ട്രോളുകളും കമന്‍റുകളും നിരോധിക്കണം, പിണറായി സാര്‍ വിചാരിച്ചാ നടക്കും: നടി ഗായത്രി സുരേഷ്

0
320

കേരളത്തില്‍ ട്രോളുകളും സോഷ്യല്‍ മീഡിയ കമന്‍റുകളും നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് നടി ഗായത്രി സുരേഷ്. ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയാണ് ഗായത്രി ഈ ആവശ്യം ഉന്നയിച്ചത്. ട്രോളുകളിലൂടെയും വ്യാജപ്രചാരണങ്ങളിലൂടെയും തന്നെ അടിച്ചമര്‍ത്തുകയാണെന്ന് ഗായത്രി പരാതിപ്പെട്ടു.

“എന്തൊക്കെ പറഞ്ഞാലും ട്രോളുകള്‍ അത്ര അടിപൊളിയല്ല. ആള്‍ക്കാരെ കളിയാക്കുക എന്നതാണ് ഉദ്ദേശ്യം. സോഷ്യല്‍ മീഡിയ തുറന്നാല്‍ മുഴുവന്‍ ട്രോളുകളും വൃത്തികെട്ട കമന്‍റുകളുമാണ്. അടിച്ചമര്‍ത്തലാണ് നടക്കുന്നത്. അടിച്ചമര്‍ത്തുന്ന ജനതയെയല്ല നമുക്ക് വേണ്ടത്. ഇതൊക്കെ കണ്ടാണ് പുതിയ തലമുറ വളരുന്നത്. പരസ്പരം പിന്തുണയ്ക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയാണ് നമുക്ക് വേണ്ടത്”- ഗായത്രി പറഞ്ഞു.

താന്‍ ദിലീപേട്ടന്‍റെ വീട്ടില്‍ പോയി കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാന്‍ പോവുകയാണെന്ന് രണ്ട് യു ട്യൂബ് ചാനലുകള്‍ വ്യാജപ്രചാരണം നടത്തിയെന്നും ഗായത്രി സുരേഷ് പറഞ്ഞു. ദിലീപേട്ടന്‍റെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും തനിക്ക് വ്യക്തിപരമായി ദിലീപേട്ടനെയും കാവ്യ ചേച്ചിയെയും അറിയുക പോലുമില്ലെന്നും ഗായത്രി പറഞ്ഞു. ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത് വയലന്‍സ് ആണെന്നും ഗായത്രി ചൂണ്ടിക്കാട്ടി. പിന്നാലെയാണ് ട്രോളുകളും കമന്‍റുകളും നിരോധിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ഗായത്രി മുന്നോട്ടുവെച്ചത്.

“എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ്. സാറിനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. സാറിന്റെ ആശയങ്ങളും എനിക്ക് ഇഷ്ടമാണ്. സോഷ്യൽ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്. മയക്കുമരുന്നിൽ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോൾ ട്രോളുകളിൽ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ? അല്ല എനിക്ക് അറിയാത്തതുകൊണ്ട് ചോദിക്കുകയാണ്. ട്രോൾ വരും. പിന്നെ കമന്‍റ് വരും. കമന്‍റുകള്‍ ആളുകളുടെ മെന്‍റല്‍ ഹെല്‍ത്തിനെ ബാധിക്കുകയാണ്. അതായത് നിങ്ങള്‍ കാരണം ഒരാള്‍ മെന്‍റലാവുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല. സാറിന് പറ്റുമെങ്കില്‍ നല്ല നാടിനായി ആദ്യം ഈ ട്രോളുകൾ നിരോധിക്കണം. സാറ് വിചാരിച്ചാൽ നടക്കും. എലിയെ പേടിച്ച് ഇല്ലം ചുടുകയല്ല വേണ്ടത്, എലിയെയാണ് ചുടേണ്ടത്. എല്ലായിടത്തെയും കമന്‍റ് സെക്ഷൻ ഓഫ് ചെയ്ത് വെയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം സാർ. എന്നെ അത്രമാത്രം അടിച്ചമർത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്നവുമില്ല. ഞാൻ പറയാനുള്ളത് പറയും. നമ്മള്‍ മിണ്ടാതിരുന്നിട്ട് കാര്യമില്ല. ഇവരെ ഇങ്ങനെ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവർക്ക്”- ഗായത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here