ഇതുതാൻ കേരള പൊലീസ്: മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എ ടി എം കാർഡിൽ നിന്നും പണം തട്ടി, ഒടുവിൽ പണിയും പോയി

0
90

കണ്ണൂർ: മോഷണ കേസ് പ്രതിയുടെ സഹോദരിയുടെ എ ടി എം കാർഡിൽ നിന്ന് പണം തട്ടിയെടുത്ത സംഭവത്തിൽ പൊലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഇ എൻ ശ്രീകാന്തിനെതിരെയാണ് നടപടി. അരലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തതായി കണ്ടെത്തിയിരുന്നു.

എ ടി എം കാർഡ് മോഷ്ടിച്ചുവെന്ന കേസിൽ ഗോകുൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും സഹോദരിയുടെ എ ടി എം കാർഡും കണ്ടെടുത്തിരുന്നു. ഈ കാർഡ് കൈക്കലാക്കിയ ശ്രീകാന്ത് അന്വേഷണത്തിന്റെ ഭാഗമാണെന്ന പേരിൽ ഗോകുലിന്റെ സഹോദരിയിൽ നിന്നും പിൻ നമ്പർ സ്വന്തമാക്കുകയും 9500 രൂപ പിൻവലിക്കുകയും ചെയ്തു. ബാക്കി തുക കൊണ്ട് സാധനങ്ങൾ വാങ്ങിയതായും കണ്ടെത്തി.

പണം നഷ്ടമായെന്ന് കണ്ടെത്തിയ സഹോദരി തളിപ്പറമ്പ് ഡി വൈ എസ് പിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശ്രീകാന്തിനെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണം തുടരുന്നതിനിടെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ച് കേസ് പിൻവലിച്ചെങ്കിലും ശ്രീകാന്തിനെതിരായ വകുപ്പുതല നടപടി നിലനിൽക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നതിനെ തുടർന്നാണ് സർവീസിൽ നിന്നും പിരിച്ചുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here