സി.എ.എയും എന്‍.ആര്‍.സിയും പിന്‍വലിച്ചില്ലെങ്കില്‍ തെരുവുകള്‍ വീണ്ടും ഷഹീന്‍ബാഗാവും; അസദുദ്ദീന്‍ ഉവൈസി

0
284

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമവും (സി.എ.എ) ദേശീയ പൗരത്വ രജിസ്റ്ററും (എന്‍.ആര്‍.സി) പിന്‍വലിക്കണമെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. സി.എ.എയും എന്‍.ആര്‍.സിയും റദ്ദാക്കിയില്ലെങ്കില്‍ പ്രതിഷേധക്കാര്‍ തെരുവുകളെ ഷഹീന്‍ബാഗാക്കി മാറ്റുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

‘സി.എ.എ കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യമാണ്, ഈ നിയമം ബി.ജെ.പി സര്‍ക്കാര്‍ തിരിച്ചെടുത്തില്ലെങ്കില്‍, ഞങ്ങള്‍ തെരുവിലിറങ്ങും, മറ്റൊരു ഷഹീന്‍ ബാഗ് ഇവിടെയുണ്ടാകും,’ യു.പിയിലെ ബാരാബങ്കിയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് ഉവൈസി പറഞ്ഞു.

സി.എ.എയ്ക്കും എന്‍.ആര്‍.സിക്കും എതിരായ പ്രക്ഷോപത്തിനായി നൂറുകണക്കിന് സ്ത്രീകള്‍ മാസങ്ങളോളം ക്യാമ്പ് ചെയ്ത സ്ഥലമായിരുന്നു ഷഹീന്‍ബാഗ്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കര്‍ഷകരെ തൃപ്തിപ്പെടുത്താനാണ് പ്രധാനമന്ത്രി കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. സ്വയം ഒരു ‘ഹീറോ’ ആയി മാറാനുള്ള ഒരു അവസരവും മോദി നഷ്ടപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം, ആ നിയമങ്ങള്‍ കൊണ്ടുവന്നതില്‍ ചില പോരായ്മകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. നമ്മുടെ പ്രധാനമന്ത്രി എത്ര വലിയ നടനാണെന്നതാണ് ഇതിലൂടെ നമുക്ക് മനസിലാവുക,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിനിടെ മരിച്ച 750 ഓളം കര്‍ഷകരുടെ പ്രയത്‌നമാണ് യഥാര്‍ത്ഥത്തില്‍ വിജയം കണ്ടതെന്നും ഉവൈസി പറഞ്ഞു.

ഠാക്കൂറുകളും ബ്രാഹ്മണരുമെല്ലാം ഒന്നിച്ച് ചേര്‍ന്ന് ശക്തമായി പോരാടുമ്പോള്‍ എന്തുകൊണ്ട് മുസ്‌ലിമുകള്‍ക്ക് അതിന് സാധിക്കുന്നില്ലെന്ന് ഉവൈസി ചോദിച്ചു. മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥയ്ക്കും തൊഴിലില്ലായ്മയ്ക്കും കാരണം ബി.ജെ.പി സര്‍ക്കാരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

അന്‍സാരി സമുദായവും ഖുറേഷി സമുദായവും ഇന്ന് തകര്‍ച്ചയുടെ വക്കിലാണെന്നും ബി.ജെ.പി സര്‍ക്കാര്‍ അവരെ തൊഴില്‍രഹിതരാക്കി മാറ്റിയെന്നും ഉവൈസി പറഞ്ഞു. ഖുറേഷി സമുദായത്തിലുള്ളവര്‍ നടത്തികൊണ്ടിരുന്ന ഇറച്ചികടകളും അറവുശാലകളും പൂട്ടി, നെയ്ത്തുകാരുടെ വരുമാനം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിം സമുദായത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും, ചെയ്തതായി നടിക്കുകയാണെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here