Tuesday, January 18, 2022

‘അത് വീട്ടമ്മയെയും മകളെയും ആത്മഹത്യയിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമം’; വൈറൽ വിഡിയോയിൽ വിശദീകരണവുമായി കെ-റെയിൽ

Must Read

കെ റെയിലിനു കല്ലിടുന്നതിനായി വീടിൻ്റെ വാതിൽ ചവിട്ടിപ്പൊളിക്കാനുള്ള ശ്രമം എന്ന പേരിൽ പ്രചരിക്കപ്പെട്ട വിഡിയോയെ തള്ളി അധികൃതർ. അത് കല്ലിടുന്നതിനുള്ള ശ്രമമായിരുന്നില്ലെന്നും ആത്മഹത്യാ ഭീഷണി മുഴക്കിയ വീട്ടമ്മയേയും മകളേയും രക്ഷിക്കാൻ നാട്ടുകാർ നടത്തിയ ശ്രമമായിരുന്നു എന്നും കെ-റെയിൽ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

കെ-റെയിൽ ഫേസ്ബുക്ക് പോസ്റ്റ്:

വീട്ടമ്മയെ രക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം കെ-റെയിലിന്റെ ക്രൂരതയാക്കി
ആത്മഹത്യാ ഭീഷണി മുഴക്കിയ വീട്ടമ്മയേയും മകളേയും രക്ഷിക്കാൻ നാട്ടുകാർ നടത്തിയ ശ്രമം കെ-റെയിൽ ജീവനക്കാരുടെ ക്രൂരതയായി ചിത്രീകരിക്കുന്ന ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതായി ശ്രദ്ധയിൽപെട്ടു. കൊല്ലം ജില്ലയിലെ തഴുത്തല വില്ലേജിൽ ഡിസംബർ 20ന് നടന്ന സംഭവമാണ് കേരള റെയിൽ ഡവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡിനും അതിന്റെ ജീവനക്കാർക്കുമെതിരെ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വിധത്തിൽ പ്രചരിപ്പിക്കുന്നത്.

കെ-റെയിൽ ഉദ്യോഗസ്ഥർ നിർദിഷ്ട സിൽവർലൈൻ അർധ അതിവേഗ റെയിൽപ്പാതയുടെ അതരിടയാള കല്ലുകൾ സ്ഥാപിക്കാൻ എത്തിയതായിരുന്നു. പ്രസ്തുത വീടിന്റെ ഉടമയായ സ്ത്രീയും മകളും കല്ലിടുന്നതിനെ എതിർത്തുവെങ്കിലും പോലീസ് സംരക്ഷണത്തിൽ ഉദ്യോഗസ്ഥർ കല്ലിടൽ കർമം പൂർത്തിയാക്കി.

തുടർന്ന്, തൊട്ടടുത്ത വീട്ടിൽ കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ വീട്ടുടമയും കുടുംബവും അകത്തു കടക്കാൻ അനുവദിച്ചില്ല. പെട്രോളൊഴിച്ചു ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയ അദ്ദേഹത്തെയും കുടുംബത്തേയും പോലീസും നാട്ടുകാരും ചേർന്നു പിന്തിരിപ്പിക്കുകയായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ഡപ്യൂട്ടി കലക്ടറും തഹസിൽദാറും സ്ഥലം ഉടമകളുമായി അനുരഞ്ജന ചർച്ച നടത്തുന്നതിനിടെ, നേരത്തെ കല്ലിട്ട വീടിന്റെ ഉടമയായ സ്ത്രീയും മകളും ആത്മഹത്യാ ഭീഷണി മുഴക്കി അവരുടെ വീട്ടിലേക്ക് ഓടിക്കയറി വാതിൽ അടച്ചു. ഏറെ പണിപ്പെട്ടാണ് പോലീസും നാട്ടുകാരും അവരെ ആത്മഹത്യാ ശ്രമത്തിൽനിന്നു പിന്തിരിപ്പിച്ചത്.

എത്ര നിർബന്ധിച്ചിട്ടും വാതിൽ തുറക്കാൻ വീട്ടുടമസ്ഥയും മകളും വിസമ്മതിച്ചപ്പോൾ പോലീസിന്റെ സാന്നിധ്യത്തിൽ നാട്ടുകാർ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു. ബഹളത്തിനിടെ അവർ സ്വയം വാതിൽ തുറന്നു പുറത്തുവന്നു. വാതിൽ തുറക്കാനുള്ള നാട്ടുകാരുടെ ശ്രമമാണ് വീടിനകത്ത് കല്ലിടാൻ കെ-റെയിൽ ജീവനക്കാർ വാതിൽ തകർക്കാൻ ശ്രമിക്കുന്നുവെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെടുന്നത്.

സിൽവർലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായുള്ള സാമൂഹിക ആഘാത പഠനം നടത്തുന്നതിനാണ് ഇപ്പോൾ പദ്ധതി കടന്നു പോകുന്ന പ്രദേശങ്ങളിൽ അതിരടയാള കല്ലിടൽ നടക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കല്ലിടൽ നടക്കുന്നത്. 2013ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ട്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ നിയമം അനുസരിച്ച് ഏറ്റെടുക്കൽ മൂലമുണ്ടാകുന്ന ആഘാതങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ, കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സെക്രട്ടറിയേറ്റില്‍ കൊവിഡ് വ്യാപനം; മന്ത്രി ശിവന്‍കുട്ടിക്ക് കൊവിഡ്

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില തൃപ്തികരമെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. അതേസമയം, കൊവിഡ്...

More Articles Like This