വെള്ളിയാഴ്ച മുതൽ മൊബൈൽ നിരക്കുകൾ കുത്തനെ കൂടും, താരിഫ് വർധന പ്രഖ്യാപിച്ച് എയർടെൽ

0
334

രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം മൊബൈൽ നിരക്കുകൾ വർധിപ്പിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻനിര ടെലികോം കമ്പനിയായ എയർടെൽ ഇതിനകം തന്നെ താരിഫ് വർധന പ്രഖ്യാപിച്ചു. നവംബർ 26ന് വെള്ളിയാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

∙ നിരക്ക് കൂട്ടിയത് ആളോഹരി വരുമാനം വർധിപ്പിക്കാൻ

പ്രീപെയ്ഡ് പ്ലാനുകളുടെ താരിഫ് വർധനയാണ് തിങ്കളാഴ്ച എയർടെൽ പ്രഖ്യാപിച്ചത്. പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾക്ക് മാറ്റം വരുത്തിയ ആനുകൂല്യങ്ങളോടെ 500 രൂപ വരെ നൽകേണ്ടിവരും. നവീകരിച്ച പ്രീപെയ്ഡ് പ്ലാനുകളൊന്നും 3 ജിബി പ്രതിദിന ഡേറ്റ നൽകുന്നില്ല. വിപണിയിൽ പിടിച്ചുനിൽക്കാൻ ലക്ഷ്യമിട്ട് ആളോഹരി വരുമാനം (ARPU) ഉയർത്താനാണ് മിക്ക കമ്പനികളും ശ്രമിക്കുന്നത്. വരിക്കാരിൽ നിന്നുള്ള ശരാശരി വരുമാനം 200 രൂപയും പിന്നാലെ 300 രൂപയിലേക്കും എത്തിക്കാനാണ് എയർടെൽ ലക്ഷ്യമിടുന്നത്. ആവശ്യത്തിന് നെറ്റ്‌വർക്കുകൾ ലഭ്യമാക്കാനും സ്‌പെക്‌ട്രത്തിനും ആവശ്യമായ വലിയ നിക്ഷേപം ആർപു വർധിപ്പിക്കുന്നതിലൂടെ കണ്ടെത്താനാണ് നീക്കം. കൂടാതെ, ഈ വർധനവ് എയർടെല്ലിന് രാജ്യത്ത് 5ജി അവതരിപ്പിക്കാൻ സഹായിച്ചേക്കുമെന്നാണ് കരുതുന്നത്.

∙ 79 രൂപയുടെ പ്ലാനിന് 99 രൂപ

എയർടെൽ താരിഫ് വർധന വോയിസ് കോൾ പ്ലാനായ 79 രൂപ മുതലുള്ള പ്ലാനുകളെ ബാധിക്കും. 79 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 99 രൂപ നൽകണം. ഇത് 50 ശതമാനം കൂടുതൽ ടോക്ക്ടൈമും 200 എംബി ഡേറ്റയും സെക്കൻഡിന് 1 പൈസ വോയ്‌സ് താരിഫും ഓഫർ ചെയ്യുന്നു. 149 രൂപയുടെ പ്ലാൻ 179 രൂപയായി ഉയർത്തി. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, 2 ജിബി ഡേറ്റ എന്നിവയ്‌ക്കൊപ്പം 28 ദിവസത്തെ വാലിഡിറ്റി നൽകുന്നതാണ് പുതിയ 179 രൂപ പ്ലാൻ.

∙ 298 രൂപയുടെ പ്ലാനിന് 359 രൂപ

219 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 265 രൂപയായി ഉയർത്തി. ഈ പ്ലാനിൽ പ്രതിദിനം 1 ജിബി ഡേറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കും. 249 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 299 രൂപയായി വർധിപ്പിച്ചു. 1.5 ജിബി പ്രതിദിന ഡേറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുക. 298 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 359 രൂപയായി ഉയർത്തി. ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഡേറ്റയും ദിവസം 100 എസ്എംഎസും അൺലിമിറ്റഡ് കോളിങും വാഗ്ദാനം ചെയ്യുന്നു.

∙ 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 479 രൂപ

56 ദിവസത്തെ കാലാവധിയുള്ള 399 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് ഇനി 479 രൂപ നൽകണം. അൺലിമിറ്റഡ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡേറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ. 449 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 549 രൂപയായി വർധിപ്പിച്ചു. 56 ദിവസത്തെ കാലാവധി, 2 ജിബി പ്രതിദിന ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് കോളുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാൻ.

∙ 698 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 839 രൂപ

379 രൂപ, 598 രൂപ, 698 രൂപ വിലയുള്ള 84 ദിവസത്തെ വാലിഡിറ്റി പ്ലാനുകൾ യഥാക്രമം 455 രൂപ, 719 രൂപ, 839 രൂപ എന്നിങ്ങനെ വർധിപ്പിച്ചിട്ടുണ്ട്. ഈ പ്ലാനുകൾക്കെല്ലാം അൺലിമിറ്റഡ് കോളുകളും 100 എസ്എംഎസുകളും ലഭിക്കും. പ്ലാനുകൾ യഥാക്രമം 6 ജിബി ഡേറ്റ, 1.5 ജിബി പ്രതിദിന ഡേറ്റ, 2 ജിബി പ്രതിദിന ഡേറ്റ എന്നിവ വാഗ്ദാനം ചെയ്യും.

∙  2,498 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന് 2999 രൂപ

ഒരു വർഷത്തെ കാലാവധിയുള്ള 1,498 രൂപ, 2,498 രൂപ പ്ലാനുകൾക്ക് യഥാക്രമം 1799 രൂപയും 2999 രൂപയും നൽകണം. 1799 രൂപയുടെ പ്ലാനിൽ 24 ജിബി ഡേറ്റയും 2498 രൂപയുടെ പ്ലാനിൽ 2 ജിബി പ്രതിദിന ഡേറ്റയും ലഭിക്കും. ഈ പ്ലാനുകൾക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

∙ ടോപ്പ്-അപ്പ് പ്ലാനുകൾക്കും വർധന

48 രൂപ, 98 രൂപ, 251 രൂപ വിലയുള്ള ഡേറ്റ ടോപ്പ്-അപ്പ് പ്ലാനുകൾക്ക് യഥാക്രമം 58 രൂപ, 118 രൂപ, 301 രൂപ എന്നിങ്ങനെയായിരിക്കും വില. ഈ പ്ലാനുകളിൽ യഥാക്രമം 3 ജിബി ഡേറ്റ, 12 ജിബി ഡേറ്റ, 50 ജിബി ഡേറ്റ എന്നിവ ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here