി ഖത്തര്‍ യാത്രാപാതകള്‍ പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

2017ല്‍ സൗദി കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷമുള്ള എം.ബി.എസിന്റെ ആദ്യ ഔദ്യോഗിക ഖത്തര്‍ സന്ദര്‍ശനം കൂടിയാണിത്.

ഗള്‍ഫ്-അറബ് രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാനും യു.എ.ഇയും സന്ദര്‍ശിച്ച ശേഷമാണ് എം.ബി.എസ് ഖത്തറിലെത്തിയത്. വൈകാതെ ബഹ്‌റൈനും കുവൈത്തും സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ മാസം അവസാനം ജി.സി.സി രാജ്യങ്ങളുടെ ഉച്ചകോടിയും നടക്കാനിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here