ഇന്നുമുതൽ എല്ലാ ദിവസവും കോവിഡ് വാക്സീൻ ലഭ്യമാകും

0
231

കാസർകോട് ∙ ഇന്നുമുതൽ എല്ലാ ദിവസവും കോവിഡ് വാക്സീൻ ലഭ്യമാകും. രണ്ടാം ഡോസ് വാക്സിനേഷൻ ഊർജിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കോവിൻ പോർട്ടലിൽ എല്ലാ ദിവസവും സ്ലോട്ട് ലഭ്യമാകുമെന്ന് വാക്സീൻ വിതരണത്തിന്റെ ചുമതലയുടെ നോഡൽ ഓഫിസർ ഡോ.മുരളീധരൻ നെല്ലൂരായ പറഞ്ഞു. വാക്സീൻ വിതരണം കൂടുതൽ കേന്ദ്രങ്ങളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ക്രമീകരണം കൂടി കണക്കിലെടുത്താകും കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്തുക.

കഴിഞ്ഞ ആഴ്ചകളിൽ തിങ്കൾ, വ്യാഴം , ശനി ദിവസങ്ങളിൽ മാത്രമേ കോവിഡ് വാക്സിനേഷൻ ഉണ്ടായിരിക്കൂ എന്ന് ആശുപത്രികളിൽ അറിയിപ്പ് സ്ഥാപിച്ചിരുന്നു. ഞായറാഴ്ചകളിലും വാക്സിനേഷനില്ലായിരുന്നു. ഇത് ആശുപത്രികളിൽ ഈ ദിവസങ്ങളിൽ തിരക്കിനു കാരണമായിരുന്നു. രണ്ടാം ഡോസ് വാക്സിനേഷൻ തുടക്കത്തിലെ പോലെ ഊർജിതമായി നടക്കുന്നില്ലെന്നും വിമർശനമുയർന്നിരുന്നു. എന്നാൽ തിരക്കിൽ വലിയ കുറവുണ്ടായതിനെ തുടർന്നാണ് വാക്സിനേഷൻ ദിവസങ്ങൾ പരിമിതപ്പെടുത്തിയതെന്നാണ് അധികൃതരുടെ വാദം.

ഈ മാസം തുടക്കത്തിലെ കണക്കുകൾ പ്രകാരം രണ്ടാം ഡോസ് വാക്സീൻ 58.6 % പേർ മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. ഈ സാഹചര്യത്തിൽ കൂടുതൽ പേരെ വാക്‌സിനേഷനു സന്നദ്ധരാക്കാൻ ഐഇസി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്ന് കലക്ടർ അറിയിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള യാത്രയ്ക്കും മറ്റും 2 ഡോസ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമാണ്. അല്ലെങ്കിൽ തുടർച്ചയായി ആർടിപിസിആർ പരിശോധന നടത്തേണ്ട സാഹചര്യമുണ്ടായിരുന്നു. എല്ലാ ദിവസവും സർക്കാർ കേന്ദ്രങ്ങളിൽ വാക്സീൻ വിതരണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കോവിൻ പോർ‍ട്ടലിലെ കണക്കുകൾ പ്രകാരം 6,76,707 പേരാണ് ജില്ലയിൽ 2 ഡോസ് വാക്സീൻ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here