നാലു വർഷം മുമ്പ് ഓട്ടോയിൽ കാണാതായ സ്വർണപാദസരം അതേ ഓട്ടോയിൽ നിന്ന് തിരിച്ചുകിട്ടി

0
1743

മലപ്പുറം: നാലു വർഷമായി തന്റെ തന്റെ കയ്യിൽ സൂക്ഷിച്ച ‘ഫിക്സഡ് ഡെപോസിറ്റ്’ ഫലം കണ്ടതിന്റെ നിറവിലാണ് നിലമ്പൂരിലെ ഓട്ടോ ഡ്രൈവർ രാമൻകുത്ത് ഹനീഫ. കഴിഞ്ഞ 18 വർഷങ്ങളായി ഓട്ടോ ഓടിച്ച് ജീവിക്കുന്ന ഹനീഫയ്ക്ക് നാലു വർഷങ്ങൾക്ക് മുൻപാണ് ഒന്നരപ്പവൻ വരുന്ന ഒരു ജോഡി തങ്കക്കൊലുസ്സ് ഓട്ടോയുടെ ഉള്ളിൽ നിന്നു ലഭിച്ചത്.

ഇത്രയും നാളത്തെ കാത്തിരിപ്പിനൊടുവിൽ യഥാർത്ഥ ഉടമയെ കണ്ടെത്തി ആഭരണം തിരികെ ഏൽപ്പിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഹനീഫ.

സിനിമയെ വെല്ലുന്ന തരം സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്.ഹനീഫയുടെ ഓട്ടോയിൽ കയറിയ സ്ത്രീ അവരുടെ മകളുടെ സ്വർണ്ണക്കൊലുസുകൾ മറന്നുവച്ചതാണ് കഥയുടെ തുടക്കം.

നാലു വർഷങ്ങൾക്ക് മുൻപ് നിലമ്പൂർ വീട്ടിച്ചാൽ തിരുത്തിങ്കൽ അൻസയും ഭർത്താവ് അബ്ദുള്ളയും ഓട്ടോയിൽ കയറി. ഇറങ്ങിയപ്പോൾ മകളുടെ സ്വർണക്കൊലുസ് മറന്നു പോയി. ഹനീഫ ഓട്ടോയുടെ സീറ്റു കഴുകുന്നതിനിടെ പിൻസീറ്റിനടിയിൽ ഒരുജോഡി തങ്കക്കൊലുസ്സ് കണ്ടെത്തി. ഓട്ടോയുടെ സീറ്റ് മാസങ്ങളുടെ ഇടവേളയിലാണ് സീറ്റ് കഴുകി വൃത്തിയാക്കുന്നത്. അതിനാൽ എപ്പോഴാണ് ആ കൊലുസ്സ് കിട്ടിയതെന്ന് കണ്ടെത്താൻ ഹനീഫയ്ക്കായില്ല. പിന്നെ യഥാർത്ഥ ഉടമയ്ക്കായുള്ള കാത്തിരിപ്പിലായി.

ലോക്ക്ഡൗൺ കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ പോലും തങ്കക്കൊലുസ്സ് ഇദ്ദേഹം ഒരു നിധിപോലെ കാത്തുസൂക്ഷിച്ചു.

ഏതാനും ദിവസങ്ങൾക്കു മുൻപ് രാത്രി എട്ടുമണിയോട് കൂടി നിലമ്പൂർ ആശുപത്രി റോഡിൽ നിന്നും വീട്ടിലേക്കു പോകാനായി അൻസ യാദൃശ്ചികമായി ഹനീഫയുടെ ഓട്ടോയിൽ കേറി. ഓട്ടോയിൽ കയറിയ ഉടൻ അൻസ യാദൃശ്ചികമായി നഷ്‌ടപ്പെട്ട കൊലുസ്സിനെ കുറിച്ച് സംസാരിക്കുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി.

വർഷങ്ങൾക്ക് മുൻപ് എക്സ്റേ എടുക്കാനായി അഴിച്ചുമാറ്റിയ മകളുടെ സ്വർണ്ണ പാദസരങ്ങൾ രണ്ടും ചേർത്ത് കൊളുത്തിയ നിലയിൽ ഓട്ടോയിൽ നഷ്‌ടപ്പെട്ട വിവരം അൻസ പറഞ്ഞു. തന്റെ പക്കലുള്ള കൊലുസിന്റെ ഉടമ അൻസയാണ് എന്ന് ഹനീഫ അതോടെ തിരിച്ചറിഞ്ഞു..

ഒടുവിൽ ഹനീഫ അബ്ദുല്ലയുടെ വീട്ടിലെത്തി കൊലുസ്സുകൾ അൻസയ്ക്ക് കൈമാറി. ഹസീനയാണ് ഹനീഫയുടെ ഭാര്യ. റിഷാൻ, റയാൻ എന്നിവരാണ് മക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here