ഒടുവിൽ സർക്കാർ തുറന്നു സമ്മതിക്കുന്നു; 2018ലെ പ്രളയകാരണം ഡാം തുറന്നത് തന്നെ

0
312

തിരുവനന്തപുരം: 2018-ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ആഘാതം കൂട്ടാൻ ഡാം തുറന്നത് കാരണമായെന്നു സമ്മതിച്ച് സർക്കാർ. കേരളത്തിലെ പ്രളയങ്ങളിലെ മുന്നൊരുക്കവും പ്രതിരോധവും സംബന്ധിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ(സി.എ.ജി.) റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മുല്ലപ്പെരിയാർ ഡാം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കിൽ പ്രളയത്തിന്റെ ശക്തി കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നാണ് സർക്കാർ സി.എ.ജി.യെ അറിയിച്ചത്.

ഇടുക്കി ഡാം തുറക്കാനുണ്ടായ കാരണം വിശദീകരിക്കുന്നതിലാണ് മുല്ലപ്പെരിയാറിനെ പരാമർശിക്കുന്നത്. ഫലത്തിൽ, ഡാമുകൾ കൂട്ടത്തോടെ തുറന്നതാണ് പ്രളയത്തിന്റെ പ്രഹരം കൂട്ടിയതെന്ന സമ്മതിക്കൽ ഈ വിശദീകരണത്തിലുണ്ട്. അണക്കെട്ടുകൾ ഏറെയുള്ള ഇടുക്കി ജില്ലയെയാണ് സി.എ.ജി. പഠനജില്ലയായി കണക്കാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ മറ്റ് അണക്കെട്ടുകൾ തുറന്നതിന്റെ വിശദാംശങ്ങൾ ഇതിൽ പറയുന്നില്ല. അപകടസാധ്യതയുള്ള ജില്ലകളുടെ ‘സാംപിൾ’ എന്ന നിലയിൽ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

2018 ഓഗസ്റ്റ് 15 മുതൽ 18 വരെ കനത്തപ്രളയമുണ്ടായ സമയത്ത് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തുന്നതിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പങ്ക് വളരെ വലുതായിരുന്നുവെന്നാണ് സർക്കാർ വിശദീകരണത്തിലുള്ളത്. ഒരു മുന്നറിയിപ്പുമില്ലാതെ ഏതുനിമിഷവും തമിഴ്‌നാട് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇടുക്കി അണക്കെട്ടിന്റെ ഭദ്രത ഉറപ്പുവരുത്താൻ, അതിൽനിന്ന് വെള്ളം നിയന്ത്രിതമായി തുറന്നുവിടൽ ഉറപ്പുവരുത്താനുള്ള സജ്ജീകരണം കെ.എസ്.ഇ.ബി.ക്ക് ചെയ്യേണ്ടിവന്നു. കനത്ത പ്രളയദിവസങ്ങളിൽ മുല്ലപ്പെരിയാറിൽനിന്ന് 169.97 എം.സി.എം. വെള്ളം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കിൽ പ്രളയത്തിന്റെ ശക്തി കുറയ്ക്കാൻ കഴിഞ്ഞേനെയെന്നാണ് സർക്കാർ വിശദീകരിച്ചത്.

ഏകീകൃത റിസർവോയർ മാനേജ്‌മെന്റ് പ്ലാൻ ഇല്ലാത്തതിന്റെ അപകടമാണ് സർക്കാർ വിശദീകരണത്തിലുള്ളതെന്ന് സി.എ.ജി. റിപ്പോർട്ടിൽ നിരീക്ഷിക്കുന്നു. റിസർവോയറുകളിൽനിന്ന് വെള്ളം പുറന്തള്ളുന്ന സംവിധാനം മെച്ചപ്പെടുത്തേണ്ടതു സംസ്ഥാനത്തിന്റെ ചുമതലയാണെന്നും സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു.

ഡാമിൽനിന്ന് വെള്ളം തുറന്നുവിടുന്നത് ‘റൂൾകർവ്’ അടിസ്ഥാനമാക്കിയാണ്. എന്നാൽ, പ്രളയകാലത്ത് റിസർവോയർ പ്രവർത്തനങ്ങൾക്ക് ഒരു റൂൾകർവും പിന്തുടർന്നിട്ടില്ലെന്ന് കെ.എസ്.ഇ.ബി. അറിയിച്ചതായും സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു.

പ്രളയ പ്രതിരോധത്തിന് വ്യവസ്ഥയില്ല -സി.എ.ജി.

ആവർത്തിച്ച് പ്രളയമുണ്ടായിട്ടും ജലനയം പരിഷ്കരിക്കാനോ പ്രളയപ്രതിരോധ വ്യവസ്ഥകൾ കൊണ്ടുവരാനോ സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ലെന്ന് സി.എ.ജി. റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. പ്രളയപ്രതലങ്ങൾ വേർതിരിക്കുന്ന നിയമത്തിന്റെ കുറവ്, ജലാശയങ്ങളിലെ കൈയേറ്റം, പ്രളയ പ്രവചന കേന്ദ്രങ്ങളുടെ അഭാവം എന്നിവയെല്ലാം സംസ്ഥാനത്തിന്റെ വീഴ്ചയായി സി.എ.ജി. ചൂണ്ടിക്കാട്ടുന്നുണ്ട്. 2010-ൽ തയ്യാറാക്കിയ കാലഹരണപ്പെട്ട പ്രളയഭൂപടമാണ് കേരളം ഇപ്പോഴും ആശ്രയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ദുരന്തസാധ്യത കൂടുതലാണ്. ഇതിൽ പ്രളയമാണ് കൂടുതൽ അനുഭവിക്കേണ്ടിവരുന്നത്. ഇത് നേരിടാൻ മികച്ച ആസൂത്രണം, നിർവഹണം എന്നിവ സംസ്ഥാനത്തുണ്ടാകണം.

ജലവിഭവ വികസനത്തിനുള്ള മാസ്റ്റർപ്ലാൻ, നദികളുടെ മാസ്റ്റർപ്ലാൻ, നദീതടപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവയ്ക്കായി പ്രത്യേകം അതോറിറ്റി രൂപവത്കരിക്കണം. വിശ്വസനീയമായ ഫ്ളഡ് ഹസാർഡ് മാപ്പ് തയ്യാറാക്കാനുള്ള മാർഗങ്ങൾ സംസ്ഥാനം തേടണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ജലാശയങ്ങളുടെ കുറവും പ്രളയസാധ്യത കൂട്ടി. പെരിയാർ നദീതടമേഖലയിൽ കെട്ടിടങ്ങൾ വൻതോതിൽ കൂടി. നദികളുടെ ഒഴുക്ക് തടസ്സപ്പെടുന്ന വിധത്തിലാണ് കൈയേറ്റം. ഇതൊഴിപ്പിക്കാൻ നിരന്തര നിരീക്ഷണവും നടപടികളും വേണം. ചെറുതോണിയിലെ അനധികൃതനിർമാണം ഒഴിപ്പിക്കാൻ സർക്കാർ മുൻഗണന നൽകണം.

സി.എ.ജി.യുടെ കണ്ടെത്തൽ

* പ്രളയം നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ഇതിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും സംസ്ഥാനങ്ങളോട് 2012-ൽ ദേശീയ ജലനയത്തിൽ നിർദേശിക്കുന്നുണ്ട്. കേരളം ഇതനുസരിച്ചുള്ള നടപടികൾ സ്വീകരിച്ചില്ല. 2008-ൽ രൂപംനൽകിയ സംസ്ഥാന ജലനയത്തിൽ പ്രളയ നിയന്ത്രണ നടപടികൾ പരിഗണിച്ചിട്ടില്ല.

* പ്രളയ നിയന്ത്രണ-ലഘൂകരണ പ്രവൃത്തികൾക്ക് ചെലവഴിച്ച ഫണ്ടുകൾ പൂർണമായി അതിന് ഉതകുന്നതായിരുന്നില്ല. 55.17 കോടിയുടെ 273 പ്രവൃത്തികൾ ദുരന്തനിവാരണവുമായി ബന്ധമില്ലാതെ ജനപ്രതിനിധികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും അപേക്ഷ പരിഗണിച്ച് അനുവദിച്ചു.

* 44 പുഴകളിൽ 42 എണ്ണത്തിന് മാസ്റ്റർ പ്ലാനില്ല. നാലു ജില്ലകളിൽ മാത്രം നടത്തിയ പരിശോധനയിൽ 913 ജലാശയങ്ങളിൽ കൈയേറ്റം കണ്ടെത്തി.

* സംസ്ഥാന റിവർമാനേജ്‌മെന്റ് അതോറിറ്റി രൂപവത്കരിച്ചില്ല. പരിശോധനകളും നടപടികളും ഉണ്ടായിരുന്നെങ്കിൽ കൊച്ചി വിമാനത്താവളവും പരിസരവും പ്രളയസമയത്ത് വെള്ളത്തിലാകില്ലായിരുന്നു.

* മഴയുടെ തോത് അളക്കാൻ വേണ്ടത്ര സംവിധാനമില്ല. പെരിയാർ നദീതടത്തിൽ 32 റെയിൻ ഗേജ് സ്ഥാപിക്കാനാണ് നിർദേശം. ആറെണ്ണം മാത്രമാണ് സ്ഥാപിച്ചത്.

* കേന്ദ്ര ജലക്കമ്മിഷൻ ആവശ്യപ്പെട്ടിട്ടും പ്രളയപ്രവചനകേന്ദ്രം സ്ഥാപിക്കാനുള്ള വിശദാംശങ്ങൾ സംസ്ഥാനം നൽകിയില്ല.

* ദുരന്തഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ആശയവിനിമയ സംവിധാനം പരാജയമാണ്. 2.65 കോടി മുടക്കി സ്ഥാപിച്ച ഉയർന്ന ഫ്രിക്വൻസി ഉപകരണങ്ങളിൽ 82 ശതമാനവും പ്രവർത്തനരഹിതം.

* 17 അണക്കെട്ടുകളുള്ള ഇടുക്കിയിൽപ്പോലും നല്ല ഭൂകമ്പമാപിനികൾ സ്ഥാപിച്ചില്ല. 90 കോടി ചെലവിൽ സ്ഥാപിച്ച ഡിജിറ്റൽ ഉപകരണം വെറുതേയായി. 50.93 ലക്ഷത്തിന് വാങ്ങിയ ഗുരാൽപ് ഭൂകമ്പമാപിനി മൂന്നുവർഷമായി തിരുവനന്തപുരത്തെ ഓഫീസിൽ കെട്ടിക്കിടക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here