ട്വന്റി-20 ലോകകപ്പ് നിഗൂഢത;ഇന്ത്യയുമായി ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരിക്കാത്ത ടീമിന് കിരീടം നേടാം!

0
291

യിടെ അവസാനിച്ച ട്വന്റി 20 ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടം നേടിയതോടെ വലിയൊരു  നിഗൂഢത ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കുകയാണ്. അതും ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട്. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇതുവരെ കപ്പുയര്‍ത്തിയ എല്ലാ ടീമുമായും ഇന്ത്യയ്ക്ക് ഒരു ബന്ധമുണ്ട്. കേള്‍ക്കുമ്പോള്‍ അവിശ്വസനീയമായി തോന്നുന്ന വലിയൊരു ബന്ധം.

2007-ല്‍ ആരംഭിച്ച ട്വന്റി 20 ലോകകപ്പ് തൊട്ട് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരേ മത്സരിച്ച ഒരു ടീമും ഇതുവരെ കിരീടം നേടിയിട്ടില്ല. 2007 മുതല്‍ ഇക്കാര്യം കൃത്യമായി നടന്നുവരികയാണ്. ഇത്തവണ ഇന്ത്യയുള്‍പ്പെട്ട ഗ്രൂപ്പ് രണ്ടില്‍ നിന്നാണ് ന്യൂസീലന്‍ഡും പാകിസ്താനും സെമിയിലേക്ക് കയറിയത്. പാകിസ്താന്‍ സെമിയിലും ന്യൂസീലന്‍ഡ് ഫൈനലിലും പരാജയപ്പെട്ടു.

2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യതന്നെ ചാമ്പ്യന്മാരായിക്കൊണ്ട് ടൂര്‍ണമെന്റിന് ഗംഭീര തുടക്കം നല്‍കി. പിന്നീട് 2009-ലാണ് ലോകകപ്പ് നടന്നത്. അന്ന് പാകിസ്താനാണ് ചാമ്പ്യന്മാരായത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശ്, അയര്‍ലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ മാറ്റുരച്ചു. ഇതില്‍ ഒരു ടീമിനും ആ വര്‍ഷം കപ്പുയര്‍ത്താനായില്ല.

2010-ലെ ലോകകപ്പില്‍ ഇന്ത്യയുടെ ഗ്രൂപ്പില്‍ അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നീടീമുകള്‍ അണിനിരന്നു. ആ വര്‍ഷം ഇംഗ്ലണ്ടാണ് കിരീടം നേടിയത്.

2012-ലും സ്ഥിതി മറിച്ചായിരുന്നില്ല. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ നിന്നും ലോകകപ്പ് കിരീടം ആരും നേടിയില്ല. അഫ്ഗാനിസ്താന്‍, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണ് ഇന്ത്യയുമായി കൊമ്പുകോര്‍ത്തത്. ആ വര്‍ഷം വെസ്റ്റ് ഇന്‍ഡീസ് കിരീടം സ്വന്തമാക്കി.

2014-ല്‍ ഇന്ത്യയ്‌ക്കൊപ്പം പാകിസ്താന്‍, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകള്‍ മാറ്റുരച്ചു. പക്ഷേ കിരീടം ശ്രീലങ്ക കൊണ്ടുപോയി. 2016-ല്‍ ന്യൂസീലന്‍ഡ്, പാകിസ്താന്‍, ബംഗ്ലാദശ്, ഓസ്‌ട്രേലിയ ടീമുകള്‍ ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പില്‍ അണിനിരന്നു. പക്ഷേ കിരീടം വീണ്ടും വെസ്റ്റ് ഇന്‍ഡീസിലേക്ക് പോയി.

ഇത്തവണ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കാണ് ട്വന്റി 20 ലോകകപ്പ് വേദിയായത്. ടീമുകള്‍ ഉയര്‍ന്നതോടെ ഇത്തവണയെങ്കിലും ഈ നിര്‍ഭാഗ്യത്തിന് മാറ്റം വരുമെന്ന് ടീമുകള്‍ പ്രതീക്ഷിച്ചു. പക്ഷേ ഇന്ത്യയെ കീഴടക്കി ഫൈനലിലേക്ക് മുന്നേറിയ കിവീസിന് അവസാനം അടിതെറ്റി. ഓസ്‌ട്രേലിയയോട് ടീം തോല്‍വി വഴങ്ങി.

അവിശ്വസനീയമെങ്കിലും ഇന്ത്യയുടെ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ഒരു ടീമും ഇതുവരെ ട്വന്റി 20 ലോകകപ്പ് കിരീടമുയര്‍ത്തിയിട്ടില്ല. അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുള്ള ഗ്രൂപ്പില്‍ ഉള്‍പ്പെടാതിരിക്കാനാകും മറ്റ് ടീമുകള്‍ പ്രാര്‍ഥിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here