‘വഖഫ് നിയമനം പിഎസ് സിക്ക് വിട്ട നടപടി റദ്ദാക്കണം’, സർക്കാരിനോട് മുസ്ലിം സംഘടനകൾ

0
223

കോഴിക്കോട്: വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ട സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കണമെന്ന് മുസ്ലീം സംഘടനകൾ. കേന്ദ്ര വഖഫ് ആക്ടിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും എതിർപ്പുകൾക്കിടയിലും സർക്കാർ തീരുമാനവുമായി മുന്നോട്ട് പോയാൽ പ്രക്ഷോഭ പരിപാടികളും നിയമ നടപടികളും സ്വീകരിക്കണമെന്നും കോഴിക്കോട്ട് മുസ്ലീം ലീഗ് വിളിച്ച് ചേർത്ത മതസംഘടനകളുടെ യോഗത്തിൽ തീരുമാനമായി.

”മത വിശ്വാസമുള്ളവർ വഖഫ് ബോർഡിൽ വരണമെന്ന് നിർബന്ധമാണ്. സർക്കാർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികളിലേക്ക് പോകും.” നിയമനടപടികളെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നും യോഗത്തിന് ശേഷം നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിക്ക് വിടാൻ വ്യവസ്ഥ ചെയ്യുന്ന ബിൽ കഴിഞ്ഞ ദിവസമാണ് നിയമസഭ പാസാക്കിയത്. ശബ്ദവോട്ടോടെ പാസാക്കിയ ബില്ലിനെ മുസ്ലിം ലീഗ് സഭയിൽ എതിർത്തിരുന്നു. മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും വഖഫ് ബോർഡിൽ നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബിൽ മൂലം ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണ് മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ നിയമസഭയിൽ അറിയിച്ചത്. വഖഫ് ബോര്‍ഡിന്‍റെ ആവശ്യപ്രകാരമാണ് ബില്ല് എന്നും മന്ത്രി സഭയിൽ വിശദീകരിച്ചിരുന്നു.

ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്ന പള്ളികളിലോ മദ്രസകളിലോ  ഉള്ള നിയമനം പിഎസ്സിക്കു കീഴിലാകുന്നില്ല. അഡ‍്മിനിസ്ട്രേറ്റീവ് തസ്തികകളിലെ 112 പേരുടെ നിയമനം മാത്രമാണ് പിഎസ്സിക്ക് വിടുന്നതെന്നും യോഗ്യരായ ആളുകളിൽ നിന്ന് മിടുക്കരെ കണ്ടെത്താനാണ് നിയമനം പിഎസ്സിക്ക് വിടുന്നതെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here