‘പണി അറിയില്ലെങ്കിൽ എന്‍ജിനീയർമാർ രാജിവെക്കണം’; റോഡുകളുടെ ശോച്യാവസ്ഥയ്ക്കെതിരേ ഹൈക്കോടതി

0
185

കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരേ ഹൈക്കോടതി. റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവെക്കണമെന്ന് കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

കഴിഞ്ഞ വര്‍ഷം കോടതി ഇടപെട്ട് നന്നാക്കിയ നിരവധി റോഡുകളുണ്ട്. എന്നാല്‍ മാസങ്ങള്‍ക്കകം അത് വീണ്ടും പഴയപടിയായി. ഇത് ശരിയായ നടപടിയല്ല. ഈ റോഡുകള്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലേ എന്ന് കോടതി കൊച്ചി നഗരസഭയോട് ചോദിച്ചു. എന്നാല്‍ റോഡ് തകര്‍ന്നാല്‍ അടിയന്തരമായി നന്നാക്കാന്‍ സംവിധാനമില്ലെന്നായിരുന്നു കൊച്ചി നഗരസഭ മറുപടി നല്‍കിയത്.

റോഡ് കൃത്യമായി നിര്‍മിക്കാന്‍ അറിയാത്ത എന്‍ജിനീയര്‍മാര്‍ രാജിവെക്കണം. വകുപ്പില്‍ മികച്ച എന്‍ജിനീയര്‍മാരില്ലെങ്കില്‍ കഴിവുള്ള ആളുകള്‍ പുറത്തുണ്ട്. അവര്‍ക്ക് അവസരം നല്‍കണമെന്നും കോടതി പറഞ്ഞു.

ന്യായീകരണങ്ങള്‍ മാറ്റി നിര്‍ത്തണം. റോഡ് നിര്‍മാണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here