സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക്; ഇടുക്കി ഡാം തുറക്കുന്നത് അഞ്ചാം തവണ

0
247

തൊടുപുഴ: മഴ ശക്തമായതിനെ തുടര്‍ന്ന് മൂന്നു വര്‍ഷത്തിന് ശേഷം ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നിരിക്കുകയാണ്. ചെറുതോണി അണക്കെട്ടിലെ മൂന്നാമത്തെ ഷട്ടറാണ് തുറന്നത്.

അഞ്ച് മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളംമാണ് പുറത്തേക്കൊഴുകുക.

2018ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടര്‍ പതിനൊന്ന് മണിക്കാണ് തുറന്നത്. അഞ്ചാം തവണയാണ് ഡാം തുറക്കുന്നത്. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും.

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ഇടുക്കി ജില്ലാ കലക്ടര്‍ ഷീബ ജോര്‍ജ് , വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്സിക്യൂട്ടീവ് ആര്‍.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഷട്ടര്‍ തുറന്നത്. 35 സെ.മീ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ഇടുക്കി അണക്കെട്ടില്‍ നിന്നും പെരിയാറിലേക്കൊഴുക്കുന്ന ജലം 4 മുതല്‍ 6 മണിക്കൂറിനുള്ളില്‍ കാലടി, ആലുവ ഭാഗത്തെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. അധിക ജലപ്രവാഹം മൂലം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നേക്കും. ഈ ജലനിരപ്പ് ബാധിച്ചേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.

ഇലക്ട്രിക് മോട്ടറിലാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ കറങ്ങുന്ന മോട്ടറിനൊപ്പം ഗിയര്‍ സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങും. ചക്രങ്ങളില്‍ കറങ്ങുന്ന ഗിയറില്‍ ഘടിപ്പിച്ച ഉരുക്കു വടങ്ങള്‍ ഷട്ടര്‍ ഗേറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. 2018ല്‍ 50 സെന്റിമീറ്റര്‍ ഷട്ടര്‍ ഉയര്‍ത്തുന്നതിനു രണ്ടു മിനിറ്റ് മാത്രമാണ് വേണ്ടിവന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here