മറ്റുള്ളവർക്ക് ശല്യമാകാതെ സ്വകാര്യ സ്ഥലങ്ങളിൽ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി

0
299

കൊച്ചി: സ്വകാര്യ സ്ഥലങ്ങളിൽ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളിൽ നിന്ന്  മറ്റൊരാൾക്ക് ശല്യമില്ലാതെ മദ്യപിക്കുന്നത് കുറ്റകരമല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ജസ്റ്റിസ് സോഫി തോമസിന്റെ വിധിയിൽ ഒരാളിൽ നിന്ന് മദ്യത്തിന്റെ മണമുണ്ടെന്ന് തോന്നിയാൽ അയാൾ മദ്യം കഴിച്ചിട്ടുണ്ടെന്നും മത്ത് പിടിച്ചിരിക്കുകയാണെന്നും അർത്ഥമില്ലെന്നും വ്യക്തമാക്കുന്നു. ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി എഫ്ഐആർ റദ്ദാക്കി പ്രതിയെ കുറ്റവിമുക്തനാക്കിയത്. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബദിയഡുക്ക സ്വദേശി സലിം കുമാറാണ് ഹർജി ഫയൽ ചെയ്തത്.

മറ്റൊരു കേസിലെ പ്രതിയെ തിരിച്ചറിയാനായി പൊലീസ് വിളിപ്പിച്ചപ്പോൾ വില്ലേജ് അസിസ്റ്റന്റ് കൂടിയായ താൻ  മദ്യപിച്ചിരുന്നെന്ന് കാണിച്ചാണ് പൊലീസ് ആക്ടിലെ 118 (a) പ്രകാരം കേസ് രജിസ്റ്റർ ചെയ്തതെന്ന് പരാതിക്കാരൻ കോടതിയെ അറിയിച്ചു. രാത്രി ഏഴു മണിയോടെയാണ് തന്നെ  പൊലീസ് വിളിച്ചുവരുത്തിയത്. ഈ സമയത്ത് പ്രതിയെ തിരിച്ചറിയാൻ തനിക്ക്  സാധിച്ചില്ല, ഒപ്പം ഇത് പ്രതിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നും ഞാൻ പൊലീസുകാരോട് പറഞ്ഞു. ഇതിന്റെ പേരിലാണ്  തനിക്കെതിരെ കേസെടുത്തതെന്ന് പരാതിക്കാരൻ കോടതിയിൽ വാദിച്ചു.

നിശ്ചിത വകുപ്പ് പ്രകാരം തനിക്കെതിരെ കേസെടുക്കാനുള്ള കാരണങ്ങളില്ലെന്നും പരാതിക്കാരൻ വാദിച്ചു. ഹർജിക്കാരന്റെ വാദം പരിഗണിച്ച കോടതി. ലഹരിയുടെ സ്വാധീനത്തിലായിരുന്നു എന്നതിനുള്ള തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി. മദ്യപിച്ചിരുന്നുവെന്ന് തന്നെ പരിഗണിച്ചാൽ പോലും അദ്ദേഹം പൊലീസ് സ്റ്റേഷനിൽ മോശമായി പെരുമാറിയതിനോ, മറ്റെന്തെങ്കിലും പ്രശ്നങ്ങൾ സൃഷ്ടിച്ചതിനോ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു.  മറ്റൊരു പ്രധാനകാര്യം, പൊലീസ് ആവശ്യപ്പെട്ടത് പ്രാകാരമാണ് ആ സമയത്ത് പരാതിക്കാരൻ സ്റ്റേഷനിലെത്തിയത് എന്നതാണ്. അതുകൊണ്ടുതന്നെ അദ്ദേഹം സ്വയം നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണെന്നും മദ്യലഹരിയിലാണെന്നുമുള്ള പ്രോസിക്യൂഷൻ ആരോപണം നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here