ഉരുള്‍പൊട്ടലിനിടയില്‍ തലനാരിഴയ്ക്ക് രക്ഷപെട്ടു റൈഡര്‍മാര്‍; വൈറലായി വീഡിയോ

0
474

മൂന്നുദിവസമായി ദുരന്തവാര്‍ത്തകള്‍ കേട്ട് കേരളം വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ഉരുള്‍പൊട്ടല്‍മേഖലയില്‍ നിന്നു അദ്ഭുതകരമായി രക്ഷപെട്ട ഒരു കൂട്ടം ബൈക്ക് റൈഡര്‍മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കൂട്ടിക്കലിലും കോക്കയാറിലും ഉരുപൊട്ടലുണ്ടായ 16-ാം തീയതി ഇടുക്കിയിലേക്ക് യാത്ര തിരിച്ച ഒരുകൂട്ടം റൈഡര്‍മാരാണ് എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അദ്ഭുതകരമായി തിരിച്ചെത്തിയത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുടെ ‘സഞ്ചാരി’ എന്ന യൂട്യൂബ് ചാനലാണ് ഇവരുടെ സാഹസിക യാത്രയുടെയും രക്ഷപെടലിന്റെയും കഥ വീഡിയോയിലൂടെ പുറത്തുകൊണ്ടുവന്നത്. നിമിഷ നേരം കൊണ്ട് വീഡിയോ വൈറലാകുകയും ചെയതു.

അന്നേ ദിവസം തെളിഞ്ഞ കാലാവസ്ഥയായതിനാലാണ് ഒരു മാസമായി പദ്ധതിയിട്ട യാത്രയ്ക്കു തയാറായതെന്നും എന്നാല്‍ പിന്നീട് മഴ പ്രതീക്ഷിക്കാതെ ശക്തമാകുകയും മണ്ണിടിച്ചില്‍ ഉണ്ടാകുകയുമായിരുന്നെന്നു വീഡിയോയ്ക്കു താഴെ റൈഡര്‍മാര്‍ കുറിച്ചിട്ടുണ്ട്. തങ്ങളുടെ മനസാന്നിദ്ധ്യം കൊണ്ടും പരിചയസമ്പത്തുകൊണ്ടുമാണ് ആപത്തുകൂടാതെ തിരിച്ചെത്താനായതെന്നും ഈ സമയത്ത് എല്ലാവരും സുരക്ഷ ഉറപ്പാക്കി മാത്രമേ യാത്ര ചെയ്യാവൂയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മണ്ണിടിച്ചില്‍ പ്രദേശത്ത് എത്തിയപ്പോള്‍ മഴ ശക്തമാകുന്നതും പലയിടത്തും മരങ്ങള്‍ കടപുഴകി വീഴുന്നതും കല്ലും മണ്ണും റോഡിലേക്ക് ഇരച്ചെത്തി സുരക്ഷിത സ്ഥാനത്ത് എത്താനുള്ള ഇവരുടെ ശ്രമങ്ങള്‍ക്കു പ്രതിബന്ധം തീര്‍ക്കുന്നതും വീഡിയോയില്‍ കാണാം.

എന്നാല്‍ കൂട്ടായ പരിശ്രമത്തോടെ പരസ്പരം സഹായിച്ചും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കിയും പലതവണ റോഡിലെ പ്രതിബന്ധങ്ങള്‍ ഒരേമനസോടെ ഒന്നിച്ചു പരിശ്രമിച്ചു നീക്കിയും ഒടുവില്‍ ഇവര്‍ സുരക്ഷിത സ്ഥാനത്ത് എത്തുകയായിരുന്നു. കുത്തിയൊലിച്ച് എത്തിയ മലവെള്ളത്തിലും പാറക്കൂട്ടങ്ങളിലും പലതവണ ഇവര്‍ പെട്ടുപോയെങ്കിലും ഏവരും ഒത്തൊരുമിച്ചു പരിശ്രമിച്ചതോടെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനായി എന്നും വീഡിയോയില്‍ മനസിലാകും.

LEAVE A REPLY

Please enter your comment!
Please enter your name here