മോര്‍ച്ചറിയിലെ ഫ്രീസറില്‍ കിടന്നത് 7 മണിക്കൂര്‍; മരിച്ചെന്ന് വിധിയെഴുതിയ യുവാവ് ജീവിതത്തിലേക്ക്

0
399

ലഖ്‌നൗ: ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയ യുവാവിന് ഏഴ് മണിക്കൂറിന് ശേഷം ജീവനുണ്ടെന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. വാഹനാപകടത്തില്‍ പരിക്കേറ്റ ശ്രീകേഷ് കുമാര്‍ എന്നയാളാണ് ഏഴുമണിക്കൂറിന് ശേഷം ‘ജീവിത’ത്തിലേക്ക് തിരിച്ചെത്തിയത്.

ഇലക്ട്രീഷ്യനായ ശ്രീകേഷ് കുമാറിനെ വാഹനാപകടത്തില്‍ പരിക്കേറ്റാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പരിശോധന നടത്തിയ ഡോക്ടമാര്‍ യുവാവ് മരിച്ചതായി അറിയിച്ചു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ യുവാവിന്റെ ‘മൃതദേഹം’ മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മാറ്റുകയും ചെയ്തു.

പിറ്റേദിവസം രാവിലെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ടവും നടത്താനായി പോലീസും ബന്ധുക്കളും എത്തിയപ്പോഴാണ് ട്വിസ്റ്റുകള്‍ അരങ്ങേറിയത്. അപ്പോഴേക്കും ഏഴ് മണിക്കൂര്‍ പിന്നിട്ടിരുന്നു. മോര്‍ച്ചറിയില്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ‘മൃതദേഹം’ തിരിച്ചറിയുന്നതിനിടെ ശ്രീകേഷിന്റെ സഹോദരഭാര്യയാണ് യുവാവിന്റെ ചലനങ്ങള്‍ ശ്രദ്ധിച്ചത്. ഉടന്‍തന്നെ ഇവര്‍ ബഹളംവെയ്ക്കുകയും യുവാവ് മരിച്ചിട്ടില്ലെന്ന് വിളിച്ചുപറയുകയും ചെയ്തു. സഹോദരന്‍ ശ്വാസമെടുക്കുന്നതായും യുവതി പറഞ്ഞു. ഇതോടെ പോലീസും ജീവനക്കാരും ഡോക്ടര്‍മാരെ വിവരമറിയിക്കുകയും യുവാവിനെ മോര്‍ച്ചറിയില്‍നിന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയുമായിരുന്നു. നിലവില്‍ മീററ്റിലെ ആശുപത്രിയിലാണ് ശ്രീകേഷ് ചികിത്സയില്‍ കഴിയുന്നത്. യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ബോധം തിരിച്ചുകിട്ടിയിട്ടില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു.

അതേസമയം, ഡോക്ടര്‍മാരുടെ അനാസ്ഥയ്‌ക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. മരിക്കാത്ത യുവാവിനെ ഫ്രീസറിലേക്ക് മാറ്റി ഡോക്ടര്‍മാരാണ് ആരോഗ്യനില വഷളാക്കിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണിതെന്നായിരുന്നു മൊറാദാബാദ് ചീഫ് മെഡിക്കല്‍ സൂപ്രണ്ടിന്റെ പ്രതികരണം. ഇതിനെ ഡോക്ടര്‍മാരുടെ വീഴ്ചയായി കാണാനാകില്ലെന്നും സൂപ്രണ്ടായ ഡോ. ശിവ് സിങ് പറഞ്ഞു.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍ രോഗിയെ പരിശോധിച്ചത്. ആ സമയത്ത് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല. പലതവണ ഡോക്ടര്‍ യുവാവിനെ പരിശോധിച്ചു. തുടര്‍ന്നാണ് മരണം സ്ഥിരീകരിച്ചത്. എന്നാല്‍ രാവിലെ പോലീസും ബന്ധുക്കളും എത്തിയപ്പോള്‍ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നിലവില്‍ യുവാവിന്റെ ജീവന്‍ രക്ഷിക്കാനാണ് മുന്‍ഗണന നല്‍കുന്നതെന്നും മെഡിക്കല്‍ സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here