തിരഞ്ഞെടുപ്പിൽ ‘തോൽപിച്ചാൽ’ ബിജെപി ഇന്ധന വില കുറയ്ക്കുമോ? സംഭവിച്ചതെന്ത്?

0
401

ഇന്ത്യയിലെ മൂന്നു ലോക്സഭാ മണ്ഡലങ്ങളിലേക്കും 29 നിയമസഭാ മണ്ഡലങ്ങളിലേക്കും കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പ് എങ്ങനെയാണ് രാജ്യത്തെ പെട്രോൾ–ഡീസൽ വില കുറയ്ക്കാൻ കാരണമായത്? നവംബർ മൂന്നിനു രാത്രി ട്വിറ്ററിൽ ഏറ്റവുമധികം ഇന്ത്യക്കാർ ചർച്ച ചെയ്ത വിഷയങ്ങളിലൊന്നായിരുന്നു ഇത്. ആ രാത്രിയിലാണ് പെട്രോളിന്റെ എക്സൈസ് നികുതിയിൽ 5 രൂപയും ഡീസലിന്റേതിൽ 10 രൂപയും കേന്ദ്രം കുറച്ചത്. അതിനും ഒരു ദിവസം മുൻപായിരുന്നു ഉപതിരഞ്ഞെടുപ്പു ഫലം.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും പല നിർണായക സംസ്ഥാനങ്ങളിലും ആശങ്കപ്പെടുത്തുന്ന തോൽവിയായിരുന്നു ബിജെപിക്ക് നേരിടേണ്ടി വന്നത്. 2021ൽ ഏഴ് സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കാറ്റ് ഏതു ദിശയിലേക്കാണെന്ന വ്യക്തമായ സൂചനയാണ് ബിജെപിക്ക് ലഭിച്ചതെന്ന് വിലയിരുത്തുന്നവരുമുണ്ട്. കർഷക പ്രക്ഷോഭം തുടരുന്നതിനിടെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പു വരുന്നതും ബിജെപിക്കു മുന്നിലെ വലിയ വെല്ലുവിളിയാണ്. സത്യത്തിൽ എന്താണ് പെട്രോൾ–ഡീസൽ വില കുറയ്ക്കാൻ കേന്ദ്ര സർക്കാരിനു പ്രേരകമായത്?

ഉപതിരഞ്ഞെടുപ്പ് ഫലമാണോ കാരണം?

ബിജെപി ഭരിക്കുന്ന കർണാടകയിലും ഹിമാചൽ പ്രദേശിലും മുഖ്യമന്ത്രിമാരുടെ ജില്ലകളിലെ മണ്ഡലങ്ങളിലായിരുന്നു ബിജെപിയുടെ തോൽവി. കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ ജില്ലയായ ഹാവേരിയിൽ ബിജെപിക്കു സിറ്റിങ് സീറ്റ് നഷ്ടമായി. ഹിമാചൽ പ്രദേശിൽ സിറ്റിങ് ലോക്സഭാ സീറ്റിലും നിയമസഭയിലേക്ക് ഒരു സിറ്റിങ് സീറ്റ് ഉൾപ്പെടെ 3 സീറ്റുകളിലും കോൺഗ്രസിനോടു ബിജെപി തോറ്റു. തോൽവിക്കു കാരണം ഇന്ധന വിലവർധനയാണെന്ന് മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ തുറന്നടിക്കുകയും ചെയ്തു.

Special promo

രാജസ്ഥാനിൽ സിറ്റിങ് സീറ്റാണ് ബിജെപിക്കു നഷ്ടപ്പെട്ടത്. മാത്രവുമല്ല സംസ്ഥാനത്തെ പ്രാദേശിക കക്ഷികൾക്കും പിന്നിൽ നാലാമതായിരുന്നു ബിജെപിയുടെ സ്ഥാനം. കേന്ദ്രഭരണപ്രദേശമായ ദാദ്ര നഗർ ഹവേലിയിലെ ലോക്സഭാ സീറ്റ് ശിവസേന സ്വന്തമാക്കിയതും ബിജെപിയെ ഞെട്ടിച്ചു. മഹാരാഷ്ട്രയ്ക്കു പുറത്ത് ശിവസേനയുടെ ആദ്യ ലോക്സഭാ വിജയമായിരുന്നു അത്. ബംഗാളിലാകട്ടെ ബിജെപിയുടെ 2 സിറ്റിങ് സീറ്റ് ഉൾപ്പെടെ നാലും തൃണമൂൽ നേടി. മധ്യപ്രദേശിൽ ഖണ്ഡ്‌വ ലോക്സഭാ സീറ്റ് നിലനിർത്തിയ ബിജെപി, കോൺഗ്രസിന്റെ 2 നിയമസഭാ സീറ്റുകൾ പിടിച്ചെടുത്തു. ബിജെപിയുടെ നിയമസഭാ സീറ്റ് കോൺഗ്രസും പിടിച്ചെടുത്തു.

ഗോവ, മണിപ്പുർ, പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത് എന്നീ 7 സംസ്ഥാനങ്ങളിലേക്കാണ് 2022ൽ തിരഞ്ഞെടുപ്പു നടക്കുന്നത്. ഇതിൽ പഞ്ചാബ് ഒഴികെ ആറിടത്തും ബിജെപിക്കോ ബിജെപി സഖ്യകക്ഷികൾക്കോ ആണ് നിലവിൽ ഭരണം. അതിനാൽത്തന്നെ അടുത്ത വർഷം പാർട്ടിക്കു നിർണായകവുമാണ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇനി വലിയ തിരഞ്ഞെടുപ്പുകളൊന്നും ഇല്ലാതിരിക്കെ, ജനമനസ്സുകളുടെ, പ്രത്യേകിച്ചും ഉത്തരേന്ത്യൻ ജനതയുടെ, കൃത്യമായ പ്രതിഫലനമായിരുന്നു ഉപതിരഞ്ഞെടുപ്പു ഫലമെന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗം ബിജെപിയിൽ തന്നെയുണ്ട്.

ആദ്യം കേന്ദ്രം പിന്നാലെ സംസ്ഥാനങ്ങൾ

തിരഞ്ഞെടുപ്പ് കേന്ദ്ര തീരുമാനത്തെ സ്വാധീനിച്ചുവെന്ന് ബിജെപിയും സംശയിക്കുന്നുണ്ടെന്നതിന്റെ കൃത്യമായ ഉദാഹരണമായിരുന്നു തൊട്ടുപിന്നാലെ വിൽപന നികുതി (വാറ്റ്) കുറയ്ക്കാനുള്ള ചില സംസ്ഥാനങ്ങളുടെ തീരുമാനം. ആദ്യം നികുതി കുറച്ചത് ഗോവ, പിന്നാലെ ത്രിപുരയും ഗുജറാത്തും ഉത്തർപ്രദേശും മണിപ്പൂരും അസമും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ. എല്ലായിടത്തും ഭരണത്തിൽ ബിജെപി.

പെട്രോളിലും ഡീസലിനും ഏഴു രൂപ വീതമാണ് ഗുജറാത്ത് വാറ്റ് കുറച്ചത്. ഉത്തർപ്രദേശിൽ പെട്രോളിന്റെ വാറ്റ് കുറഞ്ഞത് 7 രൂപ. ഡീസലിന്റേത് രണ്ടു രൂപയും. കർണാടകയിൽ പെട്രോളിനും ഡീസലിനും ഏഴു രൂപയാണ് വാറ്റ് കുറച്ചത്. മണിപ്പൂരിലും ത്രിപുരയിലും അസമിലും പെട്രോളിനും ഡീസലിനും വാറ്റ് 7 രൂപ വീതം കുറച്ചു. ഗോവയിൽ വിവിധ നികുതികൾ കുറച്ചതോടെ പെട്രോൾ വിലയിൽ 12 രൂപയുടെയും ഡീസൽ വിലയിൽ 17 രൂപയുടെയും കുറവുണ്ടായി.

മേൽപ്പറഞ്ഞ സംസ്ഥാനങ്ങളിൽ മിക്കതിലും അടുത്ത വർഷം പൊതു തിരഞ്ഞെടുപ്പിനെ നേരിടാനുണ്ട് ബിജെപിക്കും സഖ്യകക്ഷികൾക്കും. ജനങ്ങളുടെ നിലവിലെ അതൃപ്തി മറികടക്കാൻ അത്യാവശ്യമായിരുന്നു ഇന്ധന വിലക്കുറവ്. മാത്രവുമല്ല, എതിർ പാർട്ടികൾക്കുള്ള ഒരടിയായും ഈ വിലക്കയറ്റത്തെ കേന്ദ്രം പ്രയോഗിക്കുന്നുണ്ട്. കേന്ദ്രം നികുതി കുറയ്ക്കുന്നില്ലെന്ന സംസ്ഥാന സർക്കാരുകളുടെ പ്രചാരണത്തിനു തടയിടാനും ഒരു പരിധി വരെ നിലവിലെ ‘എക്സൈസ് നികുതി കുറയ്ക്കൽ’ സഹായിക്കും. വില കുറയ്ക്കാൻ സംസ്ഥാനങ്ങളും നിർബന്ധിതരാകും.

ഇപ്പോൾത്തന്നെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ആ നിലയ്ക്ക് തുടക്കമിട്ടു കഴിഞ്ഞു. അതോടെ മറ്റു സംസ്ഥാനങ്ങളുടെ മേലും വാറ്റ് കുറയ്ക്കാൻ സമ്മര്‍ദമേറും. അഥവാ കുറച്ചില്ലെങ്കിൽ ജനരോഷം സംസ്ഥാന സർക്കാരുകൾക്കു നേരെ തിരിക്കാനും സാധിക്കും. ബംഗാളിൽ അതിന്റെ ഏറ്റവും മികച്ച ഉദാഹരണം വന്നു കഴിഞ്ഞു. തൃണമൂൽ സർക്കാർ എക്സൈസ് നികുതി കുറയ്ക്കണമെന്ന ആവശ്യവുമായി അവിടെ ബസുടമകളുടെ സംഘടനയാണ് രംഗത്തുവന്നിരിക്കുന്നത്.

കേരളത്തിലും എക്സൈസ് നികുതി കുറയ്ക്കില്ലെന്നാണ് ഇടതു സർക്കാരിന്റെ തീരുമാനം. കോടികളുടെ നികുതി നഷ്ടമായിരിക്കും അതുവഴിയുണ്ടാവുകയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറയുന്നു. സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഒരുങ്ങിക്കഴിഞ്ഞു കോൺഗ്രസും ബിജെപിയും. ഇത്തരത്തിൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ച് കയ്യടി നേടുകയും ബിജെപിയുടെ എതിർ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകളെ സമ്മർദത്തിലാഴ്ത്തുകയും ചെയ്യുന്ന തന്ത്രമാണ് ബിജെപി പയറ്റുന്നതെന്നു വ്യക്തം.

റാബിയിൽ ‘സഹായിച്ച്’ പഞ്ചാബിലേക്കും…

മൺസൂൺ അവസാനിക്കുന്നതോടെ നവംബർ മധ്യത്തിൽ ഉത്തരേന്ത്യയിൽ റാബി സീസൺ ആരംഭിക്കും. ഗോതമ്പും ബാർലിയും ഉൾപ്പെടെയാണ് പ്രധാന കൃഷി. പഞ്ചാബിലെ ഏറ്റവും പ്രധാനപ്പെട്ട വിളയും ഗോതമ്പാണ്. ഈ റാബി സീസണിൽ കർഷകർക്ക് ‘സഹായം’ എത്തിച്ചാണ് പഞ്ചാബിൽ കേന്ദ്ര സർക്കാർ തന്ത്രം പറയറ്റുന്നത്. അതിന്റെ ഭാഗമായിരുന്നു ഡീസലിന്റെ എക്സൈസ് നികുതിയിലുണ്ടായ കുറവ്. ഇക്കാര്യം പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽതന്നെ വ്യക്തമായി പറയുന്നുണ്ട്. അതിങ്ങനെ:

‘പെട്രോളിനു കുറയ്ക്കുന്നതിനേക്കാളും ഇരട്ടിയായാണ് ഡീസലിന്റെ എക്സൈസ് നികുതി കുറയ്ക്കുന്നത്. ലോക്ഡൗൺ കാലത്തു പോലും ഇന്ത്യയിലെ കൃഷിക്കാർ കഠിനാധ്വാനം ചെയ്ത് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ഡീസലിന്റെ എക്സൈസ് നികുതിയിലുണ്ടായിരിക്കുന്ന ഈ വലിയ കുറവ് വരാനിരിക്കുന്ന റാബി സീസണിൽ കർഷകർക്ക് വലിയ കുതിപ്പിനു സഹായകരമാകും…’. നികുതി കുറച്ചതിനു പിന്നിൽ പഞ്ചാബ് തിരഞ്ഞെടുപ്പുണ്ടെന്നതു പകൽ പോലെ വ്യക്തം.

വരുമാനം കൂടി, നികുതി കുറച്ചു!

പല മുഖങ്ങളുള്ള തന്ത്രമാണ് എക്സൈസ് നികുതി കുറച്ചതിലൂടെ കേന്ദ്രം പയറ്റുന്നത്. രാഷ്ട്രീയം മാത്രമല്ല, ഇതിൽ സാമ്പത്തിക–സാമൂഹിക കാരണങ്ങളുമുണ്ട്. ഈ സാമ്പത്തിക വർഷത്തിന്റെ പകുതി വരെയുള്ള കണക്കു നോക്കുകയാണെങ്കിൽ ആകെ നികുതി പിരിവിലാണെങ്കിലും എക്സൈസ് ഡ്യൂട്ടി പിരിവാണെങ്കിലും ജിഎസ്ടി പിരിവാണെങ്കിലും വരുമാനം സർക്കാർ പ്രതീക്ഷിച്ചതിലും ഉയർന്ന നിലവാരത്തിലാണ്. കഴിഞ്ഞ ഒരു വർഷം മാത്രം എക്സൈസ് ഡ്യൂട്ടി ഇനത്തിൽ 3.35 ലക്ഷം കോടി രൂപയാണു കേന്ദ്രത്തിനു ലഭിച്ചിരിക്കുന്നത്. 2019–20ൽ അത് 1.75 ലക്ഷം കോടി മാത്രമായിരുന്നെന്ന് ഓർക്കണം. അതിനാൽത്തന്നെ രാജ്യത്ത് ഇന്ധന വില കുറയ്ക്കാനുള്ള സാമ്പത്തിക അന്തരീക്ഷം ഒരുങ്ങിയിരിപ്പുണ്ടായിരുന്നു.

മാത്രവുമല്ല, അവശ്യ വസ്തുക്കളുടെ ഉൾപ്പെടെ വിലക്കയറ്റം ഇനിയും വർധിക്കാനുള്ള സാധ്യതയും കേന്ദ്രത്തിനു മുന്നിലുണ്ടായിരുന്നു. അതുവഴി നാണ്യപ്പെരുപ്പവും. ഇതുവരെ വിലക്കയറ്റം കാര്യമായി ഇല്ലാതിരുന്നതിന്റെ കാരണം ഡിമാൻഡ് ഇല്ല എന്നതായിരുന്നു. എന്നാൽ കോവിഡ് കുറഞ്ഞ് സാമ്പത്തിക രംഗം ഉണർവ് പ്രകടമാക്കിക്കഴിഞ്ഞു. അതോടെ ഉൽപന്നങ്ങളുടെ ഡിമാൻഡും വർധിച്ചു. സ്വാഭാവികമായും വിലക്കയറ്റം കൂടാനുള്ള സാധ്യതയേറി. പല മേഖലകളിലും അത് പ്രകടവുമായി.

ഇന്ധന വില കുറയ്ക്കുന്നതോടെ വിലക്കയറ്റം പിടിച്ചു നിർത്താനാകും. ഇക്കാര്യവും എക്സൈസ് നികുതി കുറച്ച വാർത്താക്കുറിപ്പിൽ കേന്ദ്രം വ്യക്തമാക്കുന്നുണ്ട്: ‘ഇന്ധന വിലയിലെ എക്സൈസ് നികുതി കുറയുന്നതോടെ അത് ഉൽപന്നങ്ങളുടെ ഉപഭോഗം കൂട്ടും. നാണ്യപ്പെരുപ്പം കുറച്ചു നിർത്തുകയും ചെയ്യും. അതിന്റെ മുഖ്യ സഹായം ലഭ്യമാവുക പാവപ്പെട്ടവർക്കും മധ്യവർഗത്തിനുമായിരിക്കും. മൊത്തം സാമ്പത്തിക ചക്രത്തിന്റെ വേഗത കൂട്ടാനും അത് സഹായിക്കും.’ കേന്ദ്രം വ്യക്തമാക്കുന്നു.

നാണ്യപ്പെരുപ്പം എന്നത് ഒരു രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സൂചികയായി മാറാറുണ്ട്. അതുവഴി സാധാരണക്കാർക്കുണ്ടാകുന്ന ദുരിതം മാത്രമല്ല പ്രശ്നം. നാണ്യപ്പെരുപ്പം കൂടിയാൽ അത് രാജ്യത്തിന്റെ കടമെടുപ്പു ശേഷിയെയും കിട്ടാനുള്ള വായ്പകളെയും വരെ ബാധിക്കും. ‘മൂഡീസ്’ പോലുള്ള എജൻസികളുടെ രാജ്യാന്തര റേറ്റിങ്ങിൽ ഇന്ത്യ താഴെപ്പോകാനും കാരണമാകും. ജിഡിപി വളര്‍ച്ചയെയും അതു ബാധിക്കും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഭീഷണിയാണ് നാണ്യപ്പെരുപ്പമെന്നു ചുരുക്കം.

ആ പ്രശ്നം നിലനിൽക്കുന്നതിനാൽത്തന്നെ നാണ്യപ്പെരുപ്പം കൂടാതെ നോക്കണമെന്ന് റിസർവ് ബാങ്ക് നേരത്തേത്തന്നെ കേന്ദ്രത്തിന് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നാണ്യപ്പെരുപ്പം കുറയ്ക്കാനുള്ള ഏറ്റവും എളുപ്പവഴി ഇന്ധനവില കുറയ്ക്കുകയെന്നതാണ്. അതായത് നികുതി കുറയ്ക്കുകയെന്നത്. കോവിഡ്‌കാലത്തു പോലും ഇന്ധന നികുതിയിൽ വൻ വർധനവാണ് കേന്ദ്രം വരുത്തിയിരുന്നത്. അതിൽ കുറവു വരുത്തിയേ മതിയാകൂ എന്ന അവസ്ഥയിലായിരുന്നു കേന്ദ്രം. അതിന് ഏറ്റവും അനുയോജ്യമായ സമയമെന്ന നിലയ്ക്കാണ് ദീപാവലിയുടെ തലേന്നു തന്നെ പ്രഖ്യാപനത്തിനു തിരഞ്ഞെടുത്തത്. ഒപ്പം തിരഞ്ഞെടുപ്പും മുന്നിലുണ്ടെന്നതും ബിജെപി മറക്കുന്നില്ല.

ക്രൂഡ് ഓയിലിനും പങ്കുണ്ടോ?

ഇന്ധന വില കുതിച്ചു കയറിയപ്പോഴും ചരക്കുകടത്തു കൂലി എന്തുകൊണ്ട് ഉയരാതെ നിൽക്കുന്നു എന്നതു പലർക്കും അതിശയമായിരുന്നു. അത് ഉൽപന്നങ്ങളുടെ ഡിമാൻഡിൽ കുറവു വന്നതുകൊണ്ടു മാത്രമാണ്. അല്ലെങ്കിൽ സ്വാഭാവികമാകും ഡീസലിന്റെ വില നൂറു രൂപയിലെത്തുമ്പോള്‍ ചരക്കുകടത്തു കൂലി വർധിക്കേണ്ടതാണ്. കൂലി കൂടിയാൽ എല്ലാ മേഖലയിലും പ്രതിഫലിക്കുകയും ചെയ്യും. അത്തരമൊരു വിലക്കയറ്റം വിപണിയിൽ വന്നാൽ കേന്ദ്രം പ്രതീക്ഷിച്ച വളർച്ചാ നിരക്ക് ഈ വർഷമോ അടുത്ത വർഷമോ ഉണ്ടാവില്ല എന്നതും വ്യക്തം.

ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ കുറയാതിരിക്കുന്നിടത്തോളം വലിയ കുറവൊന്നും രാജ്യത്തെ ഇന്ധന വിലയിൽ ഇനി പ്രതീക്ഷിക്കേണ്ട. പക്ഷേ ഒരാശ്വാസമെന്ന നിലയ്ക്ക് കേന്ദ്രത്തിന്റെ മികച്ച നീക്കമാണ് ഇതെന്നും നിരീക്ഷകർ വിലയിരുത്തുന്നു. ക്രൂഡ് ഓയിൽ വില അടുത്ത കാലത്തൊന്നും കുറയാനും സാധ്യതയില്ല. ലോക രാജ്യങ്ങളെല്ലാം ഊർജ മാറ്റത്തിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറയ്ക്കുകയാണ് പല രാജ്യങ്ങളും.

ഒപെക് പ്ലസ് രാജ്യങ്ങളൊന്നും ഉൽപാദനം കൂട്ടാനും സാധ്യതയില്ല. റഷ്യയുടെ ഉൾപ്പെടെ നേതൃത്വത്തിലുള്ള രണ്ടു ഡസനോളം രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക് പ്ലസ്. ഉള്ള സമയംകൊണ്ട് പരമാവധി ലാഭമെന്നതാണ് അവരുടെ ലക്ഷ്യം. അതിനാൽത്തന്നെ വിലക്കയറ്റമെന്ന ‘പ്രതിഭാസം’ ഇനിയും തുടരും. ഇക്കാര്യം കേന്ദ്രത്തിനും അറിയാം. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനു മുൻപെങ്കിലും ജനങ്ങളെ ഒപ്പം നിർത്തുകയെന്ന തന്ത്രമാണ് കേന്ദ്രം പയറ്റുന്നതെന്നതും നിരീക്ഷകർ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here