ലഹരിക്കേസിൽ ആര്യൻഖാന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി

0
254

മുംബൈ: ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെ എൻസിബി അറസ്റ്റ് ചെയ്ത ആര്യൻഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആര്യൻ ഖാനൊപ്പം അറസ്റ്റിലായ അർബാസ് മാർച്ചൻ്റിനും മുൻ മുൻ ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ജാമ്യവ്യസ്ഥകളടക്കമുള്ള വിശദമായ ഇടക്കാല ഉത്തരവ് നാളെ പുറപ്പെടുവിക്കുമെന്നാണ് കോടതി അറിയിച്ചിട്ടുള്ളത്. 21 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ആര്യൻഖാൻ ജയിൽ മോചിതനാകുന്നത്.

ആര്യൻഖാന് വേണ്ടി മുതിർന്ന അഭിഭാഷകനായ മുകുൾ റോത്തഗി മുംബൈ ഹൈക്കോടതിയിൽ ഹാജരായിരുന്നു. ആര്യനിൽ ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം  പോലുമില്ലെന്നും റോത്തഗി വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു. ആര്യൻ്റെ സുഹൃത്തായ അർബാസിൽ നിന്ന് പിടിച്ചെടുത്ത ചരസിന്‍റെ അളവ് പോലും ജയിൽവാസത്തിന് മതിയാവുന്നതല്ലെന്നും  കേസിലെ പ്രധാന തെളിവായ വാട്സ് ആപ്പ് ചാറ്റ് 2018കാലത്തേതാണെന്നും റോത്തഗി കോടതിയിൽചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ കേസിലെ സാക്ഷിയുടെ വിവാദ വെളിപ്പെടുത്തലടക്കം ചൂണ്ടിക്കാട്ടി കേസ് അട്ടിമറിക്കാൻ ഷാരൂഖ്ഖാൻ ശ്രമിക്കുന്നതായി എൻസിബി ആരോപിച്ചു. ആര്യൻഖാൻ പുറത്തിറങ്ങിയാൽ ഇതുപോലെ തെളിവുകൾ ഇല്ലാതാക്കുമെന്നും ജാമ്യഹർജിയെ എതിർത്ത് എൻസിബി വാദിച്ചു.  എന്നാൽ ഈ വാദം തള്ളിയാണ് കോടതി ആര്യനും സുഹൃത്തുകൾക്കും ജാമ്യം അനുവദിച്ചത്.

23-കാരനായ ആര്യൻ ഖാൻ ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പലിൽ എൻസിബി നടത്തിയ റെയ്ഡിൽ കസ്റ്റഡിയിലായത്. മുംബൈ ആർതർ റോഡിലെ ജയിലിൽ റിമാൻഡിലായിരുന്ന ആര്യന് രണ്ട് തവണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ആര്യനിൽ നിന്നും മയക്കുമരുന്ന് കണ്ടെത്താൻ എൻസിബിക്കായിട്ടില്ല എന്ന് ജാമ്യാപേക്ഷയിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ആര്യന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത എൻസിബി ആര്യൻ മയക്കുമരുന്ന് ഇടപാടുണ്ടായിരുന്നുവെന്നും വാട്സാപ്പ് ചാറ്റുകൾ ഇതിന് തെളിവാണെന്നുമാണ് വാദിച്ചത്.

ബോളിവുഡ് സൂപ്പർതാരം ഷാറൂഖ് ഖാൻ്റേയും ഗൌരി ഖാൻ്റേയും മകനായ ആര്യൻ്റെ അറസ്റ്റ് ദേശീയ തലത്തിൽ തന്നെ ഈ ദിവസങ്ങളിൽ വലിയ വാർത്തയായിരുന്നു. ആര്യനെ അനുകൂലിച്ചും എതിർത്തും ജയിൽവാസം നീളുന്നതിൽ വിമർശനമുയർത്തിയും പലതരം ചർച്ചകൾ ഈ ദിവസങ്ങളിലുണ്ടായി. കഴിഞ്ഞ ആഴ്ച ആര്യനെ ആർതർ റോഡ് ജയിലിലെത്തി ഷാറൂഖ് ഖാൻ നേരിൽ കണ്ടിരുന്നു. പിന്നാലെ ഷാറൂഖിൻ്റെ വസതിയായ മുംബൈയിലേക്ക് എൻസിബി ഉദ്യോഗസ്ഥർ എത്തുകയും ചെയ്തതും വലിയ വാർത്തയായി. വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിൻ്റെ ആര്യൻഖാൻ്റെ സുഹൃത്തും നടിയുമായ അനന്യ പാണ്ഡയെ എൻസിബി ചോദ്യം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here