Wednesday, October 20, 2021

വിശന്നിട്ടും സദ്യ കഴിക്കാൻ 10 മിനിറ്റ് കൊടുത്തില്ല; എടുത്ത ഫോട്ടോകൾ ഡിലീറ്റ് ചെയ്ത് ഇറങ്ങിപ്പോയി ഫോട്ടോഗ്രാഫർ

Must Read

വിവാഹത്തിന് ഫോട്ടോ എടുക്കാൻ ഏൽപ്പിച്ച ഫോട്ടോഗ്രാഫർ ചടങ്ങെല്ലാം കഴിഞ്ഞ്, ചിത്രങ്ങൾ ഒക്കെയും കൃത്യമായി പകർത്തിയ ശേഷം, വരനുമായുള്ള വഴക്കിന്റെ പേരിൽ അതുവരെ എടുത്ത ചിത്രങ്ങൾ ഒക്കെയും അയാളുടെ കണ്മുന്നിൽ വെച്ചുതന്നെ ഡിലീറ്റ് ചെയ്ത് ഇറങ്ങിപ്പോവുക. ഇങ്ങനെ ഒരു സംഭവം മുമ്പ് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെ ഒന്നുണ്ടായി.  ലൊക്കേഷൻ കൃത്യമായി വെളിപ്പെട്ടിട്ടില്ല എങ്കിലും, ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് എന്ന വെളിപ്പെടുത്തലുമായി, @Icy-Reserve6995 എന്ന ഹാൻഡിലിൽ റെഡിറ്റ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് അങ്ങനെ ചെയ്ത ഒരു ഫോട്ടോഗ്രാഫർ തന്നെയാണ്. നടന്ന സംഭവങ്ങൾ വിശദീകരിച്ച ശേഷം അയാൾ സോഷ്യൽ മീഡിയയോട് ചോദിക്കുന്നത്, “നിങ്ങൾ പറയൂ ഗയ്‌സ്, ഞാൻ ചെയ്തതിൽ തെറ്റുണ്ടോ ? ” എന്നാണ്.

നടന്നത് ഇത്രയുമാണ്. ഈ പോസ്റ്റിട്ട  വ്യക്തി ആൾ ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ഒന്നുമല്ല. ഫോട്ടോഗ്രാഫി പാഷനായി കൊണ്ട് നടക്കുന്ന ഒരു നായപ്രേമിയാണ്. സ്വന്തമായി ഒരു കെന്നൽ ഉള്ള ഇയാൾ നായ്ക്കളുടെ ചിത്രങ്ങൾ എടുത്ത് ഫേസ്ബുക്കിലും ഇൻസ്റ്റയിലും പങ്കുവെക്കാറുണ്ടായിരുന്നു. ഈ ചിത്രങ്ങളുടെ പെർഫെക്ഷൻ കണ്ടിട്ടാണ് പണം ലഭിക്കാൻ വേണ്ടി ഇയാളുടെ  സുഹൃത്ത് വിവാഹത്തിന് ചിത്രങ്ങൾ എടുക്കാമോ എന്ന് ഇയാളോട് ചോദിക്കുന്നത്.  അങ്ങനെ ഒരു ആവശ്യം പറഞ്ഞപ്പോൾ തന്നെ ടിയാൻ, വിവാഹത്തിന്റെ ചിത്രങ്ങൾ എടുത്തൊന്നും പരിചയമില്ല, പെർഫെക്ഷൻ കിട്ടില്ല എന്ന് മറുപടി കൊടുക്കുന്നു. സാരമില്ല, 15000 രൂപ തരാം എന്ന് സ്നേഹിതൻ നിർബന്ധം പിടിച്ചതോടെ അയാൾ ആ പണി ഏറ്റെടുക്കുന്നു.

വിവാഹം നടക്കുന്ന ദിവസം രാവിലെ 11 മണി മുതൽ ഇയാൾ വധുവിന്റെ കൂടെ പല ചടങ്ങുകൾക്കുമായി മാറിമാറി ഓടി നടന്ന് പല പോസുകളിലുള്ള ഫോട്ടോകൾ എടുക്കുന്നു. അപ്പോഴൊന്നും അയാൾക്ക് കഴിക്കാൻ ഭക്ഷണം കിട്ടുന്നില്ല. വൈകുന്നേരം അഞ്ചുമണിയോടെ അവർ വെഡിങ് റിസപ്‌ഷൻ നടക്കുന്ന മണ്ഡപത്തിൽ എത്തുന്നു. വൈകുന്നേരം 5 മണിയോടെ ഫുഡ് കൗണ്ടർ തുറന്ന് നല്ല ചിക്കന്റെ മണം മൂക്കിൽ അടിച്ചു തുടങ്ങിയതോടെ അത്രയും നേരമായി വിശന്നിരുന്ന ഫോട്ടോഗ്രാഫറുടെ വിശപ്പ് ഇരട്ടിക്കുന്നു.

“ഈ അവസരത്തിൽ ഒരു സുഹൃത്തിൽ നിന്ന് നിങ്ങൾ ഒരിത്തിരി മനുഷ്യപ്പറ്റ് പ്രതീക്ഷിക്കില്ലേ?” ഫോട്ടോഗ്രാഫർ തന്റെ പോസ്റ്റിൽ ചോദിക്കുന്നു. അതിഥികളെ ഓരോരുത്തരെയായി  വരന്റെ ബന്ധുക്കൾ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു കൊണ്ടുപോവുന്നത് അയാൾ അക്ഷമനായി നോക്കി നിൽക്കുന്നു. ഇപ്പോൾ തന്നോടും കഴിച്ചു കൊള്ളാൻ പറയും എന്നുകരുതി ഏറെനേരം അക്ഷമനായി കാത്തിരുന്നിട്ടും ഫോട്ടോഗ്രാഫറെ മാത്രം ആരും ഭക്ഷണം കഴിക്കാൻ വിളിക്കുന്നില്ല. ഒടുവിൽ,  കുടിക്കാൻ കൊടുത്തിരുന്ന രണ്ടു കുപ്പി വെള്ളവും കുടിച്ചു തീർന്നതോടെ ഫോട്ടോഗ്രാഫർക്ക് ക്ഷമ കെട്ടു. “പുല്ല്, ഫോട്ടോ പിടിക്കാം എന്ന് ഏൽക്കേണ്ടിയില്ലായിരുന്നു. വിളിച്ച കല്യാണം കൊണ്ടാണ് സുഹൃത്ത് എന്ന പേരിൽ ചുമ്മാ വന്നാൽ മതിയായിരുന്നു ” എന്ന് അയാൾക്ക് തോന്നിത്തുടങ്ങുന്നു.

വിശന്നു വിശന്ന് ഒടുവിൽ ഗതികേട്ടപ്പോൾ അയാൾ, തന്റെ സ്നേഹിതനായ വരന്റെ അരികിൽ ചെന്ന്, തനിക്ക് ഭക്ഷണം കഴിച്ചിട്ട് വരാൻ ഒരു 20 മിനിറ്റ് സമയം അനുവദിക്കണം എന്ന് പറയുന്നു. ഈ ആവശ്യം പക്ഷേ, വരൻ അംഗീകരിക്കുന്നില്ല. “നിന്നെ ഫോട്ടോഗ്രാഫർ ആയിട്ടാണ് വിളിച്ചിട്ടുള്ളത്. മുഴുവൻ സമയവും നിന്ന് ഫോട്ടോ എടുത്തേ പറ്റൂ. ചടങ്ങു കഴിയും വരെ ഭക്ഷണം കഴിക്കാനൊന്നും പോവാൻ പറ്റില്ല. ഒരൊറ്റ ഫോട്ടോ മിസ്സായാൽ അഞ്ചു പൈസ ഞാൻ തരില്ല” എന്നായി വരൻ.

ഈ മറുപടി കേട്ടതോടെയാണ് തന്റെ സകല നിയന്ത്രണവും വിട്ടുപോയത് എന്നും, “പൈസ തരില്ല എന്ന് നീ തീരുമാനിച്ചോ?” എന്ന് ചോദിച്ച്, “തരില്ല ” എന്ന മറുപടി കിട്ടിയപ്പോൾ, താൻ സ്നേഹിതന്റെ കണ്മുന്നിൽ വെച്ചുതന്നെ, അതുവരെ എടുത്ത വിവാഹത്തിന്റെ ചിത്രങ്ങൾ എല്ലാം ഡിലീറ്റ് ചെയ്ത് മണ്ഡപത്തിൽ നിന്ന് ഇറങ്ങിപ്പോരുകയാണ് ഉണ്ടായത് എന്നാണ് ഫോട്ടോഗ്രാഫർ തന്റെ കുറിപ്പിൽ എഴുതിയിരിക്കുന്നത്.

എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തി ഭക്ഷണം കഴിച്ച് കിടക്കയിൽ വന്നു കിടന്നപ്പോഴാണ് തനിക്ക് ദേഷ്യത്തിന്റെ പുറത്ത് പ്രവർത്തിച്ചതിൽ പശ്ചാത്താപം തോന്നിത്തുടങ്ങിയത് എന്നും ഫോട്ടോഗ്രാഫർ കുറിക്കുന്നു. അങ്ങനെ വല്ലാത്ത മനസ്താപം തോന്നിത്തുടങ്ങിയ സമയത്താണ് ഇയാൾ റെഡിറ്റിൽ ഇങ്ങനെ ഒരു കുറിപ്പിട്ടുകൊണ്ട്,”എന്റെ ഭാഗത്ത് തെറ്റുണ്ടോ ?” എന്നൊരു ചോദ്യം സോഷ്യൽ മീഡിയക്ക് മുന്നിലേക്കിടുന്നത്.


ഈ പോസ്റ്റിന്റെ കമന്റ്സ് സെക്ഷൻ ഇയാളെ പിന്തുണച്ചും തെറിപറഞ്ഞും കൊണ്ടുള്ള കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്തായാലും പോസ്റ്റ് വൈറലായതോടെ സംഗതി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

മഴ പെയ്യുമെന്നു പറഞ്ഞാൽ വെയിൽ; തിരുത്തി പിന്നെയും തിരുത്തി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പുകളിൽ വീണ്ടും തിരുത്തൽ. ഇന്ന് (ഒക്ടോബർ 20) കാസർകോട്, ആലപ്പുഴ ഒഴികെയുള്ള എല്ലാ ജില്ലകളിലും അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ...

More Articles Like This