തൊടുപുഴയിൽ കാർ ഒഴുക്കിൽപ്പെട്ട് പെൺകുട്ടി മരിച്ചു; ഒപ്പമുണ്ടായിരുന്നവർക്കായി തിരച്ചിൽ

0
307

ഇടുക്കി: ശക്തമായ മഴയിൽ തൊടുപുഴ കാഞ്ഞാറിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു. കാറിലുണ്ടായിരുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടെയുണ്ടായിരുന്നവർക്കായി തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തിയിട്ടുണ്ട്. കനത്ത മഴയിൽ മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് കനത്ത നാശനഷ്ടം ഉണ്ടായത്. ഇടുക്കിയിലും പത്തനംതിട്ടയിലും മണ്ണിടിച്ചിൽ ഉണ്ടായി. ഉരുൾപൊട്ടലുണ്ടായ കോട്ടയത്തെ കുട്ടിക്കൽ പഞ്ചായത്തിൽ സ്ഥിതി അതീവ ഗുരുതരം. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായാണ് വിവരം. ഇനിയും ഏഴു പേരെ കാണാനില്ലെന്ന് നാട്ടുകാർ പറയുന്നു.

അതേസമയം കേരളത്തിന് സമീപം വീണ്ടും ന്യൂനമർദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനുള്ളിൽ അറബി കടലിൽ ന്യൂനമർദ്ദം (Low Pressure) രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.  സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. അതിനാൽ അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ പല സ്ഥലങ്ങളിലും തോടുകള്‍ കരകവിഞ്ഞു. പല റോഡുകളിലും വെള്ളം കയറി.

പൂഞ്ഞാര്‍ തെക്കേക്കരയില്‍ റെക്കോഡ് മഴയാണ് ഒറ്റമണിക്കൂറിനുള്ളില്‍ പെയ്തത്. ഇവിടെ പല റോഡുകളും വെള്ളത്തിലായി. പെരിങ്ങുളം – അടിവാരം മേഖലയില്‍ വെള്ളം കയറി. കാഞ്ഞിരപ്പള്ളി 26-ാം മൈലില്‍ വെള്ളം കയറിയതിനാല്‍ എരുമേലി- മുണ്ടക്കയം ഭാഗത്തേക്ക് യാത്ര നിരോധിച്ചു. ഇടുക്കിയില്‍ ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ടുണ്ടായി. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ ശക്തമായി തുടരുകയാണ്. പൂഞ്ഞാര്‍, മുണ്ടക്കയം, ഇളങ്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായി മഴ പെയ്യുന്നത്.

പൂഞ്ഞാര്‍ തെക്കേക്കരയില്‍ മാത്രം കഴിഞ്ഞ ഒരു മണിക്കൂറിനിടെ 75 മി.മീറ്ററിന് മുകളില്‍ മഴ പെയുതവെന്നാണ് പറയുന്നത്. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ വെളളം കയറി. കൈത്തോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. മുണ്ടക്കയം ക്രോസ് വേയില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേഖലയില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here