രണ്ട് കിടിലന്‍ കാറുകള്‍ കൂടി സ്വന്തമാക്കി ദുബായി പൊലീസ്

0
248

ലോകമെമ്പാടുമുള്ള വാഹന പ്രേമികളില്‍ കൌതുകം ഉണര്‍ത്തുന്നതാണ് ദുബായ്‌ പൊലീസിന്‍റെ വാഹന നിര. ലോകത്തിലെ ഏറ്റവും വലിയ സൂപ്പർകാർ നിരയുള്ള പൊലീസ് സേനയാണ് ദുബായി പൊലീസ്.  ബുഗാട്ടി, ലംബോര്‍ഗിനി, ഫെറാരി, മസേരാറ്റി, ആസ്റ്റൺ മാർട്ടിൻ വൺ-77  തുടങ്ങിയ നിരവധി ആഡംബര വാഹനങ്ങളാണ് ദുബായി പൊലീസിനെ സമ്പന്നമാക്കുന്നത്. അടുത്തിടെ ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡിയുടെ എ6 പ്രീമിയം സെഡാന്‍റെ 100 യൂണിറ്റുകള്‍ ദുബായ് പൊലീസ് സ്വന്തമാക്കിയിരുന്നു.

ഇപ്പോഴിതാ  ദുബായ് പോലീസ് ഗാരേജിലേക്ക് രണ്ട് സൂപ്പര്‍ കാറുകള്‍ കൂടി എത്തിയിരിക്കുകയാണ്. ആല്‍ഫ റോമിയോ സ്റ്റെല്‍വിയോ ക്വാഡ്രിഫോഗ്യോ, ആല്‍ഫ റോമിയോ ജൂലിയ ക്വാഡ്രിഫോഗ്യോ എന്നീ കാറുകളാണ് ദുബായി പോലീസ് പട്രോളിങ് നിരയിലേക്ക് പുതുതായി എത്തിയിരിക്കുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ മാസം വിപണിയിലിറങ്ങാന്‍ പോകുന്ന 2022 മോഡലുകളാണ് പോലീസ് നിരയിലെത്തിയിരിക്കുന്നത്. മൂന്നര ലക്ഷം ദിര്‍ഹത്തോളമാണ് ഈ വാഹനങ്ങളുടെ 2021 മോഡലുകളുടെ വില. ഇറ്റാലിയന്‍ രൂപസൗന്ദര്യവും കരുത്തും വേഗവും സമന്വയിക്കുന്ന വാഹനങ്ങള്‍ക്ക് സെക്കന്‍ഡുകള്‍ മതി 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍.

അടുത്തിടെ ജയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ വാഹനപ്രേമികളുടെ മനസിൽ ഇടം പിടിച്ച ആസ്റ്റൺ മാർട്ടിൻ വാന്റേജും പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറും ദുബായ് പൊലീസിൽ ചേർന്നിരുന്നു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ സബ് ബ്രാൻഡായ ജെനസിസിന്‍റെ GV80 എസ്‍യുവി ദുബായി പൊലീസിന്‍റെ ഭാഗമായതും ഈ വര്‍ഷം തന്നെയാണ്.

ബുഗാട്ടി വെയ്‌റോണ്‍, ലംബോര്‍ഗിനി അവന്റഡോര്‍, പോര്‍ഷെ 918 സ്‌പൈഡര്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍-77, ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, മക്‌ലാരന്‍ MP4-12C, ഫെരാരി FF, ഔഡി ആര്‍8, ഫോര്‍ഡ് മസ്‍താംഗ്, ബിഎംഡബ്ല്യു ഐ8, മെഴ്‌സിഡസ് ബെന്‍സ് SLS AMG തുടങ്ങി അത്യാധുനിക സൂപ്പര്‍ കാറുകളുടെ വന്‍ ശേഖരമാണ് ദുബായ്‌ പോലീസിനുള്ളത്. കൂടാതെ വിലകൂടിയ ബൈക്കുകളും, ഹെലികോപ്റ്ററുകളും, ബോട്ടുകളും ദുബായ് പൊലീസ് ശ്രേണിയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here