Wednesday, October 20, 2021

ഷഹീന്‍ ചുഴലിക്കാറ്റ്: കാറുകള്‍ ഒലിച്ചുപോയി, വീടുകള്‍ തകര്‍ന്നു, ഒമാനില്‍ വ്യാപക നഷ്ടം,11 മരണം (വീഡിയോ)

Must Read

മസ്‌കറ്റ്: ഷഹീന്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കനത്ത കാറ്റിലും മഴയിലും ഒമാനില്‍ മരണം 11 ആയി ഉയര്‍ന്നു. തിങ്കളാഴ്ച മാത്രമായി ഏഴുപേരാണ് മഴക്കെടുതിയില്‍ മരിച്ചത്. ഞായറാഴ്ച ഒരു കുട്ടി ഉള്‍പ്പെടെ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതായി ദേശീയ അടിയന്തരസമിതി അറിയിച്ചു.

വിവിധയിടങ്ങളില്‍ വന്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു. മഴ വരുംദിവസങ്ങളില്‍ തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് ദുര്‍ബലമായതായി നാഷണല്‍ സെന്റര്‍ ഓഫ് മെട്രോളജി (എന്‍.സി.എം) അറിയിച്ചു.

മണിക്കൂറില്‍ 120 മുതല്‍ 150 കിലോമീറ്റര്‍ വരെ വേഗത്തിലായിരുന്നു ഷഹീന്‍ തീരത്തെത്തിയത്. ഒട്ടേറെപ്പേരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. വാഹനത്തില്‍ കുടുങ്ങിക്കിടന്നവരെ സുരക്ഷാവിഭാഗം ഇടപെട്ട് രക്ഷപ്പെടുത്തി. അടച്ചിട്ടിരുന്ന പല റോഡുകളും ഇതുവരെ തുറന്നിട്ടില്ല. കാലാവസ്ഥ മെച്ചമാകുന്നതുവരെ യാത്രകള്‍ ഒഴിവാക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

ദുരിതമേഖലകളില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മുസന്ന, സുവൈക്ക്, ഖാബുറ, സഹം എന്നീ പട്ടണങ്ങളില്‍ താമസിക്കുന്നവരുടെ വസ്തുവകകള്‍ പൂര്‍ണമായും വെള്ളപ്പൊക്കത്തില്‍ നശിച്ചു. വീടുകള്‍ തകര്‍ന്നു, വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. ചിലത് ഒലിച്ചുപോയി. 143 ഇടങ്ങളില്‍ സര്‍ക്കാര്‍ താത്കാലിക ദുരിതാശ്വാസ ക്യാമ്പുകള്‍ ഒരുക്കിയിരുന്നു. 53 കേന്ദ്രങ്ങളിലായി 3019 പേര്‍ അഭയകേന്ദ്രങ്ങളിലുണ്ട്. താത്കാലികമായി നിര്‍ത്തിവെച്ചിരുന്ന വിമാനസര്‍വീസുകള്‍ ഉടന്‍ പുനരാരംഭിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 500 സെന്റിമീറ്റര്‍ വരെ മഴ ഷഹീനിന്റെ ഭാഗമായി ലഭിച്ചെന്നാണ് ഒമാന്‍ കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. ഇതാണ് മിന്നല്‍ പ്രളയത്തിന് കാരണമായത്.

യു.എ.ഇ.യില്‍ ഭീഷണിയൊഴിഞ്ഞു

ദുബായ്: യു.എ.ഇ.യില്‍ ഷഹീന്‍ ഭീഷണിയൊഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചില ഭാഗങ്ങളില്‍ മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടതൊഴിച്ചാല്‍ ചുഴലിക്കാറ്റിന്റെ ആഘാതം രാജ്യത്ത് കുറവായിരുന്നു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ. ഫെഡറല്‍ പ്രാദേശിക അധികാരികള്‍ അതീവ ജാഗ്രതയിലായിരുന്നു. ഹത്ത പാര്‍ക്കുകള്‍, വിനോദസൗകര്യങ്ങള്‍ എന്നിവ അടച്ചിടുകയും അല്‍ ഐനിലെ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ബീച്ചുകള്‍, താഴ്വരകള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഭീഷണി അവസാനിച്ചതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയിലാകുകയും മറ്റ് മേഖലകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തു. അടിയന്തര സംവിധാനങ്ങളൊരുക്കാന്‍ 20 ഫെഡറല്‍, 82 പ്രാദേശിക അധികാരികള്‍ ഒന്നിച്ചുചേര്‍ന്നെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. പരമാവധി ആളുകളിലേക്ക് എത്തിക്കാനായി 19 ഭാഷകളില്‍ ബോധവത്കരണ സന്ദേശങ്ങളും പ്രക്ഷേപണം ചെയ്തിരുന്നു.

പ്രത്യേക അഭയകേന്ദ്രങ്ങള്‍ ഒരുക്കാന്‍ അധികാരികള്‍ നിര്‍ദേശവും നല്‍കിയിരുന്നു. ഇതിനായി ഹോട്ടല്‍ മുറികള്‍ ഉള്‍പ്പെടെ സജ്ജമായിരുന്നുവെന്ന് ഷാര്‍ജ ഭവനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അഹമ്മദ് റാഷിദ് അല്‍ നഖ്ബി പറഞ്ഞു.

കല്‍ബയില്‍ കടല്‍വെള്ളം കരയിലേക്ക് കുതിക്കാതിരിക്കാന്‍ അധികൃതര്‍ സംവിധാനമൊരുക്കിയിരുന്നു.

ഖോര്‍ഫക്കാന്‍, കല്‍ബ, ദിബ്ബ അല്‍ ഹിസന്‍ എന്നിവിടങ്ങളില്‍ ഒന്നിലേറെ പട്രോളിങ് യൂണിറ്റുകളാണ് രൂപവത്കരിച്ചിരുന്നതെന്ന് ഷാര്‍ജ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സരി അല്‍ ഷംസി പറഞ്ഞു.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

മഴ പെയ്യുമെന്നു പറഞ്ഞാൽ വെയിൽ; തിരുത്തി പിന്നെയും തിരുത്തി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും തിരുത്തൽ. ഇന്ന് (ഒക്ടോബർ 20) കാസർകോട്, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ...

More Articles Like This