അസറുദ്ദീനും സഞ്ജുവും കത്തിക്കയറി; ഹിമാചലിനെ തകര്‍ത്ത് കേരളം ക്വാര്‍ട്ടറില്‍

0
318

ദില്ലി: സയ്യിദ് മുഷ്താഖ് അലി ടി20യില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് കേരളം മുന്നേറിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹിമാചല്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കേരളം 19.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീന്‍ (60), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (പുറത്താവാതെ 52) നേടിയ അര്‍ധ സെഞ്ചുറികളാണ് കേരളത്തെ വിജയത്തിലേക്ക് നയിച്ചത്. സച്ചിന്‍ ബേബി (10) പുറത്താവാതെ നിന്നു.

രോഹന്‍ കുന്നുമ്മലിന്റെ (22) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. ആയുഷ് ജംവാലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് രാഹുല്‍ മടങ്ങിയത്. 34 റണ്‍സാണ് ഒന്നാവിക്കറ്റില്‍ അസറിനൊപ്പം രാഹുല്‍ കൂട്ടിച്ചേര്‍ത്തത്. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന സഞ്ജു- അസര്‍ സഖ്യം കേരളത്തെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ 18-ാം ഓവറിന്റെ അവസാന പന്തില്‍ അസറുദ്ദീന്‍ മടങ്ങി. പങ്കജ് ജയ്‌സ്വാളിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പ്രശാന്ത് ചോപ്രയ്ക്ക് ക്യാച്ച്. ഇരുവരും മൂന്നാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാമനായി ക്രീസിലെത്തിയ സച്ചിന്‍ ബേബിയെ കൂട്ടൂപിടിച്ച് സഞ്ജു വിജയം പൂര്‍ത്തിയാക്കി.

Syed Mushtaq Ali T20 Kerala into the quarter finals by beating Himachal Pradesh

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഹിമാചലിനെ കേരള പേസര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. 65 റണ്‍സെടുത്ത രാഘവ് ധവാനാണ് ഹിമാചലിന്റെ ടോപ് സകോറര്‍. ആറ് വിക്കറ്റുകളാണ് ഹിമാചലിന് നഷ്ടമായത്. എസ് മിഥുന്‍ കേരളത്തിനായി രണ്ട് വിക്കറ്റെടുത്തു.  ആദ്യ ഓവറില്‍ തന്നെ സഞ്ജു (Sanju Samson) നയിക്കുന്ന കേരളം വിക്കറ്റ് വീഴത്തി. ഓപ്പണര്‍ അങ്കുഷ് ബെയ്ന്‍സ് (0), മനു ഉണ്ണികൃഷ്ണന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മൂന്നാമനായി ക്രീസിലെത്തിയ പ്രശാന്ത് ചോപ്ര (36)യും രാഘവ് ആദ്യ പ്രഹരത്തില്‍ നിന്ന് ഹിമാചലിനെ കരകയറ്റി.

ഇരുവരും മൂന്നാം വിക്കറ്റില്‍ 45 റണ്‍സാണ് എടുത്തത്. ഇതിനിടെ തുടര്‍ച്ചയായി ഹിമാചലിന് വിക്കറ്റുകള്‍ നഷ്ടമായി. നിഖില്‍ ഗംഗ്ത (1), ആകാശ് വസിഷ്ഠ് (12), ഋഷി ധവാന്‍ (0) എന്നിവര്‍ പെട്ടന്ന് മടങ്ങി. ഇതിനിടെ രാഘവ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ദിഗ്‌വിജയ് രംഗി (17), പങ്കജ് ജെയ്്‌സ്വാള്‍ (5) എന്നിവര്‍ പുറത്താവാതെ നിന്നു. മിഥുനിനെ കൂടാതെ മനു കൃഷ്ണന്‍ മൂന്ന് ഓവറില്‍ നാല് റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ബേസില്‍ തമ്പി, ജലജ് സക്‌സേന, എം എസ് അഖില്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.

പരിക്ക് മാറാത്ത റോബിന്‍ ഉത്തപ്പ ഇല്ലാതെയാണ് കേരളം ഇറങ്ങിയത്. കേരള ടീം: രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ബേബി, സഞ്ജു സാംസണ്‍, സുരേഷ് വിശ്വേശര്‍, ജലജ് സക്‌സേന, വിഷ്ണു വിനോദ്, എം എസ് അഖില്‍, എസ് മിഥുന്‍, ബേസില്‍ തമ്പി, മനുകൃഷ്ണന്‍.

LEAVE A REPLY

Please enter your comment!
Please enter your name here