ഇന്ത്യയില്‍ മൂന്ന് ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതില്‍ ഒരെണ്ണം കേരളത്തില്‍ തുടങ്ങുമെന്ന് യു.എ.ഇ ഉറപ്പുനല്‍കി: മുഖ്യമന്ത്രി

0
269

തിരുവനന്തപുരം: കേരളത്തില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാര്‍ക്ക് ആരംഭിക്കുമെന്ന് യു.എ.ഇ ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇന്ത്യയില്‍ മൂന്ന് ബൃഹദ് ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കാനാണ് യു.എ.ഇ ഗവണ്മന്റ് ലക്ഷ്യമിടുന്നത്. അതില്‍ ഒരെണ്ണം കേരളത്തില്‍ തുടങ്ങണമെന്ന അഭ്യര്‍ത്ഥന ഇന്നു നടന്ന കൂടിക്കാഴ്ചയില്‍ യു.എ.ഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അല്‍ സെയൂദി സ്വീകരിച്ചു. വിശാദാംശങ്ങള്‍ ടെക്‌നിക്കല്‍ ടീമുമായി ചര്‍ച്ചചെയ്യുമെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ സാമ്പത്തിക മേഖലയില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ ബൃഹത്തായ ഈ പദ്ധതി ഉതകുമെന്നതില്‍ സംശയമില്ല. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യപുരോഗതിയ്ക്കും യു.എ.ഇ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് ഹൃദയപൂര്‍വ്വം നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദുബായ് എക്സ്പോയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയെ യു.എ.ഇ ഗവണ്‍മെന്റിനു വേണ്ടി ഡോ. താനി അഹമ്മദ് ക്ഷണിക്കുകയും ചെയ്തു. 2022 ഫെബ്രുവരിയില്‍ എക്സ്പോയ്ക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തെ അറിയിച്ചു.

ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ ഡോ. അഹമ്മദ് അബ്ദുള്‍ റഹ്മാന്‍ അല്‍ ബന്നയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.എ. യൂസഫലിയും കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു. തിരുവനന്തപുരത്ത് ലുലുഗ്രൂപ്പിന്റെ മാള്‍ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു യു.എ.ഇ മന്ത്രിയും അംബാസഡറും.

LEAVE A REPLY

Please enter your comment!
Please enter your name here