ഇന്ന് സന്ദീപിന്‍റെ ജന്മദിനം; പ്രിയ സഖാവിനായി സുനിത സൂക്ഷിച്ച ചുവന്ന കുപ്പായവും ചിതയിലമര്‍ന്നു

0
563

പത്തനംതിട്ട:  ഡിസംബർ നാല്, സുനിതയുടെ പ്രിയ സഖാവ് സന്ദീപിന്റെ ജന്മദിനം. പിറന്നാൾ സമ്മാനം നൽകാൻ  നേരത്തേ തന്നെ സുനിത ഒരു കുപ്പായം വാങ്ങി വച്ചിരുന്നു. ചെങ്കൊടി കൈയ്യിലേന്തിയ പ്രിയതമന് ഏറെ ഇഷ്ടമുള്ളൊരു ചുവന്ന കുപ്പായം. പക്ഷേ പിറന്നാൾ തലേന്ന് സമ്മാനം കരുതി വച്ച സുനിതയുടെ കൈകളിലേക്കെത്തിയത് സന്ദീപിന്റെ ചേതനയറ്റ ശരീരമാണ്. മുപ്പത്തിനാലാം ജന്മദിനത്തിന് ഒരു ദിവസം മുമ്പാണ് തിരുവല്ല പെരിങ്ങര ലോക്കൽ സെക്രട്ടറി(cpim local secretary) പിബി സന്ദീപ്കുമാർ കൊല്ലപ്പെട്ടത്. ഭർത്താവിന് സമ്മാനിക്കാൻ വാങ്ങി വച്ചിരുന്ന വസ്ത്രം മൃതദേഹത്തിനൊപ്പം ചിതയിൽ വച്ച ഭാര്യ സുനിതയുടെ ചിത്രം എല്ലാവരെയും സങ്കടപ്പെടുത്തുന്നതായിരുന്നു.

പിറന്നാള്‍ കുപ്പായം ഇടാൻ കാത്തു നിൽക്കാതെ മടങ്ങിയ ഭർത്താവിന്റെ ഇടനെഞ്ചോട് ചോർത്ത് പുത്തനുടുപ്പും വെച്ചാണ് സുനിത  യാത്രയാക്കിയത്. ആ ഭൗതിക ശരീരത്തിനൊപ്പം ചുവന്ന ഉടുപ്പും സുനിതയുടെ സ്വപ്നനങ്ങളും എരിഞ്ഞമർന്നു. മരണത്തിനു തൊട്ടു മുൻപു വരെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലായിരുന്നു സന്ദീപ്. കാണാതായ പെൺകുട്ടിയെ  കണ്ടെത്തുന്നതിനു ബന്ധുക്കൾക്കൊപ്പം പെരിങ്ങര പൊലീസ് സ്റ്റേഷനിലായിരുന്നു വൈകിട്ട് ആറുവരെ. തിരക്കുകൾ  ഒതുക്കി സായാഹ്നങ്ങൾ ചെലവിടുന്ന ആഞ്ഞിലിപ്പറമ്പ് പാടത്തിനു നടുവിലെ കലുങ്കിൽ പതിവു പോലെ എത്തിയപ്പോഴാണ് കൊലയാളികള്‍ സന്ദീപിനെ തേടിയെത്തിയത്.

cpm peringara local secretary sandeep kumar birthday story

സ്വന്തം കുടുബത്തിനൊപ്പം നാടിനും നാട്ടുകാർക്കും സ്നേഹവും കരുതലും കാത്തുവച്ചിരുന്ന ഹൃദയത്തിലാണ് അവര്‍ ആഴത്തിൽ കഠാര കുത്തിയിറക്കി. ഇതൊന്നുമറിയാതെ, ചുറ്റും നടക്കുന്നത് എന്താണെന്ന് തിരിച്ചറിയാതെ അച്ഛന്റെ മുഖം പോലും ഓർത്തെടുക്കാൻ കഴിയാത്ത പ്രയത്തിൽ രണ്ട് കുഞ്ഞുങ്ങള്‍ ചാത്തങ്കരിയിലെ വീട്ടിൽ കാത്തിരിക്കുന്നുണ്ട്. മൂത്തയാൾക്ക് രണ്ട് വയസും ഇളയാൾക്ക് രണ്ടരമാസവുമാണ് പ്രായം. ഇളയകുഞ്ഞിന്റെ പ്രസവത്തെ തുടർന്ന് ചങ്ങനാശ്ശേരിയിലെ വീട്ടിലായിരുന്നു സുനിത. അവസാന നിമിഷങ്ങളിൽ ഭർത്താവിനെ ഒന്ന് കാണാൻ പോലും കഴിയാതെ സുനിത, തന്‍റെ കുഞ്ഞുങ്ങളെ പൊതിഞ്ഞു പിടിച്ച് ഒരു സങ്കടക്കടലായി ചാത്തങ്കരിയിലെ വീട്ടിലുണ്ട്. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളെയും കൊണ്ടാണ് സുനിതയുടെ ഇനിയുള്ള ജീവിത യാത്ര. ജീവിതാവസാനം വരെ താങ്ങായും തണലായും ഒപ്പുണ്ടാവുമെന്ന പാര്‍ട്ടിയുടെ ഉറപ്പാണ് സുനിതയുടെ ജീവിത യാത്രയ്ക്ക് കരുത്തേകുന്നത്.

അതേസമയം സന്ദീപ് കൊല്ലപ്പെട്ട കേസിലെ പ്രതികൾ ബിജെപി പ്രവർത്തകരാണെന്ന് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു. പ്രതികൾക്ക് സന്ദീപിനോടുള്ള മുൻ വൈരാഗ്യ മൂലം കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെയാണ് കൃത്യം നിർവഹിച്ചതെന്നും എഫ്ആആറില്‍ പറയുന്നു. ഡിസംബര്‍ രണ്ടാം തീയതി രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിൽ വയലിൽ വച്ച് സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. സന്ദീപിന്‍റെ നെ‌ഞ്ചിൽ ഒമ്പത് വെട്ടേറ്റിരുന്നു.  അക്രമികൾ ഉടൻ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും അന്ന് രാത്രിയോടെ തന്നെ നാല് പേർ പിടിയിലായി  ജിഷ്ണു രഘു, നന്ദു, പ്രമോദ്,  മുഹമ്മദ് ഫൈസൽ, അഭി എന്നിവരാണ് കേസിലെ പ്രതികൾ. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റാണ് മുഖ്യപ്രതി ജിഷ്ണു രഘു.

cpm peringara local secretary sandeep kumar birthday story

LEAVE A REPLY

Please enter your comment!
Please enter your name here