വെടിയേറ്റു മരിച്ചെന്ന വ്യാജ റിപ്പോർട്ട് തള്ളി ഗുസ്തി താരം നിഷ ദാഹിയ നേരിട്ട് രംഗത്ത്

0
222

സോനിപത്ത്∙ ദേശീയ ഗുസ്തി താരം നിഷ ദാഹിയ വെടിയേറ്റു മരിച്ചതായി പുറത്തുവന്ന റിപ്പോർട്ടുകൾക്കു പിന്നാലെ, സംഭവം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി താരം നേരിട്ട് രംഗത്ത്. ദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്തകൾ വന്നതിനു പിന്നാലെയാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് നിഷ ദാഹിയ തന്റെ മരണവുമായി ബന്ധപ്പെട്ട വ്യാജ വാർത്തയിൽ പ്രതികരിച്ചത്.

‘ദേശീയ സീനിയർ ചാംപ്യൻഷിപ്പിനായി നിലവിൽ ഗോണ്ടയിലാണ് ഞാൻ. എനിക്ക് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല. എല്ലാം വ്യാജ വാർത്തകളാണ്. ഞാൻ സുഖമായിരിക്കുന്നു.’ – നിഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ വ്യക്തമാക്കി.

നിഷ ദാഹിയയും സഹോദരൻ സൂരജും അജ്ഞാതരുടെ വെടിയേറ്റു മരിച്ചെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ട്. ഹരിയാനയിലെ ഹലാൽപുരിലുള്ള സുശീൽകുമാർ അക്കാദമിയിൽ വച്ചാണ് ഇവർക്ക് വെടിയേറ്റതെന്നും ഇവരുടെ അമ്മ ധൻപതിയെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നുമായിരുന്നു റിപ്പോർട്ട്.

സെർബിയയിലെ ബെൽഗ്രേഡിൽ നടന്ന 23 വയസ്സിൽ താഴെയുള്ളവരുടെ ലോക ഗുസ്തി ചാംപ്യൻഷിപ്പിൽ വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയ്ക്കായി മത്സരിച്ച നിഷ ദാഹിയ വെങ്കലം നേടിയത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ചാംപ്യൻഷിപ്പിൽ മെഡലുകൾ നേടിയ ഗുസ്തി താരങ്ങൾക്കുള്ള അഭിനന്ദനക്കുറിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിഷയുടെയും പേര് പരാമർശിച്ചിരുന്നു. മെഡൽ നേട്ടത്തിന്റെ ആഹ്ലാദമടങ്ങും മുൻപാണ് നിഷ അജ്ഞാതരുടെ തോക്കിന് ഇരയായതായി വ്യാജ റിപ്പോർട്ട് പ്രചരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here