സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു

0
324

മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലപ്പുറം കരിപ്പൂര്‍ മുണ്ടോട്ടുപാടത്ത് വീട് തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ മരിച്ചു. ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടന്‍തന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലയില്‍ രാത്രി മുഴുവന്‍ അതിശക്തമായ മഴ തുടരുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടര്‍ന്ന് വീട് തകര്‍ന്നുവെന്നാണ് വിവരം. നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രണ്ട് കുട്ടികളുടെയും ജീവന്‍ രക്ഷിക്കാനായില്ല.

അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചില്‍: കെഎസ്ആര്‍ടിസി ബസ്സടക്കം കുടുങ്ങി

Attappadi

പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മണ്ണിടിഞ്ഞത്. ഗതഗാത തടസം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മണ്ണാര്‍ക്കാടുനിന്ന് ഫയര്‍ഫോഴ്‌സ് എത്തി മരങ്ങള്‍ മുറിച്ചുനീക്കി. എന്നാല്‍ പാറക്കല്ലുകള്‍ നീക്കാന്‍ കഴിഞ്ഞിട്ടില്ല. പാലാ – ആനകട്ടി കെ.എസ്.ആര്‍.ടി.സി ബസ്സടക്കം നിരവധി വാഹനങ്ങള്‍ ചുരത്തില്‍ കുടുങ്ങി.

attappadi

ചാലക്കുടി പുഴയില്‍ ജലനിരപ്പ് കുത്തനെ ഉയരുന്നു

പറമ്പിക്കുളം, അപ്പര്‍ ഷോളയാര്‍ ഡാമുകളില്‍ നിന്നും വെള്ളം തുറന്ന് വിട്ടതിനാല്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് കുത്തനെ ഉയരുകയാണ്. രാവിലെ 6.30 ഓടെ ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്. രാത്രി മുതല്‍ അതിരപ്പിള്ളി ഷോളയാര്‍ വനമേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്. ഇതേത്തുടര്‍ന്നാണ് ചാലക്കുടി പുഴയിലേക്കുള്ള കുത്തൊഴുക്ക് വര്‍ധിച്ചത്. ഒറ്റരാത്രികൊണ്ട് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരു മീറ്ററിലധികം ഉയര്‍ന്നു. പരിയാരം അടക്കമുള്ള ചാലക്കുടി പുഴയുടെ തീരത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറി. അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞ് ഒഴുകുകയാണ്. ആനമല റോഡിലടക്കം വെള്ളം കയറി. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ അഗ്നിരക്ഷാസേന രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 15 വരെ ശക്തമായ മഴ 

ഒക്ടോബര്‍ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച്ച ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട്. തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുമാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിളും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയിലായിരിക്കും കാറ്റ് വീശുക. ആ ദിവസങ്ങളില്‍ പ്രസ്തുത പ്രദേശങ്ങളിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത നാല് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം

ഓറഞ്ച് അലെര്‍ട്ട്

12-10-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

13-10-2021: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം

14-10-2021: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം

15-10-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലെര്‍ട്ട്

12-10-2021: തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

13-10-2021: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

14-10-2021: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

15-10-2021: എറണാകുളം, ഇടുക്കി, കണ്ണൂര്‍

LEAVE A REPLY

Please enter your comment!
Please enter your name here