കേരള പൊലീസിലെ 744 ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികൾ: പത്ത് വർഷത്തിനിടെ പിരിച്ചു വിട്ടത് 18 പേരെ മാത്രം

0
172

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയിൽ 744 പൊലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസിൽ പ്രതികളാണെന്ന് കണക്കുകൾ. കഴിഞ്ഞ പത്ത് വർഷത്തിനിടെയിലുള്ള കണക്കാണിത്. കേസുകളിൽ ശിക്ഷപ്പെട്ട 18 പേരെയാണ് സർവ്വീസിൽ നിന്നും പുറത്താക്കിയത്.

സംസ്ഥാനത്ത് സിവിൽ പൊലീസ് ഉദ്യോഗസ്ഥർ മുതൽ ഉന്നത ഉദ്യോഗസ്ഥർവരെ 744 പേർ ക്രിമിനൽ കേസിൽ പ്രതികളാണെന്നാണ് ഇതുമായി ബന്ധപ്പെട്ട രേഖകളിൽ നിന്നും വ്യക്തമാവുന്നത്. കേസിൽ പ്രതികളായ 18 പേരെ ഇതിനോടകം സ‍ർവ്വീസിൽ നിന്നും പിരിച്ചുവിട്ടു. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പിരിച്ചുവിട്ടവരുടെ കണക്കാണിത്.  പിരിച്ചുവിട്ടവരുടെ കണക്ക് പൊലീസ് വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോടതി കുറ്റക്കാരായി കണ്ടെത്തിയ ശേഷം പിരിച്ചുവിട്ടവരുടെ കണക്കു മാത്രണിത്. ഉദയകുമാർ ഉരുട്ടികൊലക്കേസിലെ ഡിവൈഎസ്പിയും രണ്ടു പോലീസുകാരും മുതൽ പോക്സോ കേസിൽ ശിക്ഷപ്പെട്ട പൊലീസുകാരൻ വരെയാണ് പിരിച്ചുവിട്ടവരുടെ പട്ടികയിലുള്ളത്.

ഗുരുതര കൃത്യവിലോപം കണ്ടെത്തിയ എസ്ഐ വരെയുള്ള ഉദ്യോഗസ്ഥരെ റെയ്‌ഞ്ച് ഐജിമാർക്ക് പിരിച്ചുവിടാൻ അധികാരമുണ്ട്. ഇങ്ങനെ പിരിച്ചു വിട്ടവരെ കൂടി ഉൾപ്പെടുത്തിയാൽ സേനയിൽ നിന്നും പുറത്തായ ക്രിമിനലുകളുടെ എണ്ണം ഇനിയും കൂടും. നിലവിൽ 691 പേർക്കെതിരെയാണ് വകുപ്പ് തല അന്വേഷണം നടക്കുന്നത്. കോടതിയിൽ കേസുള്ളപ്പോൾ വകുപ്പ് തല അന്വേഷണവും ഇഴഞ്ഞുനീങ്ങും.

ഇതിനകം കേസിൽ ഉൾപ്പെട്ട് സസ്പെൻഷനിലാകുന്ന പല പൊലീസ് ഉദ്യോഗസ്ഥരും തിരികെ കയറുകയും നിർണായക പദവികൾ വഹിക്കുകയും ചെയ്യുന്ന സാഹചര്യവുമുണ്ട്. ക്രിമിനൽ കേസിൽ ഉൾപ്പെട്ടതും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരുടെ പട്ടിക മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ വായിച്ചിരുന്നു. മുഖ്യമന്ത്രി വായിച്ച പട്ടികയിൽ ഉള്ള അച്ചടക്ക നടപടി നേരിട്ടവരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥർ ഇപ്പോഴും സ്റ്റേഷൻ ചുമതലയും സബ് ഡിവിഷൻ ചുമതലയും വഹിക്കുന്നുണ്ട്. ഉത്രക്കേസിൽ അച്ചടക്ക നടപടി നേരിട്ട എസ്എച്ച്ഒ സുധീർ ആലുവ പൊലീസിലെ പ്രധാനപ്പെട്ട സ്റ്റേഷനിലെത്തിയത് തന്നെ ഇതിനു തെളിവാണ്. നവവധുവിൻെറ ആത്മഹത്യയിൽ ആരോപണ നേരിടുകയാണ് ഇപ്പോൾ സുധീർ.

LEAVE A REPLY

Please enter your comment!
Please enter your name here