എ.ആർ നഗർ ബാങ്ക് സംബന്ധിച്ച് കെ.ടി ജലീൽ പറയുന്നത്പ്രകാരം നടപടിയെടുക്കാനാവില്ലെന്ന് മന്ത്രി വിഎൻ വാസവൻ

0
307

എ.ആർ നഗർ ബാങ്ക് സംബന്ധിച്ച് മുൻമന്ത്രി കെ.ടി ജലീൽ പറയുന്നതനുസരിച്ച് നടപടിയെടുക്കാൻ സർക്കാരിനാവില്ലെന്ന് മന്ത്രി വിഎൻ വാസവൻ. ആധികാരിക രേഖകളുമായി വന്നാലേ മുന്നോട്ട് പോകാനാകൂവെന്നും പുറത്ത് വിട്ട രേഖകൾ ഇൻകം ടാക്‌സ് നൽകിയതാണെന്നാണ് ജലീൽ എന്നോട് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. എ.ആർ നഗർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ടും സർക്കാറിന്റെ കൈയിലില്ലെന്നും സഹകരണ മേഖലയെ തകർക്കാൻ ആദായ നികുതി വകുപ്പ് ശ്രമിക്കുന്നുണ്ടെന്നും വാസവൻ പറഞ്ഞു. ഇതിനായി അനാവശ്യമായ ഇടപെടൽ നടത്തുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുഞ്ഞാലിക്കുട്ടിക്ക് സഹകരണ ബാങ്കിൽ വൻ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ.ടി ജലീൽ ആരോപിച്ചിരുന്നു. വേങ്ങരയിലെ എ.ആർ.നഗർ സഹകരണ ബാങ്കിലാണ് കുഞ്ഞാലിക്കുട്ടി കോടികൾ ബിനാമി പേരിൽ നിക്ഷേപിച്ചതായി ജലീൽ ആരോപിച്ചത്. യു.ഡി.എഫിന്റെ ആഭിമുഖ്യത്തിലുള്ള ഡയറക്ടർ ബോർഡ് ഭരിക്കുന്ന സഹകരണ ബാങ്കാണ് എ.ആർ.നഗറിലേത്. കുഞ്ഞാലിക്കുട്ടിയുടെ വരുതിയിൽ നിൽക്കുന്നവർ മാത്രം കൈയാളുന്ന സ്ഥാപനമാണ് എ.ആർ നഗർ ബാങ്കെന്നും, ബാങ്കിൽ വ്യാജനിക്ഷേപം ധാരാളമുണ്ടെന്നും ജലീൽ ആരോപിച്ചു. ആളുകളില്ലാത്ത നിക്ഷേപം മുഴുവൻ പികെ കുഞ്ഞാലിക്കുട്ടി മന്ത്രിയായിരുന്ന സമയത്ത് ഉണ്ടാക്കിയതാണെന്നും ഇതുസംബന്ധിച്ച തെളിവുകളാണ് പുറത്തുവരുന്നതെന്നും ജലീൽ പറഞ്ഞു. ‘600 കോടിയിലധികം രൂപയുടെ കള്ളപ്പണം ഇവിടെയുണ്ട്. എക്സിക്യൂട്ടീവ് ഡയറക്ടറായ ഹരികുമാറാണ് കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ സൂക്ഷിപ്പുകാരൻ. ഒരു അംഗനവാടി ടീച്ചർ ഇതിനോടകം പൊലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. ഈ ടീച്ചറുടെ പേരിൽ ഏകദേശം 80 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. ഇതെല്ലാം കുഞ്ഞാലിക്കുട്ടിയുടെ പണമാണ്’ അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here