പോലീസ് മാറേണ്ട സമയം അതിക്രമിച്ചു, രാജാക്കന്മാരാണെന്ന തോന്നല്‍ ഉണ്ടാകരുത്: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

0
168

കൊച്ചി: പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജാക്കന്മാരാണ് എന്ന തോന്നല്‍ പോലീസുകാര്‍ക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

പോലീസുകാര്‍ക്കെതിരേ നടപടി വേണമെന്ന കോടതി ഉത്തരവ് പോലീസിന്റെ മനോവീര്യം തകര്‍ക്കുമെന്ന നിലപാട് തെറ്റാണ്. തെറ്റു ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

പോലീസ് മാറണം. മാറേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. അതില്‍ യാതൊരു സംശയവും വേണ്ട. ആ ഫോഴ്‌സിന്റെ നിലനില്‍പ്പ് എന്നു പറയുന്നത് മാറ്റത്തിലൂടെ മാത്രമാണ്. മാറാതെ ഒരു കാരണവശാലും ഈ ഫോഴ്‌സിന് മുന്നോട്ടുപോകാന്‍ പറ്റില്ല. തെറ്റു ചെയ്താല്‍ പിടിക്കപ്പെടുമെന്നും തെറ്റ് ചെയ്യാത്ത ഒരാള്‍ക്ക് ബുദ്ധിമുട്ട് വരില്ലെന്നും പറയുന്ന കാലത്തു മാത്രമേ നമ്മുടെ ഫോഴ്‌സുകള്‍ ശരിയാകൂ. പരമാധികാര റിപ്പബ്ലിക് എന്ന് പറയുന്ന നമ്മുടെ രാജ്യത്ത് ശരിക്കുള്ള രാജാവ് ഇവിടുത്തെ ഓരോ പൗരനുമാണ്. അത് നിങ്ങളുമാകാം. ചില പോലീസ് സ്‌റ്റേഷന്‍ മാത്രം ജനമൈത്രി സ്‌റ്റേഷന്‍ ആകുന്നത് തെറ്റാണ്. എല്ലാ പോലീസ് സ്‌റ്റേഷനും ജനമൈത്രി ആകണം. എല്ലാ പോലീസ് സ്‌റ്റേഷനും സാധാരണ ഓഫീസ് പോലെ ആകണം- അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here