ബെംഗളൂരുവിൽ കെട്ടിടം തകർന്നു; രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവം – വിഡിയോ

0
296

ബെംഗളൂരു ∙ ബാനസവാടിക്കു സമീപം കസ്തൂരിനഗർ ഡോക്ടേഴ്സ് ലേഔട്ടിൽ ഇന്നലെ അ‍ഞ്ചു നില അപ്പാർട്മെന്റ് കെട്ടിടം തകർന്നതോടെ നിർമാണരംഗത്തെ പാളിച്ചകൾ വീണ്ടും ചർച്ചയിലേക്ക്. ഇന്നലെ കെട്ടിടം തകരും മുൻപ് താമസക്കാരെ ഒഴിപ്പിച്ചതിനാലാണ് ആളപായം ഒഴിവായത്. നഗരത്തിൽ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണിത്.

ഉച്ചയ്ക്ക് 12.30നു ശേഷം കെട്ടിടത്തിൽ പൊട്ടലുകൾ രൂപപ്പെട്ടതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്. പൊലീസും അഗ്നിശമന സേനയും ചേർന്ന് ബാരിക്കേഡും മറ്റും കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടർന്ന് വൈകിട്ടോടെയാണ് കെട്ടിടം പൂർണമായും തകർന്നത്. സമീപത്തെ വീടിനു മുകളിലേക്കു വീഴുകയായിരുന്നു. കെട്ടിടത്തിന്റെ ടെറസിൽ ചില നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നതായി പ്രദേശവാസികൾ ‍പൊലീസിനോടു പറഞ്ഞു.

5-6 വർഷം മാത്രം പഴക്കമുള്ള കെട്ടിടത്തിൽ 8 ഫ്ലാറ്റുകളാണുള്ളത്. ഇതിൽ 3 കുടുംബങ്ങൾ മാത്രമേ താമസിച്ചിരുന്നുള്ളൂ. കെട്ടിടം തകർന്നതിന്റെ കാരണം ബിബിഎംപി എൻജിനീയർമാർ പരിശോധിച്ചു വരികയാണ്. ബാനസവാടിയിൽ തകർന്ന കെട്ടിടം പൂർണമായും പൊളിച്ചു മാറ്റുമെന്ന് ബിബിഎംപി അധികൃതർ അറിയിച്ചു.

കഴിഞ്ഞയാഴ്ച ഡയറി സർക്കിളിലെ കർണാടക മിൽക്ക് ഫെഡറേഷനു കീഴിലുള്ള ബാംഗ്ലൂർ മിൽക്ക് യൂണിയൻ (ബമുൽ) ക്വാർട്ടേഴ്സും ലക്കസന്ദ്രയിൽ മെട്രോ നിർമാണ തൊഴിലാളികളെ പാർപ്പിച്ചിരുന്ന 3 നില കെട്ടിടവും തകർന്നത് വലിയ ചർച്ചയായിരുന്നു. തുടർന്ന് നഗരത്തിലെ കെട്ടിടങ്ങളുടെ ഉറപ്പിനെ കുറിച്ചുള്ള സർവേ നടത്തുമെന്ന് ബിബിഎംപി അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here