മുല്ലപെരിയാര്‍ വിഷയത്തിലെ പ്രതികരണം: പൃഥ്വിരാജിതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം; കോലം കത്തിച്ചു

0
255

ചെന്നൈ: മുല്ലപെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച നടന്‍ പൃഥ്വിരാജ് സുകുമാരനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം. മുല്ലപെരിയാര്‍ ഡാം പൊളിച്ചുപണിയണമെന്ന നടന്‍ പൃഥ്വിരാജിന്റെ പ്രസ്താവനയ്‌ക്കെതിരെ തേനി ജില്ലാ കലക്ട്രേറ്റിന് മുന്നില്‍ അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

പൃഥ്വിരാജ് ഉള്‍പ്പടെയുള്ള മലയാള ചലച്ചിത്ര താരങ്ങളെ തമിഴ് സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് തമിഴക വാഴ്‌വുരിമൈ കക്ഷി നേതാവും എം.എല്‍.എയുമായ വേല്‍മുരുകന്‍ പറഞ്ഞു. തമിഴ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ നിലപാട് എടുക്കണമെന്നും വേല്‍മുരുകന്‍ ആവശ്യപ്പെട്ടു.

സുപ്രീം കോടതി വിധിയെ വെല്ലുവിളിച്ച് തെറ്റിദ്ധാരണജനകമായ പ്രസ്താവനയാണ് പൃഥ്വിരാജ് നടത്തിയതെന്നും താരത്തിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കലക്ടര്‍ക്കും എസ്.പിക്കും പരാതി നല്‍കിയെന്നും അഖിലേന്ത്യാ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ്. ആര്‍. ചക്രവര്‍ത്തി വ്യക്തമാക്കി.

120 വര്‍ഷത്തോളം പഴക്കമുളള ഒരു ഡാം പ്രവര്‍ത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ലെന്നായിരുന്നും കഴിഞ്ഞ ദിവസം പൃഥ്വിരാജ് പറഞ്ഞത്.

രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങള്‍ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായെന്നും നമുക്ക് സിസ്റ്റത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാര്‍ഥിക്കാമന്നും പൃഥ്വിരാജ് പറഞ്ഞു.

അതേസമയം, മുല്ലപെരിയാര്‍ വിഷയത്തില്‍ സിനിമ മേഖലയില്‍ നിന്നും നിരവധിപേര്‍ പ്രതികരണവുമായി എത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെ നിരവധിപേരാണ് വിഷയത്തില്‍ പ്രതികരണം അറിയിച്ചുകൊണ്ടിരിക്കുന്നത്.

ഡാം പൊട്ടി മരിക്കാന്‍ സാധ്യതയുള്ള എല്ലാവരും ഒരു മരണമൊഴി ഇപ്പോഴേ എഴുതി കോടതിയില്‍ സമര്‍പ്പിക്കണം എന്നായിരുന്നു വിഷയത്തില്‍ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here