ജയില്‍ ചാടിയ ശേഷം 30 വര്‍ഷം ഒളിച്ചുകഴിഞ്ഞയാള്‍ കീഴടങ്ങി, കാരണം ലോക്ക്ഡൗണ്‍!

0
276

ജയില്‍ ചാടിയ ശേഷം മുപ്പതു വര്‍ഷമായി ഒളിച്ചു കഴിയുകയായിരുന്ന 64-കാരന്‍ ഒടുവില്‍ കീഴടങ്ങി. കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി പോവുകയും താമസസ്ഥലം നഷ്ടമാവുകയം ചെയ്തതിനെ തുടര്‍ന്നാണ് ഇയാള്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ചെന്ന് പഴയ കഥകള്‍ പറഞ്ഞ് കീഴടങ്ങിയത്. തുടര്‍ന്ന് ഇയാളെ കോടതി രണ്ട് മാസം അധിക തടവിന് ശിക്ഷിച്ചു. കഞ്ചാവ് വളര്‍ത്തിയ കേസില്‍ 33 മാസം തടവിനു ശിക്ഷിച്ച ഇയeള്‍ ബാക്കിയുള്ള 14 മാസം തടവുകൂടി ഇതോടൊപ്പം അനുഭവിക്കണം.

ഓസ്‌ട്രേലിയയിലാണ് സംഭവം. പഴയ യൂഗോസ്‌ലാവ്യയില്‍നിന്നും അഭയാര്‍ത്ഥിയായി ഓസ്‌ട്രേലിയയില്‍ എത്തിയ ഡാര്‍കോ ദെസിക എന്നയാളാണ് 30 വര്‍ഷം ഒളിവുജീവിതം നയിച്ചശേഷം കീഴടങ്ങിയത്. 1992-ലാണ് ഗ്രാഫ്റ്റണ്‍ ജയിലില്‍നിന്നും സെല്ലിന്റെ കമ്പിയഴികള്‍ മുറിച്ചുമാറ്റി ഇയാള്‍ സാഹസികമായി തടവുചാടിയത്. കഞ്ചാവ് വളര്‍ത്തിയ കേസില്‍ 33 മാസം തടവിനു ശിക്ഷിച്ചതായിരുന്നു. ജയില്‍ ചാടിയ ശേഷം കഴിഞ്ഞ 30 വര്‍ഷമായി ഡി വൈ കടലോരഗ്രാമത്തില്‍ ചെറിയ ജോലികള്‍ ചെയ്ത് കഴിയുകയായിരുന്നു. ഇയാള്‍ക്കു വേണ്ടി അന്വേഷണം നടന്നിരുന്നുവെങ്കിലും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇവിടെ ശാന്തമായ ജീവിതം നയിക്കുകയായിരുന്നു ഡാര്‍കോ mന്ന് നാട്ടുകാര്‍ പറയുന്നു. എല്ലാവര്‍ക്കും ആദരവുള്ള ഒരാളായി ലളിത ജീവിതം നയിക്കുകയായിരുന്നു ഇയാള്‍. ഈയിടെ കൊവിഡ് രോഗവ്യാപനം വര്‍ദ്ധിച്ച സമയത്ത് ഓസ്‌ട്രേലിയയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അതോടെ ഇയാളുടെ ജോലി പോയി. വാടക കൊടുക്കാന്‍ നിര്‍വാഹമില്ലാതെ താമസിക്കുന്ന സ്ഥലത്തുനിന്നും പുറത്തായ ഇയാള്‍ കടലോരത്ത് മണലില്‍ കിടന്നുറങ്ങുകയായിരുന്നു. ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്നാണ് സെപ്തംബര്‍ ആദ്യം ഇയാള്‍ സമീപത്തെ പൊലീസ് സ്‌റ്റേഷനില്‍ ചെന്ന് കീഴടങ്ങിയത്. തുടര്‍ന്ന് കോടതി ഇയാളെ ബാക്കി ശിക്ഷ പൂര്‍ത്തീകരിക്കാന്‍ വിധിച്ചു. തടവുചാടിയതിന് രണ്ട് മാസം തടവുകൂടി അനുഭവിക്കണമെന്നും കോടതി വിധിച്ചു.

 

Covid forced jail breaker to surrender after 30 years

 

നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ട ആളായതിനാല്‍, ഇയാളുടെ കോടതി ചിലവുകള്‍ക്കായി വലിയ ധനസമാഹരണം നടന്നിരുന്നു. തുടര്‍ന്ന്, അവിടത്തെ നല്ലൊരു അഭിഭാഷകന്‍ കേസില്‍ ഇടപെട്ടു. ജയില്‍ ചാടിയ ശേഷം ഒരു ക്രിമിനല്‍ കേസുമില്ലാത്ത ഇയാള്‍ക്ക് മാനസാന്തരം വന്നതായും വീണ്ടും ജയിലിലേക്ക് അയക്കരുതെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ജയില്‍ ചാടുന്നവര്‍ക്ക് അതൊരു പ്രചോദനം ആവുന്നതിനാല്‍ ശിക്ഷ അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ വാദിച്ചത്. കോടതി ഈ വാദം മുഖവിലയ്ക്ക് എടുത്താണ് വീണ്ടും തടവുശിക്ഷ വിധിച്ചത്. ശിക്ഷ കഴിഞ്ഞാല്‍, ഇയാളെ ജന്‍മനാട്ടിലേക്ക് നാടുകടത്തുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

എന്നാല്‍, നാട്ടിലേക്ക് നാടുകടത്തുമോ എന്ന് ഭയന്നാണ് ഇയാള്‍ സത്യത്തില്‍ ജയില്‍ ചാടിയത് എന്നാണ് അഭിഭാഷകന്‍ പറയുന്നത്. മുന്‍ യൂഗോസ്‌ലാവ്യയില്‍ ജനിച്ച ഇയാള്‍ അങ്ങോട്ട് നാടുകടത്തപ്പെട്ടാല്‍ നിര്‍ബന്ധിത സൈനിക സേവനത്തിന് വിധേയമാവുമെന്ന് ഭയന്നാണ് ജയിലില്‍നിന്നും രക്ഷപ്പെട്ടത് എന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നത്. ഇയാളെ എങ്ങോട്ടേക്കാണ് നാടുകടത്തുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here