തലശ്ശേരിയിലെ മതവിദ്വേഷ പ്രകടനം; നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
86

തലശ്ശേരി: മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് തലശ്ശേരിയില്‍ പ്രകടനം നടത്തിയ സംഭവത്തില്‍ നാല് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ധര്‍മടം പഞ്ചായത്തിലെ പാലയാട് വാഴയില്‍ ഹൗസില്‍ ഷിജില്‍(30), കണ്ണവം കൊട്ടന്നേല്‍ ഹൗസില്‍ ആര്‍. രഗിത്ത്(26), കണ്ണവം കരിച്ചാല്‍ ഹൗസില്‍ വി.വി. ശരത്(25), മാലൂര്‍ ശിവപുരം ശ്രീജാലയത്തില്‍ ശ്രീരാഗ്(26) എന്നിവരെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നാല് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു.

ഡിസംബര്‍ ഒന്നിനാണ് തലശ്ശേരിയില്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്കിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രവാക്യങ്ങളുയര്‍ത്തിയത്. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയായിരുന്നു റാലി സംഘടിപ്പിച്ചത്. ”അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല” എന്നായിരുന്നു വിവാദമായ മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം.

ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് പിന്നാലെ ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, എസ്.ഡി.പി.ഐ സംഘടനകള്‍ തലശ്ശേരി ടൗണില്‍ മുദ്രാവാക്യം വിളിയുമായി പ്രകടനം നടത്തി. എസ്.ഡി.പി.ഐ പ്രകടനത്തിനിടെ വര്‍ഗീയ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച്, ബി.ജെ.പി പ്രവര്‍ത്തകര്‍ വീണ്ടും പ്രകടനം നടത്തും എന്ന് പ്രഖ്യാപിച്ചു. ഇതോടെ തലശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു.

എന്നാല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിരവധി ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്പടിച്ച് നിന്നത് ആശങ്ക വര്‍ദ്ധിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരം വിടാതിരുന്നത് കലാപത്തിനോ സംഘര്‍ഷത്തിനോ ഉള്ള സാധ്യത നിലനിര്‍ത്തി. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയില്ലെങ്കില്‍ എല്ലാവരേയും അറസ്റ്റ് ചെയ്തു നീക്കുമെന്ന് പൊലീസ് ബി.ജെ.പി നേതാക്കളെ അറിയിച്ചു. തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പൊലീസ് സന്നാഹത്തെ എത്തിച്ച് സുരക്ഷ ശക്തമാക്കിയതിനെ തുടര്‍ന്നാണ് പ്രകടനക്കാര്‍ പിരിഞ്ഞ് പോയത്.

നിരോധനാജ്ഞ ലംഘിച്ച് വെള്ളിയാഴ്ച തലശ്ശേരിയില്‍ പ്രകടനം നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 25 ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രഞ്ജിത്ത്, കെ.പി. സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കളായിരുന്നു ജാഥയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. അതേസമയം തലശ്ശേരിയിലേത് മോര്‍ഫ് ചെയ്യപ്പെട്ട വീഡിയോ ആണെന്നും യഥാര്‍ത്ഥ വീഡിയോ അല്ലെന്നുമാണ് ബി.ജെ.പി നേതാക്കള്‍ വാദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here