നപ്രിയ മെസേജിങ് സേവനമായ വാട്സാപ് പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളുമാണ് ഓരോ പതിപ്പിലും പരീക്ഷിക്കുന്നത്. വരാനിരിക്കുന്ന പതിപ്പുകളിലും നിരവധി ഫീച്ചറുകൾ പ്രതീക്ഷിക്കാം. ഗ്രൂപ്പ് അഡ്മിനുകൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ ഫീച്ചറുകളിലൊന്ന്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഗ്രൂപ്പിലെ എല്ലാവരുടെയും മെസേജുകൾ ഒരാൾക്കും കാണാനാകാത്ത രീതിയിൽ ഡിലീറ്റ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിനുകൾക്ക് സാധിച്ചേക്കും.

നിലവിൽ ഗ്രൂപ്പിൽ ഒരു മെസേജ് പോസ്റ്റ് ചെയ്താൽ ആ വ്യക്തിക്ക് മാത്രമാണ് ഗ്രൂപ്പിലെ എല്ലാവർക്കും കാണാത്ത രീതിയിൽ ഡിലീറ്റ് ചെയ്യാനാകുക. എന്നാൽ, ഇനി മുതൽ ആ ജോലി ഗ്രൂപ്പ് അഡ്മിനുകൾക്ക് ചെയ്യാനാകും. ഇതു വഴി വലിയൊരു തലവേദന ഒഴിവാക്കാനും സാധിക്കും. മിക്കവരും അറിയാതെ എന്തെങ്കിലും പോസ്റ്റ് ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ മെസേജുകൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിന് സാധിക്കും. ഗ്രൂപ്പ് അഡ്മിൻ കണ്ടില്ലെങ്കിലും വിളിച്ച് അറിയിച്ചും പോസ്റ്റ് നീക്കം ചെയ്യിപ്പിക്കാം.

വാബീറ്റാഇൻഫോ യുടെ റിപ്പോർട്ടുകൾ പ്രകാരം വാട്സാപ്പിന്റെ പുതിയ 2.22.1.1 പതിപ്പിൽ ഇത് ലഭ്യമാകും. സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുമ്പോൾ ‘അത് അഡ്‌മിൻ നീക്കം ചെയ്‌തതാണ്’ എന്ന സന്ദേശം ഗ്രൂപ്പിൽ കാണിക്കുകയും ചെയ്യും. ഒരു ഗ്രൂപ്പിൽ എത്ര അഡ്മിൻമാർ ഉണ്ടായാലും എല്ലാവർക്കും സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള അവകാശം ഉണ്ടായിരിക്കും. അതേസമയം, പുതിയ ഫീച്ചറിന്റെ ടെസ്റ്റിങ് തുടങ്ങിയിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഈ ഫീച്ചർ വന്നാൽ അശ്ലീലമോ ആക്ഷേപകരമോ ആയ സന്ദേശങ്ങൾ ഇല്ലാതാക്കാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് എളുപ്പമായിരിക്കും. ഗ്രൂപ്പിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമായ സന്ദേശങ്ങൾ നീക്കം ചെയ്യാനും ഇത് അഡ്മിൻമാരെ സഹായിക്കും. ‘ ഡിലീറ്റ് ഫോർ ഓൾ’ ഫീച്ചറിന്റെ സമയപരിധി നീട്ടാനുള്ള സാധ്യതയെക്കുറിച്ച് കുറച്ച് ദിവസങ്ങൾക്ക് മുൻപ് റിപ്പോർട്ട് വന്നിരുന്നു. നിലവിൽ ഒരു മണിക്കൂറും എട്ട് മിനിറ്റും പതിനാറ് സെക്കൻഡുമാണിത്. ഇതിന്റെ സമയപരിധി ഏഴ് ദിവസം വരെ നീട്ടാനാണ് നീക്കം നടക്കുന്നത്. ഭാവിയിലെ ഒരു അപ്‌ഡേറ്റിൽ സമയപരിധി ഏഴ് ദിവസവും എട്ട് മിനിറ്റുമായി മാറ്റാൻ വാട്സാപ് നീക്കം നടത്തുന്നതായി വാബീറ്റാഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു.