എ ടി എം കാർഡ് ഉപയോഗത്തിൽ ഉൾപ്പടെ സുപ്രധാന മാറ്റങ്ങൾ ഇന്നുമുതൽ, സൂക്ഷിച്ചില്ലെങ്കിൽ പണി ഉറപ്പ്, കൂടുതൽ അറിയാം

0
324

തിരുവനന്തപുരം: ബാങ്ക് ഇടപാടിൽ ഉൾപ്പടെ സുപ്രധാനമായ ചില മാറ്റങ്ങൾ ഇന്നുമുതൽ ഉണ്ടാവുകയാണ്. മൂന്ന് ബാങ്കുകളുടെ ചെക്കുകൾ അസാധുവാകുന്നതും ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകളിൽനിന്ന് ഓട്ടോ ഡെബിറ്റ് ഇല്ലാതാകുന്നതുൾപ്പടെയാണ് ഈ മാറ്റങ്ങൾ. ഇവ ശ്രദ്ധിച്ച് അതിനനുസരിച്ച് മാറിയില്ലെങ്കിൽ പണി കിട്ടുമെന്ന് നൂറു ശതമാനം ഉറപ്പാണ്. പ്രധാനമാറ്റങ്ങൾ ഇവയാണ്

ഓട്ടോ ഡെബിറ്റ് ഇനിയില്ല

സ്ഥിരമായ കാലയളവിൽ ബിൽ അടയ്ക്കുന്നതിനും മറ്റും ക്രെഡിറ്റ്–ഡെബിറ്റ് കാർഡുകളിൽനിന്ന് ഓട്ടോമാറ്റിക് ആയി പണം പിൻവലിക്കപ്പെടുന്ന ഓട്ടോ–ഡെബിറ്റ് രീതി ഇന്നുമുതൽ ഇല്ലാതാവുകയാണ്. ബിൽ അടയ്ക്കുന്നതുൾപ്പടെയുള്ള ഓരോ മാസത്തെയും ഇടപാടിന് ഉടമയുടെ സമ്മതം ഉണ്ടെങ്കിലേ പറ്റൂ. തട്ടിപ്പ് തടയുന്നതിനാണ് പുതിയ രീതി നടപ്പാക്കുന്നത്.

ഈ ബാങ്കുകളുടെ ചെക്കുകൾ അസാധു

യുണൈറ്റഡ് ബാങ്ക് ഒഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഒഫ് കൊമേഴ്സ്, അലഹാബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും എം ഐ സി ആർ കോഡുകളും ഇന്നുമുതൽ അസാധുവാണ്. ഈ ബാങ്കുകൾ മറ്റു ബാങ്കുകളുമായി ലയിപ്പിച്ചതിനാലാണിത്. ഏത് ബാങ്ക് ശാഖയിലേക്കാണോ അക്കൗണ്ടുകൾ ലയിപ്പിച്ചത് അവിടെനിന്നുള്ള ചെക്ക് ബുക്കാണ് ഇനിമുതൽ ഉപയോഗിക്കേണ്ടത്.

തപാൽ ബാങ്കിൽ എ ടി എം ഫീസ്

തപാൽ ബാങ്ക് (ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്) എ ടി എം കാർഡുകളുടെ സേവനങ്ങൾക്ക് ഇന്നു മുതൽ ഫീസ് ഈടാക്കും. പണം പിൻവലിക്കൽ, സ്വൈപ്പിംഗ് യന്ത്രങ്ങൾ വഴിയുള്ള ഇടപാടുകൾ തുടങ്ങി എല്ലാ സേവനങ്ങൾക്കും ഇത് ബാധകമായിരിക്കും. ഇനിമുതൽ മാസത്തിൽ .അഞ്ചുതവണമാത്രമേ തപാൽ ബാങ്ക് എടിഎഎമ്മുകളിൽ നിന്ന് സൗജന്യമായി പണം പിൻവലിക്കാനാവൂ. തുടർന്നുള്ള ഒരോ ഇടപാടുകൾക്ക് പത്തുരൂപയും ജി എസ് ടിയും ഈടാക്കും.

മറ്റ് ബാങ്കുകളുടെ എ ടി എമ്മുകളിൽനിന്ന് മെട്രോ നഗരങ്ങളിൽ മാസത്തിൽ മൂന്നുതവണയും മറ്റു നഗരങ്ങളിൽ അഞ്ചുതവണയും സൗജന്യമായി പണം പിൻവലിക്കാം. തുടർന്നുള്ള ഇടപാടുകൾക്ക് 20 രൂപയും ജിഎസ് ടിയും ഈടാക്കും. ധനപരമല്ലാത്ത ഇടപാടുകൾക്കാണെങ്കിൽ 8 രൂപയും ജിഎസ് ടിയും നൽകേണ്ടി വരും.കാർഡുകളുടെ വാർഷിക മെയിന്റനൻസ് ചാർജ് 125 രൂപയും ജിഎസ് ടിയും ഇന്നുമുതൽ ഈടാക്കും. അക്കൗണ്ടിൽ പണമില്ലാത്തതുമൂലം പണം ലഭിക്കാതിരിക്കുന്നതടക്കമുള്ളവയ്ക്ക് പിഴയായി 20 രൂപയാണ് ‌ഈടാക്കുന്നത്.

ഭക്ഷ്യസുരക്ഷാ നമ്പർ ഇന്നുമുതൽ

ഭക്ഷ്യ വ്യാപാരികൾ നൽകുന്ന ബില്ലുകളിൽ ഭക്ഷ്യസുരക്ഷ, ഗുണനിലവാര അതോറിറ്റി നൽകുന്ന ഭക്ഷ്യസുരക്ഷാ നമ്പർ ഇന്നു മുതൽ നിർബന്ധമാണ്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ തുടങ്ങി എല്ലാ ഭക്ഷണശാലകളും ബേക്കറി, മിഠായി വിൽപന, പലചരക്ക് സ്ഥാപനങ്ങൾ തുടങ്ങി എല്ലാ റീട്ടെയ്ൽ സ്ഥാപനങ്ങളിലും ലൈസൻസ് നമ്പർ രേഖപ്പെടുത്തിയ ബോർഡ് നിർബന്ധമാക്കി. ഇത് ഉപഭോക്താക്കൾ കാണുന്ന രീതിയിൽ സ്ഥാപിക്കുകയും വേണം.

പരാതികൾ പറയാൻ കോൾസെന്റർ

റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികളും അഭിപ്രായങ്ങളും അറിയിക്കാനുള്ള കോൾ സെന്റർ ഇന്നു മുതൽ നിലവിൽ വരും. സമയം പകൽ 10 മുതൽ 5 വരെ.നമ്പർ 180042 552 55.

LEAVE A REPLY

Please enter your comment!
Please enter your name here