5 ദിവസം സംസ്ഥാനത്ത് ശക്തമായ മഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
243

തിരുവനന്തപുരം ∙ അഞ്ച് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിച്ചേക്കും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ടുമുണ്ട്.

വരും ദിവസങ്ങളിൽ യെലോ അലർട്ടുള്ള ജില്ലകൾ

12/11/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്.

13/11/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം

14/11/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കാസർകോട്

15/11/2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെയുള്ള മഴ ലഭിച്ചേക്കും. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ യെലോ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം കഴിഞ്ഞ ആറ് മണിക്കൂറായി നാല് കി.മീ വേഗതയിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ചെന്നൈയിൽനിന്ന് 130 കി.മീ കിഴക്കു-തെക്കുകിഴക്കായും പുതുച്ചേരിയിൽനിന്ന് 150 കി.മീ കിഴക്ക്- വടക്കുകിഴക്കായുമാണ് സ്ഥിതി ചെയ്യുന്നത്. തീവ്ര ന്യൂനമർദം വൈകിട്ടോടെ വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രപ്രദേശ് തീരത്ത് കാരയ്ക്കലിനും ശ്രീഹരിക്കോട്ടയ്ക്കും ഇടയിൽ ചെന്നൈയ്ക്ക് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച, വടക്ക് തമിഴ്‌നാട് തീരം, തെക്ക് തമിഴ്‌നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here