വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഏട്; തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങളെന്ന് പിണറായി വിജയന്‍

0
180

തിരുവനന്തപുരം: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഐതിഹാസികമായ കര്‍ഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നെന്നും സമത്വപൂര്‍ണമായ ലോകനിര്‍മ്മിതിയ്ക്കായി നടക്കുന്ന വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യന്‍ കര്‍ഷകര്‍ രചിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭ 2020 ഡിസംബര്‍ 31 ന് പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനമായിരുന്നു ഉന്നയിച്ചത്.

കേന്ദ്ര നിയമഭേദഗതി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും പുതിയ നിയമം കര്‍ഷകരില്‍ ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നുമായിരുന്നു പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. കാര്‍ഷിക രംഗത്ത് വന്‍ പ്രത്യാഘാതം ഉണ്ടാകുന്നതാണ് നിയമ ഭേദഗതി. കര്‍ഷകരുടെ വില പേശല്‍ ശേഷി കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ ഇല്ലാതാക്കുന്നതാണ് ഈ നിയമം. കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പാക്കുന്നതില്‍ നിന്നും കേന്ദ്രം പിന്‍വാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രമേയത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ അത് കേരളത്തെയടക്കം സാരമായി ബാധിക്കുമെന്നും കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണം എന്നും പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാല്‍ കേരളം പട്ടിണിയിലാകും. തിരക്കിട്ടും കൂടിയാലോചനകള്‍ ഇല്ലാതെയും കര്‍ഷകരുടെ അഭിപ്രായം തേടാതെയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം പാസാക്കിയത്.

നിയമ ഭേദഗതി കോര്‍പ്പറേറ്റ് അനുകൂലവും കര്‍ഷ വിരുദ്ധവുമാണ്. സംഭരണത്തില്‍ നിന്നും വിതരണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയില്‍ വിപണിയില്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകുമെന്നും അവശ്യസാധന നിയമത്തിലെ വ്യവസ്ഥയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ അടക്കമുള്ള ഒഴിവാക്കിയത് സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ബി.ജെ.പിയുടെ ഏക എം.എല്‍.എ ഒ. രാജഗോപാല്‍ പ്രമേയം പാസാക്കുന്നതിനെതിരെ നിലപാട് സ്വീകരിക്കും എന്നായിരുന്നു അന്ന് പ്രതീക്ഷിച്ചതെങ്കിലും അദ്ദേഹം എതിര്‍ത്ത് വോട്ട് ചെയ്തിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here