കുമ്പളയിലെ സിപിഎം ബന്ധം; ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടി

0
409

കാസർകോട്: കുമ്പള പഞ്ചായത്ത് ഭരണസമിതിയിൽ സിപിഎം സഹായത്തോടെയാണ് 2 ബിജെപി അംഗങ്ങൾ സ്ഥിരം അധ്യക്ഷ പദവി നേടിയത് എന്ന ആരോപണവുമായി ജില്ലാ കമ്മിറ്റി അംഗം രാജിവച്ച സംഭവത്തിൽ ബിജെപി സംസ്ഥാന നേതൃത്വം വിശദീകരണം തേടി. ഇന്നലെ ചേർന്ന ബിജെപി കുമ്പള പഞ്ചായത്ത്, മഞ്ചേശ്വരം നിയോജക മണ്ഡലം കോർ കമ്മിറ്റികളുടെ നേതൃയോഗത്തിലാണു വിശദീകരണം ആവശ്യപ്പെട്ടത്.23 അംഗ ഭരണസമിതിയിൽ ബിജെപി അംഗങ്ങൾ വികസനം, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പദവിയും സിപിഎം അംഗം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പദവിയും നേടിയത് എതിരില്ലാതെയാണെന്നു ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് കെ.സുധാകര കാമത്ത് വിശദീകരിച്ചു. ആരോഗ്യ, വികസനം സ്ഥിരം സമിതിയിൽ സിപിഎം അംഗങ്ങളും ക്ഷേമകാര്യ സമിതിയിൽ ബിജെപി അംഗങ്ങളും ഇല്ല. ‌

മുസ്‍ലിം ലീഗ് അംഗം പ്രസിഡന്റും കോൺഗ്രസ് അംഗം വൈസ് പ്രസിഡന്റുമായ പഞ്ചായത്ത് ഭരണസമിതിയിൽ 2 അധ്യക്ഷ പദവിയും നേടുന്നത് ഇത് ആദ്യമാണെന്നും ഇതുവഴി പഞ്ചായത്തിലെ ജനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും കൂടുതൽ ആനുകൂല്യങ്ങളും വികസനവും എത്തിക്കാൻ കഴിയുന്നതു പാർട്ടിക്കു വൻ നേട്ടമാണെന്നും കെ.സുധാകര കാമത്ത് വ്യക്തമാക്കി. കുമ്പളയിലെ ബിജെപി രക്തസാക്ഷി കുടുംബങ്ങളിൽ വികാരം ഉയർത്തി മുതലെടുക്കുകയെന്ന ചില പാർട്ടി നേതാക്കളെ ഉന്നം വച്ചുളള നീക്കമാണു സിപിഎം പിന്തുണയോടെയാണ്  ബിജെപി അംഗങ്ങൾ സ്ഥിരം സമിതി അധ്യക്ഷ പദവി നേടിയത് എന്ന ആരോപണത്തിനു പിന്നിലെന്നു യോഗത്തിൽ അഭിപ്രായമുയർന്നു.

ഇതിന്റെ പേരിൽ സ്ഥിരം സമിതി അധ്യക്ഷ പദവി ഒഴിയേണ്ടി വന്നാൽ പഞ്ചായത്ത് അംഗത്വം തന്നെ രാജി വയ്ക്കുമെന്നു പഞ്ചായത്ത് അംഗങ്ങൾ മുന്നറിയിപ്പ് നൽകി. ബിജെപി പ്രവർത്തകരിൽ ഇതു സംബന്ധിച്ചു ഉണ്ടായ പ്രശ്നം 10 ദിവസത്തിനകം പരിഹരിക്കുമെന്നു പറഞ്ഞാണു  സംസ്ഥാന നേതാക്കൾ മടങ്ങിയത്. അതിനിടെ കുമ്പള പഞ്ചായത്ത് ബിജെപിയുമായി ബന്ധപ്പെട്ട പ്രശ്നം അന്വേഷിക്കാൻ എത്തിയ സംസ്ഥാന ഭാരവാഹികൾ രാജി വച്ച ജില്ലാ കമ്മിറ്റി അംഗത്തെ ബന്ധപ്പെടാൻ തയാറായില്ലെന്നും പരാതി ഉയർന്നു.

ബിജെപി സംസ്ഥാന സെക്രട്ടറി പി.രഘുനാഥ്, സംസ്ഥാന പ്രഭാരിയും മേഖല സെക്രട്ടറിയുമായ കെ.പി.സുരേഷ്, ഉത്തര മേഖല വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്,  ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, സെക്രട്ടറി വിജയ റൈ, സംസ്ഥാന സമിതി അംഗങ്ങളായ വി.ബാലകൃഷ്ണ ഷെട്ടി, പി.സുരേഷ് കുമാർ ഷെട്ടി, സംസ്ഥാന കൗൺസിൽ അംഗം സത്യ ശങ്കർ ഭട്ട്, ജില്ലാ കമ്മിറ്റി അംഗം രൂപവാണി ആർ ഭട്ട്, മണ്ഡലം പ്രസിഡന്റ് മണികണ്ഠ റായ്, ജനറൽ സെക്രട്ടറി മുരളീധര യാദവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here