സർക്കാരുദ്യോഗസ്ഥരുടെ വീട്ടിൽ ലക്ഷങ്ങളുടെ കറൻസി, സ്വർണബിസ്കറ്റുകൾ, പുരാവസ്തുക്കൾ: റെയ്ഡിൽ ഞെട്ടി കർണാടക

0
258

ബെംഗളൂരു:  പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറുടെ (PWD Engineer) വീട്ടിലെ പൈപ്പിൽ നിന്ന് പണവും സ്വർണവും കണ്ടെത്തിയതിന് പിന്നാലെ കർണാടകയിലുടനീളം (karnataka) അഴിമതി വിരുദ്ധ ബ്യൂറോയുടെ (Anti corruption bureau) പരിശോധന. സർക്കാർ ജീവനക്കാരുടെ വസതികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ഇതുവരെ പിടിച്ചെടുത്തത്. ഷിമോഗയിൽ പൊലീസ് ഉദ്യോഗസ്ഥൻറെ വീട്ടിൽ നിന്ന് അപൂർവ ഇനം വിളക്കുകളും റവന്യൂ ഉദ്യോഗസ്ഥയുടെ വസതിയിൽ നിന്ന് സ്വർണബിസ്ക്കറ്റും കണ്ടെത്തി. സർക്കാർ ഡോക്ടർമാരുടെ വീടുകളിലും പരിശോധന നടന്നു.

പരിശോധന ഭയന്ന് ചുമരിലെ പൈപ്പിൽ പണവും  സ്വർണവും സൂക്ഷിച്ച പിഡ്ബ്ല്യൂഡി എൻഞ്ചിനീയർ ശാന്തന ഗൗണ്ടറിലേക്കുള്ള അന്വേഷണം മറ്റ് ജീവനക്കാരിലേക്കും നീണ്ടു. അനധികൃതമായി സൂക്ഷിച്ച ലക്ഷകണക്കിന് രൂപയും സ്വർണവും വിലപിടിപ്പുള്ള വസ്തുക്കളുമാണ് സർക്കാർ ജീവനക്കാരുടെ വസതികളിൽ നിന്ന് പിടിച്ചെടുത്തത്. ഷിമോഗയിലെ പൊലീസ് കോൺസ്റ്റബിൾ നരസിംഹയുടെ വീട്ടിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന അപൂർവ ഇനം വിളക്കുകൾ കണ്ടെടുത്തു. ഇയാളുടെ വീട്ടിലെ സീലിങ്ങിൽ ഒളിപ്പിച്ചിരുന്ന 14 ലക്ഷം രൂപയും പിടിച്ചെടുത്തു.

മാണ്ഡ്യയിലെ മോട്ടോർ വാഹന ഇൻസ്പെക്ടർ സദാശിവയുടെ പേരിലുണ്ടായിരുന്ന ആറ് കാറുകൾ പിടിച്ചെടുത്തു. ബെളഗാവിയിലെ വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഹീരാജി പാട്ടീലിൻറെ വീട്ടിലെ ശുചിമുറിയിൽ ഒളിപ്പിച്ചിരുന്നത് 45 ലക്ഷം രൂപയാണ്.  റവന്യൂ ഇൻസ്പെക്ടർ ലക്ഷ്മി സിംഹയുടെ വീട്ടിലെ ലോക്കറിൽ നിന്ന് സ്വർണബിസ്ക്കറ്റുകളാണ്  കണ്ടെടുത്തത്. ഒരേസമയം 72 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. ബംഗ്ലൂരുവിലടക്കം ഏഴ് സർക്കാർ ഡോക്ടർമാരുടെ വീടുകളിലും ക്ലിനിക്കിലും നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടികൂടി. കർണാടക വികസന അതോറിറ്റിയിൽ മാത്രം 550 കോടിയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിലെ കോടികളുടെ അഴിമതിയിൽ ജീവനകാർക്കും കരാറുകാർക്കും പുറമേ രാഷ്ട്രീയ നേതാക്കളുടെ പങ്കും പരിശോധിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here