എത്ര വിമര്‍ശിച്ചാലും ലീഗിന്റെ മതേതര മുഖം നഷ്ടപ്പെടില്ല; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിഎംഎ സലാം

0
60

ലീഗിനെതിരായ മുഖ്യമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. എത്ര വിമര്‍ശനങ്ങളുന്നയിച്ചാലും ലീഗിന്റെ മതേതര മുഖം നഷ്ടപ്പെടില്ലെന്ന് പിഎംഎ സലാം പറഞ്ഞു. സിപിഐഎമ്മിന്റെ സ്ഥലകാല ബോധം നഷ്ടപ്പെട്ടു, ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാക്കിയത് സിപിഐഎമ്മാണെന്നും പിഎംഎ സലാം ആരോപിച്ചു.

‘വഖഫ് സമ്മേളനം കഴിഞ്ഞ് ഇത്ര ദിവസമായിട്ടും മുഖ്യമന്ത്രി ലീഗിനെതിരെ കൊലവിളി നടത്തുകയാണ്. ഒരു സമ്മേളനം ഇത്രമാത്രം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പ്രകോപിച്ചത് എന്താണെന്നറിയില്ല. വഖഫ് സംരക്ഷണ റാലി മുസ്ലിം സമുദായത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ വേണ്ടിയായിരുന്നു. ആ സമ്മേളനം പ്രതീച്ചതിനുപ്പുറം വിജയമായി.

വഖഫ് വിഷയത്തില്‍ തെറ്റ് ചെയ്‌തെന്ന് സര്‍ക്കാരിന് മനസിലായിട്ടും അവരുടെ ഈഗോ അതിനനുവദിച്ചില്ല. ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്. അവര്‍ക്ക് പോലും ആ വാക്കുകളില്‍ ആത്മാര്‍ത്ഥതയുണ്ടാകില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയും സിപിഐഎമ്മുമായുള്ള ബന്ധം എല്ലാവര്‍ക്കുമറിയവുന്നതാണ്’. പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആരോപണം. തീവ്രവാദികളുടെ കാഴ്ചപ്പാട് മുസ്ലിം ലീഗ് ഏറ്റെടുക്കുകയാണ്. കേരളത്തില്‍ ഇനി വികസനം നടക്കാന്‍ പാടില്ലെന്ന നിഷേധാത്മക നിലപാടിലാണ് പ്രതിപക്ഷം. ജമാഅത്തെ ഇസ്ലാമിയും പ്രതിപക്ഷത്തിനൊപ്പമുണ്ട്. ജമാ അത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമായി മുസ്ലീം ലീഗ് നേരത്തെ ധാരണയുണ്ടാക്കിയിരുന്നു. ഇപ്പോള്‍ അത് മാറി ഈ രണ്ട് സംഘടനകളുടേയും മുദ്രാവാക്യം മുസ്ലീം ലീഗ് ഏറ്റെടുക്കുകയാണ്. മുസ്ലീം ലീഗിന്റെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ആ പാര്‍ട്ടിയിലെ സമാധാന കാംക്ഷികളായവര്‍ രംഗത്ത് വരണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here