തോറ്റുതൊപ്പിയിട്ട് ബി.ജെ.പി; അപായമണി മുഴക്കി ഉപതെരഞ്ഞെടുപ്പ്

0
272

മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും 14 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റിലും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം കഴിഞ്ഞദിവസം പുറത്തുവന്നു. ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടിയായി തന്നെ ഈ ജനവിധിയെ കണക്കാക്കാം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 8, ബി.ജെ.പിക്ക് 7, തൃണമൂല്‍ കോണ്‍ഗ്രസിന് 4, ജെ.ഡി.യുവിനും എന്‍.പി.പിക്കും 2 സീറ്റ് വീതവും ലഭിച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ഐ.എന്‍.എല്‍.ഡി, എം.എല്‍.എഫ്, യു.ഡി.പി, എന്‍.ഡി.പി.പി, ടി.ആര്‍.എസ് എന്നീ പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് വീതമാണ് കിട്ടിയത്.

ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലാണെങ്കില്‍ ഓരോ സീറ്റ് വീതം കോണ്‍ഗ്രസും ബി.ജെ.പിയും ശിവസേനയും നേടി. ഹിമാചല്‍പ്രദേശിലെ മണ്ഡി മണ്ഡലം ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിന് പിടിച്ചെടുക്കാന്‍ കഴിഞ്ഞത് തന്നെ വലിയ നേട്ടമാണ്.

ഹരിയാനയിലും കര്‍ണാടകയിലും പശ്ചിമബംഗാളിലും ബി.ജെ.പിക്കേറ്റ തിരിച്ചടി തീര്‍ച്ചയായും അടയാളപ്പെടുത്തേണ്ടതുതന്നെയാണ്. കര്‍ണാടകയില്‍ മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുടെ ജില്ലയായ ഹാവേരിയിലെ ബി.ജെ.പിയുടെ സിറ്റിംഗ് മണ്ഡലം ബി.ജെ.പിക്ക് കൈവിട്ടുപോയി.

ബി.ജെ.പി ഭരിക്കുന്ന ഹിമാചല്‍പ്രദേശില്‍ കോണ്‍ഗ്രസിന് മണ്ഡി മണ്ഡലം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ചെറുതല്ലാത്ത നേട്ടമാണ്. 2019ല്‍ ബി.ജെ.പി മണ്ഡിയില്‍ നാല് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്.

കര്‍ഷക പ്രതിഷേധം ബി.ജെ.പിയുടെ തോല്‍വിക്ക് വലിയ കാരണമായി എന്നതിന്റെ ഉദാഹരണമാണ് ഹരിയാനയില്‍ പാര്‍ട്ടിക്കേറ്റ തോല്‍വി. കര്‍ഷക സമരം വളരെ ശക്തമായി തുടരുന്ന ഹരിയാനയിലെ എലനാബാദില്‍ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ നേതാവ് അഭയ് ചൗട്ടാലയാണ് വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗോബിന്ദ് കണ്ഡയെ 6708 വോട്ടിനാണ് അദ്ദേഹം തോല്‍പ്പിച്ചത്.

നില മെച്ചപ്പെടുത്താന്‍ ബി.ജെ.പി കിണഞ്ഞ് പരിശ്രമിക്കുന്ന ബംഗാളില്‍ ബി.ജെ.പിക്ക് പൂര്‍ണ പരാജയമായിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ നേരിട്ടിറങ്ങിയാണ് ബംഗാളിലെ തന്ത്രങ്ങള്‍ മെനയുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നില്‍ ബി.ജെ.പിക്ക് ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സാധിച്ചിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് സംസ്ഥാനത്തെ ഫലം.

മത്സരം നടന്ന നാല് സീറ്റുകളിലും തൃണമൂല്‍ വിജയിച്ചു. ബി.ജെ.പിക്കാണെങ്കില്‍ മൂന്നിടങ്ങളില്‍ കെട്ടിവെച്ച പണം പോലും തിരികെ ലഭിച്ചില്ല.

ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ ഫലം ബി.ജെ.പിയുടെ നെഞ്ചിടിപ്പ് കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here