ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് വിലക്കി: വീട്ടില്‍ നിന്ന് 33 ലക്ഷം രൂപയും 213 പവന്‍ സ്വര്‍ണവുമായി വിദ്യാര്‍ഥി മുങ്ങി; പുതിയ ഫോണില്‍ പഴയ സിം ഇട്ടതോടെ പോലീസ് പൊക്കി

0
312

ചെന്നൈ: ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നത് മാതാപിതാക്കള്‍ വിലക്കിയതോടെ പണവും സ്വര്‍ണവുമായി മുങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി പിടിയില്‍. 33 ലക്ഷം രൂപയും 213 പവന്‍ സ്വര്‍ണവുമാണ് 15 കാരന്‍ വീട്ടില്‍ നിന്ന് കവര്‍ന്നത്.

പുതിയ ഫോണില്‍ പഴയ സിം ഇട്ടതോടെ സൈബര്‍ പോലീസിന്റെ സഹായത്തോടെ ലൊക്കേഷന്‍ തിരിച്ചറിയുകയായിരുന്നു. ശല്യങ്ങളില്ലാതെ ഓണ്‍ലൈന്‍ ഗെയിം കളിക്കുന്നതിന് മാതാപിതാക്കളെ വിട്ട് നേപ്പാളിലേക്ക് കടക്കാനായിരുന്നു 15കാരന്റെ ശ്രമം. കുട്ടി വ്യാഴാഴ്ച രാവിലെ നാലുമണിക്ക് നേപ്പാളിലേക്ക് പുറപ്പെടുന്ന വിമാനടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.

കോണ്‍ട്രാക്ടറായ പിതാവിനും കോളജ് പ്രൊഫസറായ മാതാവിനൊപ്പവുമായിരുന്നു 15കാരന്‍ പഴയ വാഷര്‍മെന്‍പേട്ട് ഏരിയയില്‍ താമസിച്ചിരുന്നത്. ഓണ്‍ലൈന്‍ ഗെയിമിങ്ങായിരുന്നു കൗമാരക്കാരന്റെ പ്രധാന വിനോദം. നിരന്തരം ഗെയിം കളിച്ചതോടെ മാതാപിതാക്കള്‍ എതിര്‍ത്തു. ഇതിനെചൊല്ലി നിരന്തരം വീട്ടില്‍ വഴക്കുണ്ടാവാറുണ്ടെന്നും പോലീസ് പറഞ്ഞു.

ബുധനാഴ്ച പിതാവ് ജോലിക്ക് പോയതിന് പിന്നാലെ സുഹൃത്തിനെ കാണാന്‍ പോകുകയാണെന്ന് അറിയിച്ച് വിദ്യാര്‍ഥി വീടുവിട്ടിറങ്ങുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ബ്യൂറോയില്‍ സൂക്ഷിച്ചിരുന്ന 33 ലക്ഷം രൂപയും 213 പവന്‍ സ്വര്‍ണവും കാണാനില്ലെന്ന് മനസിലാകുകയായിരുന്നു -പോലീസ് ഇന്‍സ്‌പെക്ടര്‍ ഫ്രാന്‍വിന്‍ ഡാനി പറഞ്ഞു.

കുട്ടിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പോലീസ് 15കാരന്റെ അടുത്ത സുഹൃത്തിനെ ചോദ്യം ചെയ്തപ്പോള്‍ നേപ്പാളിലേക്ക് പോകാന്‍ പദ്ധതിയുണ്ടെന്ന് ടെക്സ്റ്റ് മെസേജ് അയച്ചെന്ന വിവരവും ലഭിച്ചു. സുഹൃത്തിന് മെസേജ് അയച്ചതിന് പിന്നാലെ 15കാരന്‍ പഴയ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട്, കുട്ടി പഴയ ഫോണ്‍ മാറ്റി പുതിയ ഐഫോണും വാങ്ങി.

തുടര്‍ന്ന് സൈബര്‍ ക്രൈം ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസ് സ്ഥലം കണ്ടെത്തി. എയര്‍പോര്‍ട്ടിന് സമീപം താമസിക്കാന്‍ കുട്ടി തംബരത്തെ ഒരു ഹോട്ടലില്‍ മുറിയും ബുക്ക് ചെയ്തിരുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ഫ്രാന്‍വിന്‍ ഡാനി പറഞ്ഞു. പോലീസെത്തി കുട്ടിയെ പിടികൂടി തിരികെ എത്തിക്കുകയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here