നോട്ടുനിരോധനത്തിന്റെ അഞ്ചു വർഷം; എന്നിട്ടും കാശ് കൈയിൽ തന്നെ

0
185

മുംബൈ: നോട്ടുനിരോധനം നടപ്പാക്കുമ്പോൾ മോദി സർക്കാർ പ്രഖ്യാപിച്ച കാഷ്‌ലസ് ഇകോണമി എന്ന ലക്ഷ്യം ഏറെ വിദൂരമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ. നോട്ടുനിരോധനം കഴിഞ്ഞ് അഞ്ചു വർഷത്തിനു ശേഷവും ജനങ്ങള്‍ക്ക് കാശുപയോഗിച്ചുള്ള ക്രയവിക്രയത്തോടാണ് പ്രിയമെന്ന് ആർബിഐ പറയുന്നു.

റിസർവ് ബാങ്കിന്റെ (Reserve Bank of India) കണക്കുപ്രകാരം 2021 ഒക്ടോബറിൽ 28.30 ലക്ഷം കോടി കാഷാണ് ജനങ്ങളുടെ കൈവശമിരിക്കുന്നത്. 2016 നവംബർ നാലിന് ഇത് 17.97 ലക്ഷം കോടിയായിരുന്നു. ആകെയുണ്ടായത് 57.48 ശതമാനം വർധന.

2016 നവംബർ എട്ടിനാണ് കേന്ദ്രസർക്കാർ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ പൊതുജനത്തിന്റെ കൈശവമുള്ള പണം 2017 ജനുവരിയിൽ 7.8 ലക്ഷം കോടിയായി ചുരുങ്ങിയിരുന്നു. നോട്ടുനിരോധനം നടപ്പാക്കുന്നതിന്റെ തൊട്ടുമുമ്പ്, 2016 നവംബറിൽ ഇത് 17.97 ലക്ഷം കോടിയായിരുന്നു.

നോട്ടുനിരോധനം കഴിഞ്ഞ ശേഷമുള്ള ആദ്യവർഷങ്ങളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ വർധിച്ചിരുന്നെങ്കിലും പിന്നീട് കുത്തനെ താഴേക്കു പോകുകയായിരുന്നു. കോവിഡ് ലോക്ക്ഡൗണുകളുടെ പശ്ചാത്തലത്തിൽ കാശുപയോഗം പൂർവ്വാധികം വർധിച്ചു. എന്നാൽ ഡിജിറ്റൽ പേയ്‌മെന്റുകളിൽ മോശമല്ലാത്ത വളർച്ചയുണ്ടെന്നാണ് ആർബിഐ പറയുന്നത്.

അഴിമതി, കള്ളപ്പണം, കള്ളനോട്ട്, ആയുധഇടപാട്, ഭൂമിയിടപാട്, തീവ്രവാദപ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള ഫണ്ട് സമാഹരണം എന്നിവ ഇല്ലാതാക്കാമെന്ന ലക്ഷ്യത്തോടെയാണ് 500, 1000 രൂപയുടെ കറൻസി നോട്ടുകൾ 2016 നവംബറിന് അസാധുവാക്കിയത്. രാജ്യത്തെ മൊത്തം കറൻസിയുടെ 86 ശതമാനമാണ് അസാധുവാക്കപ്പെട്ടത്.

ഏകദേശം മൂന്നുലക്ഷം കോടി രൂപയ്ക്കുള്ള പഴയ കറൻസി നോട്ടുകൾ കള്ളപ്പണമോ കള്ളനോട്ടോ ആണെന്നും അവ ബാങ്കുകളിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ കരുതിയിരുന്നത്. എന്നാൽ, അസാധുവാക്കപ്പെട്ട 15.41 ലക്ഷം കോടി രൂപയിൽ 99.3 ശതമാനവും ബാങ്കുകളിലേക്ക് തിരിച്ചെത്തി. കള്ളപ്പണം, കള്ളനോട്ട് എന്നീ ഇടപാടുകൾ 2016-’17-ൽ മുൻവർഷത്തെക്കാൾ വൻവർധനയുണ്ടായി എന്നാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ ഫിനാൻസ് ഇന്റലിജൻസ് യൂണിറ്റിന്റെ വാർഷിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here