ഒമിക്രോണ്‍ ഭീതി; അന്താരാഷ്ട്ര വിമാന സര്‍വീസ് വീണ്ടും തുടങ്ങുന്നത് പുനഃപരിശോധിക്കും

0
232

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം ഒമിക്രോണ്‍ ലോകമെങ്ങും ആശങ്ക ഉയര്‍ത്തുന്നതിനിടെ ശനിയാഴ്ച അടിയന്തരയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വൈറസിന്റെ വകഭേദം ഉയര്‍ത്തുന്ന വെല്ലുവിളികളും രാജ്യത്തെ എങ്ങനെ ബാധിക്കുമെന്ന വിഷയവും ചര്‍ച്ചയായി. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ ഡിസംബര്‍ 15-ന് പുനരാരംഭിക്കാനുള്ള തീരുമാനവും യാത്രയ്ക്ക് നല്‍കിയ ഇളവുകളും പുനഃപരിശോധിക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഒമിക്രോണിനെതിരേ ജാഗ്രത കടുപ്പിക്കാനും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും മോദി ആവശ്യപ്പെട്ടു.

ആഗോളതലത്തിലുണ്ടായ കോവിഡ് വ്യാപന രീതി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഒമിക്രോണിന്റെ പ്രത്യേകതകള്‍, സ്വഭാവം എന്നിവയും വിവിധ രാജ്യങ്ങളിലുണ്ടാക്കിയ ആഘാതങ്ങളും വിലയിരുത്തിയ യോഗം ഇന്ത്യയിലുണ്ടാവാനിടയുള്ള പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു.

രാജ്യാന്തര വിമാനങ്ങള്‍, പ്രത്യേകിച്ച് പ്രശ്‌നരാജ്യങ്ങളില്‍ നിന്നുള്ളവ കൃത്യമായി പരിശോധിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമായി പരിശോധനകള്‍ നടത്താനും നിര്‍ദേശിച്ചു. യോഗത്തില്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ എന്നിവര്‍ പങ്കെടുത്തു.കോവിഡിന്റെ രണ്ടാംതരംഗത്തില്‍ ഇന്ത്യയില്‍ ദുരിതം വിതച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ അപകടകാരിയാണ് ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടനയുടെയടക്കം മുന്നറിയിപ്പ്. ഒമിക്രോണ്‍ വ്യാപിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്നും മറ്റു ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രയ്ക്ക് യു.എസ്., യൂറോപ്യന്‍ യൂണിയന്‍, യു.കെ., കാനഡ തുടങ്ങിയ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here