ദുബൈ: ലോകം ഏറ്റെടുത്ത മഹാമേള ഒരു മാസം പിന്നിടുമ്പോള്‍ മേള സന്ദര്‍ശിക്കാനെത്തിയത് 23.5 ലക്ഷം പേര്‍. സംഘാടകര്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സന്ദര്‍ശകരില്‍ 17 ശതമാനവും വിദേശത്തുനിന്ന് എത്തിയവരാണ്.

28 ശതമാനവും 18 വയസില്‍ താഴെയുള്ളവരായിരുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇവിടേക്ക് എത്തി എന്നതിന്റെ തെളിവാണിത്. വരും ദിവസങ്ങളില്‍ എക്‌സ്‌പോ സ്‌കൂള്‍ പ്രോഗ്രാം സജീവമാകുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യ, ജര്‍മനി, ഫ്രാന്‍സ്, സൗദി, യു.കെ എന്നിവിടങ്ങളിലെ സന്ദര്‍ശകരാണ് ഏറെയും. ഒന്നില്‍ കൂടുതല്‍ തവണ സന്ദര്‍ശിച്ചവര്‍ നിരവധിയാണ്. 53 ശതമാനവും സീസണ്‍ പാസാണ് സ്വന്തമാക്കിയിരിക്കുന്നത്. 20 ശതമാനം പേരാണ് വണ്‍ ഡേ ടിക്കറ്റില്‍ എത്തിയത്. 27 ശതമാനം പേരും ഒന്നില്‍ കൂടുതല്‍ തവണ എക്‌സ്‌പോയിലെത്തി.

ആര്‍.ടി.എയുടെ പൊതുഗതാഗത സൗകര്യവും നിരവധി പേരാണ് ഉപയോഗിച്ചത്. 1938 സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തി. പ്രസിഡന്റുമാര്‍, പ്രധാനമന്ത്രിമാര്‍, മന്ത്രിമാര്‍, സര്‍ക്കാര്‍ പ്രധിനിധികള്‍, സംസ്ഥാനങ്ങളുടെ തലവന്‍മാര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്‍പെടുന്നു. 192 രാജ്യങ്ങളുടെയും പവലിയനുകള്‍ ഉള്ള ആദ്യ എക്‌സ്‌പോയാണിത്. അതിനാല്‍, എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ എത്തിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. സൗദി പവലിയനില്‍ മാത്രം അഞ്ച് ലക്ഷം പേര്‍ എത്തി. 5610 ഔദ്യോഗിക പരിപാടികള്‍ ഇതിനകം നടന്നു. അതേസമയം, വിര്‍ച്വലായി എക്‌സ്‌പോ സന്ദര്‍ശിച്ചത് 1.28 കോടി ജനങ്ങളാണ്. ആദ്യ മാസം വിറ്റഴിഞ്ഞത് 6.96 ലക്ഷം എക്‌സ്‌പോ പാസ്‌പോര്‍ട്ടാണ്. അമര്‍ ദിയാബ്, ഖദിം അല്‍ സാഹിര്‍, സമി യൂസുഫ് തുടങ്ങിയവരുടെ പരിപാടി വീക്ഷിക്കാന്‍ നിരവധി പേര്‍ എത്തി.

നവംബര്‍ -ഡിസംബര്‍ മാസങ്ങളില്‍ കൂടുതല്‍ പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. യു.എ.ഇ ദേശീയ ദിനവും നിരവധി അവധി ദിവസങ്ങളും എത്തുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം കുതിച്ചുയരും. ചൂട് കുറയുന്നതും തണുപ്പ് തുടങ്ങുന്നതും സന്ദര്‍ശകരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.