മൊര്‍ത്തണയില്‍ ഫ്‌ളാറ്റില്‍ കയറി ഭീഷണിപ്പെടുത്തി കാറും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയടക്കം മൂന്നുപേര്‍ ആലുവയില്‍ പിടിയില്‍

0
234

ഹൊസങ്കടി: മൊര്‍ത്തണയില്‍ ഫ്‌ളാറ്റില്‍ കയറി താമസക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മൊബൈല്‍ ഫോണും കാറും കവര്‍ന്ന കേസിലെ പ്രതിയടക്കം മൂന്നുപേരെ ആലുവയില്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയില്‍ തീവണ്ടി യാത്രക്കാരന്റെ പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് മൂന്നംഗ സംഘം പിടിയിലായത്. മൊര്‍ത്തണയിലെ അസ്‌ക്കര്‍ (29), മിയാപദവിലെ വിവേക് (27) എന്നിവരടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. മൂന്നാഴ്ചമുമ്പ് മൊര്‍ത്തണയിലെ കേരള ഹൗസ് ഫ്‌ളാറ്റിലെ താമസക്കാരനും മുട്ടത്തെ ഇസ്ലാമിക് സെന്റര്‍ മാനേജറുമായ ഹുസൈന്‍ ദാരിമിയെ ഭീഷണിപ്പെടുത്തി കാറും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ പ്രതിയാണ് അസ്‌ക്കര്‍. പൊലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് സംഘം കാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.

ഒരാഴ്ചമുമ്പ് ആലുവയില്‍ വെച്ച് തീവണ്ടി യാത്രക്കാരന്റെ പണം അസ്‌ക്കറും മറ്റു രണ്ടുപേരും ചേര്‍ന്ന് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഹുസൈന്‍ ദാരിമിയെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അസ്‌ക്കറിനെ മഞ്ചേശ്വരം പൊലീസ് ആലുവ കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിന് ശേഷം തിരികെ കോടതിയില്‍ ഹാജരാക്കി. മഞ്ചേശ്വരം അഡീ. എസ്.ഐ കെ. ബാലേന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം.

 

LEAVE A REPLY

Please enter your comment!
Please enter your name here