സഞ്ജിത്ത് കൊലപാതകം: പോപ്പുല‍ർ ഫ്രണ്ട് ഭാരവാഹിയടക്കം അറസ്റ്റിൽ, അന്വേഷണം സംസ്ഥാന വ്യാപകം

0
345

പാലക്കാട്: പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ (Rss worker murder) കൊലപ്പെടുത്തിയ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളായ പോപ്പുലര്‍ ഫ്രണ്ട് ( Popular Front ) ഭാരവാഹി ഇന്നലെ രാത്രിയോടെ പിടിയിലായിരുന്നു. തിരിച്ചറിയൽ പരേഡ് (Identification parade) അടക്കം നടത്താനുള്ളതിനാൽ പ്രതിയുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്ന് പൊലീസ് (Kerala Police) പറഞ്ഞു. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. കേസിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള നാലു പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരുടെ അറസ്റ്റ് ഇന്ന് ഉണ്ടാവാനാണ് സാധ്യത.

അതേസമയം സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ആദ്യം അറസ്റ്റിലായ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് സമർപ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പാലക്കാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. തെളിവെടുപ്പിനുശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിരുന്നു. കൃത്യം നടക്കുമ്പോൾ വാഹനം ഓടിച്ചിരുന്ന വ്യക്തിയാണ് ഇയാൾ.

ഇക്കഴിഞ്ഞ 15ാം തിയതി തിങ്കളാഴ്ചയാണ് സഞ്ജിത്തിന്‍റെ കൊലപാതകം നടന്നത്. ഭാര്യയുമായി ബൈക്കിൽ വരുമ്പോള്‍ തടഞ്ഞ് നിർത്തി വെട്ടിവീഴ്ത്തുകയായിരുന്നു. സഞ്ജിത്തിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി എസ്‍ഡിപിഐ പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here