ഒമിക്രോണ്‍ ആശങ്ക; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

0
242

ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ആശങ്ക പരത്തുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഊര്‍ജിത നടപടികള്‍ സ്വീകരിക്കാനും കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്താനും എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം നിര്‍ദേശം നല്‍കി.

വാക്‌സിനേഷന്‍ കൂടുതലാളുകളിലേക്ക് എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡിന്റെ ജനിതക വ്യതിയാനം വന്ന വൈറസ് വകഭേദം ഒമിക്രോണ്‍ ആദ്യമായി കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലാണ്.

ഒമിക്രോണ്‍ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ”അറ്റ് റിസ്‌ക്” പട്ടികയില്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാരുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്കു വേണ്ടിയാണിത്.

ഊര്‍ജിത നടപടി, സജീവ നിരീക്ഷണം, വാക്‌സിനേഷന്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കല്‍, കോവിഡ് അനുയോജ്യ പെരുമാറ്റം എന്നിവ ഫലപ്രദമായി നടപ്പാക്കേണ്ടത് ആശങ്കയുണര്‍ത്തുന്ന ഈ വകഭേദത്തെ കൈകാര്യം ചെയ്യാന്‍ അനിവാര്യമാണ്- ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

അന്താരാഷ്ട്ര വിമാനങ്ങളില്‍ എത്തുന്നവരുടെ യാത്രാവിവരങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് സംസ്ഥാനതലത്തില്‍ അവലോകനം ചെയ്യാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനത്തെ തടയാന്‍ പരിശോധനയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തണം. ചില സംസ്ഥാനങ്ങളില്‍ ആകെ പരിശോധനയും ആര്‍.ടി.പി.സി.ആര്‍. പരിശോധനാ അനുപാതവും കുറഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് പരിശോധന നടത്താതിരുന്നാല്‍ രോഗവ്യാപനത്തിന്റെ ശരിയായ തോത് മനസ്സിലാക്കാന്‍ സാധിക്കാതെ പോകുമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഹോട്ട് സ്‌പോട്ടുകള്‍ അല്ലെങ്കില്‍ ഈയടുത്ത് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തയിടങ്ങളില്‍ നിരീക്ഷണം തുടരണം. എല്ലാ പോസിറ്റീവ് സാമ്പിളുകളും ജീനോം സീക്വന്‍സിങ്ങിനായി അയക്കണമെന്നും നിര്‍ദേശമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here