സ്ഥിതി ഗൗരവതരം; കുടുങ്ങിയവരെ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് രക്ഷിക്കും: മുഖ്യമന്ത്രി

0
286

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇപ്പോഴുള്ളത് ഗൗരവതരമായ അവസ്ഥയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒടുവില്‍ വന്ന കാലാവസ്ഥാപ്രവചനം ആശ്വാസം നല്‍കുന്നതെങ്കിലും ജാഗ്രത തുടരണം. മഴക്കെടുതിയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാമുകള്‍ അപകടകരമായ നിലയിലല്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അറിയിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്:

കേരളത്തിൽ പലയിടങ്ങളിലും മഴ ശക്തമാവുകയും നാശം വിതക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിതീവ്ര മഴ തുടരുന്ന എല്ലാ മേഖലളിലും രക്ഷാപ്രവർത്തനം ശക്തമാക്കും. സർക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി രംഗത്തിറങ്ങും. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ആളുകളെ പെട്ടെന്നു തന്നെ മാറ്റിപ്പാർപ്പിക്കും. കോട്ടയം ജില്ലയടക്കം മഴക്കെടുതി രൂക്ഷമായ മേഖലകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കും.

ആളുകളെ സുരക്ഷിതരായി മാറ്റിപ്പാർപ്പിക്കാൻ ആവശ്യമായ ദുരിതാശ്വാസ ക്യാംപുകൾ എല്ലായിടത്തും സജ്ജമാവുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യാംപുകൾ സജ്ജമാക്കാൻ അവശ്യമായ നിർദ്ദേശങ്ങൾ നൽകി. ക്യാംപുകളിൽ ആവശ്യത്തിന് മരുന്നുകൾ സൂക്ഷിക്കാനും വാക്സീൻ എടുക്കാത്തവരുടെയും അനുബന്ധരോഗികളുടെയും കാര്യത്തിൽ പ്രത്യേകം ജാഗ്രത കാണിക്കാനും അധികൃതർ ശ്രദ്ധിക്കണം.

തീരദേശ മേഖലയിൽ ഇടക്കിടെ മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും. ദേശീയ ദുരന്ത പ്രതിരോധസേന നിലവിൽ മികച്ച സഹായമാണ് നൽകുന്നത്. ആർമി, നേവി, എയർഫോഴ്സ് എന്നീ സേനാവിഭാഗങ്ങളുടെ സഹായം അവശ്യഘട്ടങ്ങളിൽ ഉറപ്പു വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കും. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ വള്ളങ്ങൾ, ബോട്ടുകൾ എന്നിവ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ സജ്ജമാക്കും. ലഭ്യമായ വള്ളങ്ങളുടെയും ബോട്ടുകളുടെയും ലിസ്റ്റ് തയാറാക്കിവയ്ക്കണമെന്ന നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here